Asianet News MalayalamAsianet News Malayalam

ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് നാലുലക്ഷത്തിന്‍റെ സൈക്കിള്‍ നല്‍കി അമേരിക്കന്‍ പ്രസിഡന്‍റ്!

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ഒരു വേറിട്ട സമ്മാനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍

Joe Biden Gifts Boris Johnson A Custom Made Cycle
Author
UK, First Published Jun 14, 2021, 12:27 PM IST

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ഒരു വേറിട്ട സമ്മാനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. ഒരു അടിപൊളി സൈക്കിളാണ് ആ സമ്മാനം. ഈ സൈക്കളിന്‍റെ വില കേട്ടാല്‍ ആരുമൊന്ന് അമ്പരക്കും.  6000 യു എസ് ഡോളറാണ് ഈ സൈക്കിളിന്റെ വില. അതായത് ഏകദേശം 4.39 ലക്ഷം ഇന്ത്യന്‍ രൂപയളോം വരുമിത്. അതായത് ഒരു ഇടത്തരം ഹാച്ച് ബാക്ക് കാറിന്‍റെ വില! 

ഇത്രയും വില കൊടുക്കാന്‍ ഈ സൈക്കിളിന് എന്താണിത്ര പ്രത്യേകതയെന്ന് ചിലര്‍ ചിന്തിക്കുന്നുണ്ടാകും. പൂര്‍ണമായും കൈകള്‍ ഉപയോഗിച്ച് നിര്‍മിച്ച കസ്റ്റം മെയ്‍ഡ് സൈക്കിളാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.  നീലയും ചുവപ്പും നിറത്തിലുള്ള അലങ്കാരങ്ങള്‍ക്കൊപ്പം ക്രോസ്-ബാറില്‍ രണ്ട് ലോക നേതാക്കളുടെ ഒപ്പുകളും നല്‍കിയാണ് സൈക്കിള്‍ ഒരുക്കിയിട്ടുള്ളതെന്ന് ഫിലാഡൽഫിയ ഇൻക്വയറിനെ ഉദ്ദരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.  ജി-7 ഉച്ചകോടിയുടെ ഭാഗമായിട്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഈ പ്രത്യേക സമ്മാനം. 

ബ്രിട്ടണ്‍- അമേരിക്ക സൗഹൃദം കൂടുതല്‍ ഊഷ്‍മളമാക്കുന്നതിനാണ് ജോ ബൈഡന്‍റെ നീക്കം.  അമേരിക്കയും ബ്രിട്ടണും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നും, തനിക്ക് ആതിഥേയത്വം അരുളിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് വളരെ നന്ദിയുണ്ടെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു.

അതേസമയം അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ബ്രിട്ടീഷ് പ്രധാനമന്ത്രി തിരിച്ചും ഉപഹാരം നല്‍കി. ഒരു ചിത്രമായിരുന്നു അതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 19-ാം നൂറ്റാണ്ടിലെ അടിമത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ച ഒരു പോരാളിയുടെ ചിത്രമാണ് ജോ ബൈഡന് ബ്രിട്ടീഷ് പ്രധാനമന്ത്രി സമ്മാനിച്ചത്. ഫ്രെഡറിക് ഡെഗ്ലസ് എന്നയാളുടെ ഫ്രെയിം ചെയ്‍ത ചിത്രമാണ് ബൈഡന് സമ്മാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ലോകത്തിന്റെ തന്നെ ഭാവിയും സമ്പന്നതയും ബ്രിട്ടണ്‍-അമേരിക്ക ബന്ധത്തെ അടിസ്ഥാനപ്പെടുത്തി ആയിരിക്കുമെന്നും ഈ പങ്കാളിത്തം ഏറ്റവും മഹത്തരമായി തുടരുമെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ഏഴ് രാജ്യങ്ങളുടെ കൂട്ടായ്‍മയായ ജി-7 ഉച്ചകോടി ബ്രിട്ടണിലാണ് നടക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios