Asianet News Malayalam

ഓക്‌സിജന്‍ ലോറിക്ക് ഡ്രൈവറില്ല; വളയം പിടിച്ച് ജോ.ആര്‍ടിഒ, കയ്യടിച്ച് ജനം!

അടിയന്തിര സാഹചര്യത്തില്‍ ലോറി ഡ്രൈവറുടെ വേഷമിട്ട് ജോയിന്‍റ് ആര്‍ടിഒ

Joint RTO Takes Driver Role Of Oxygen Lorry MVD Facebook Post
Author
Mavelikara, First Published May 14, 2021, 8:57 AM IST
  • Facebook
  • Twitter
  • Whatsapp

കൊവിഡ് വ്യാപന ഭീഷണിയിലാണ് സംസ്ഥാനം. രോഗികൾക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താനുള്ള നിരന്തര പരിശ്രമത്തിലാണ് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം.  ഈ സഹചര്യത്തില്‍ ഓക്‌സിജന്‍ എത്തിക്കുന്നതിന് മുന്നിട്ടിറങ്ങിയ മോട്ടോര്‍വാഹന വകുപ്പിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാണ്. 

മാവേലിക്കരയിലെ ജോയിന്‍റ് ആര്‍ടിഒ ആയ എം ജി മനോജാണ് ഓക്സിജന്‍ ലോറിയുടെ വളയംപിടിച്ച് ജനങ്ങളുടെ കയ്യടി നേടുന്നത്. അടിയന്തിര സാഹചര്യത്തില്‍ ലോറി ഡ്രൈവറുടെ വേഷമിട്ട ഉദ്യോഗസ്ഥന്‍റെ കഥ മോട്ടോര്‍വാഹന വകുപ്പിന്‍റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് പുറംലോകം അറിഞ്ഞത്. 

ചെങ്ങന്നൂരിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ അടിയന്തിരമായി ഓക്‌സിജന്‍ സിലണ്ടര്‍ ആവശ്യമാണെന്ന് അറിയിപ്പ് ലഭിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഓക്‌സിജന്‍ സിലിണ്ടറുമായി പോകുന്ന ലോറിയുടെ ഡ്രൈവര്‍ക്ക് ആ സമയം എത്താനുള്ള സാഹചര്യം ഇല്ലായിരുന്നു. ഇതോടെയാണ് ലോറി ഡ്രൈവറുടെ സീറ്റിലേക്ക് ജോയിന്‍റ് ആര്‍ടിഒ കയറുന്നതെന്ന് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. 

ആദ്യം വാഹനവുമായി മാവേലിക്കരയിലെ ട്രാവന്‍കൂര്‍ ഫാക്ടറിയിലെത്തി ജോ. ആര്‍ടിഒ. തുടര്‍ന്ന് അവിടെ നിന്നും സിലിണ്ടറുകളും കയറ്റി പരമാവധി വേഗത്തില്‍ ചെങ്ങന്നൂരില്‍ എത്തിച്ചു. തുടര്‍ന്ന്  അദ്ദേഹവും പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സിലിണ്ടറുകള്‍ വാഹനത്തില്‍ നിന്ന് ഇറക്കി നല്‍കുകയും ചെയ്‍തു. ജോയിന്‍റ് ആര്‍ടിഒ വാഹനം ഓടിക്കുന്നതിന്‍റെ വീഡിയോയും ഫേസ് ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്‍റുകളുമായി എത്തുന്നത്. 

മോട്ടര്‍ വാഹന വകുപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അടിയന്തിരമായി ജീവവായു എത്തിച്ച് മാവേലിക്കര ജെ.ആര്‍.ടി.ഒയും ഉദ്യോഗസ്ഥനും

ചെങ്ങന്നൂര്‍ കോവിഡ് എഫ്.എല്‍.ടി.സിയിലേക്ക് അടിയന്തിരമായി ഓക്‌സിജന്‍ സിലിണ്ടര്‍ ആവശ്യമാവുകയും, ടിപ്പര്‍ ഡ്രൈവര്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ടിപ്പറിന്റെ സാരഥ്യം മാവേലിക്കര ജോയിന്റ് ആര്‍.ടി.ഒ. മനോജ് എം.ജി ഏറ്റെടുക്കുയും, ടിപ്പര്‍ മാവേലിക്കര കുന്നം ട്രാവന്‍കൂര്‍ ഫാക്ടറിയില്‍നിന്നും ജീവവായു സിലിണ്ടറുകള്‍ വളരെ പെട്ടന്ന് തന്നെ ചെങ്ങന്നൂരില്‍ എത്തിക്കുകയും ചെയ്തു.

കോവിഡ് മാലിന്യ നിര്‍മ്മാര്‍ജ്ജന ചുമതല ഉണ്ടായിരുന്ന രണ്ടു പേരോടൊപ്പം മനോജ് എം.ജി, പൈലറ്റ് വാഹനം ഓടിച്ചെത്തിയ എ.എം.വി.ഐ. ശ്യാം കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ലോഡ് ഇറക്കിയത്. മാവേലിക്കര സബ് ആര്‍.ടി. ഓഫീസിലെ എം.വി.ഐമാരായ എസ്.സുബി, സി.ബി. അജിത്ത് കുമാര്‍, എ.എം.വി.ഐമാരായ ശ്യാം കുമാര്‍, പി. ജയറാം, പി. ഗുരുദാസ് എന്നിവര്‍ ഓക്‌സിജന്‍ വിതരണത്തിനായി സദാ ജാഗരൂകരായി ഇരിക്കുന്നു.

ജില്ലാ പ്രവര്‍ത്തനങ്ങള്‍ ആലപ്പുഴ ആര്‍.ടി.ഒമാരായ ജി.എസ്. സജി പ്രസാദ്, പി.ആര്‍. സുമേഷ് എന്നിവര്‍ നിയന്ത്രിക്കുന്നു. അടിയന്തിരമായി ഇടപെട്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച മനോജ് എം.ജി, ശ്യാം കുമാര്‍, ഒപ്പം മാവേലിക്കര RT ഓഫീസിലെ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios