ഇൻപുട്ട് ചെലവിലെ വർദ്ധനവും വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും കാരണം എംജി മോട്ടോർ ഇന്ത്യ ജൂലൈ 1 മുതൽ തങ്ങളുടെ കാറുകളുടെ വില വർദ്ധിപ്പിക്കും. ശരാശരി 1.5% വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.
ചൈനീസ് - ബ്രിട്ടീഷ് വാഹന ബ്രാൻഡായ എംജി മോട്ടോർ ഇന്ത്യ 2025 ജൂലൈ ഒന്നുമുതൽ തങ്ങളുടെ കാറുകളുടെ വില വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. അതായത്, അടുത്ത ആഴ്ച മുതൽ കമ്പനി എല്ലാ പ്രധാന കാറുകളും വിലയേറിയതാക്കാൻ പോകുന്നു. കോമറ്റ് ഇവി, വിൻഡ്‌സർ ഇവി, ഇസഡ്എസ് ഇവി, ആസ്റ്റർ, ഹെക്ടർ, ഗ്ലോസ്റ്റർ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്ന നിരയിലുടനീളം വാഹന നിർമ്മാതാക്കൾ വില വർദ്ധിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.
വാഹന മോഡലുകളുടെ വിലകൾ ശരാശരി 1.5% വർദ്ധിക്കും എന്നാണ് കമ്പനി പറയുന്നത്. എല്ലാ മോഡലുകളെയും അവയുടെ വകഭേദങ്ങളെയും ആശ്രയിച്ച് ഈ വർദ്ധനവ് വ്യത്യാസപ്പെടാം. ഉദാഹരണത്തിന്, ഒരു എംജി കാറിന്റെ വില 15 ലക്ഷം രൂപയാണെങ്കിൽ, അത് 22,000 രൂപ വരെ വർദ്ധിച്ചേക്കാം.
വില വർദ്ധിക്കുന്നതിന് പിന്നിൽ രണ്ട് പ്രധാന കാരണങ്ങൾ എംജി മോട്ടോർ പറയുന്നു. ആദ്യത്തെ കാരണം ഇൻപുട്ട് ചെലവിലെ വർദ്ധനവാണ്. മെറ്റീരിയലുകളുടെയും പാർട്‍സുകളുടെയും ഉൽപാദനത്തിന്റെയും വില വർദ്ധിച്ചു. വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട വെല്ലുവിളികളാണ് രണ്ടാമത്തെ കാരണം. ആഗോള വിപണിയിലെ വിതരണ ശൃംഖലയെ ബാധിച്ചതായും ഇത് ഉൽപാദനച്ചെലവ് വർദ്ധിപ്പിച്ചതായും കമ്പനി പറയുന്നു.
ഏതൊക്കെ മോഡലുകൾക്കാണ് വില വർദ്ധിക്കുന്നത് എന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എങ്കിലും മിക്ക എംജി മോഡലുകൾക്കും ഈ വിലകൾ ബാധകമാകുമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എംജി ആസ്റ്റർ, ഹെക്ടർ, ഹെക്ടർ പ്ലസ്, ഇസഡ്എസ് ഇവി, ഗ്ലോസ്റ്റർ തുടങ്ങിയ ജനപ്രിയ മോഡലുകൾ ഇതിൽ ഉൾപ്പെട്ടേക്കാം.
നിങ്ങൾ ഒരു എംജി കാർ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ജൂലൈ ഒന്നിന് മുമ്പ് ബുക്ക് ചെയ്യുന്നത് ബുദ്ധിപരമായ തീരുമാനമായിരിക്കും. ഇതോടെ, വർദ്ധിച്ച വില ഒഴിവാക്കാനും നിലവിലുള്ള ഓഫറുകൾ പ്രയോജനപ്പെടുത്താനും നിങ്ങൾക്ക് കഴിയും. അതുകൊണ്ട് നിങ്ങൾ ഒരു എംജി കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, വില വർദ്ധിക്കുന്നതിന് മുമ്പ് തന്നെ അത് ബുക്ക് ചെയ്യുക.
കമ്പനിയിൽ നിന്നുള്ള മറ്റ് വാർത്തകൾ പരിശോധിച്ചാൽ അടുത്ത മാസം M9 ലിമോസിൻ പുറത്തിറക്കുന്നതിലൂടെ ആഡംബര വാഹന വിഭാഗത്തിലേക്കും എം ജി മോട്ടോർ ഇന്ത്യ ഉടൻ പ്രവേശിക്കും. ഇതിനു പിന്നാലെ ഈ വർഷം അവസാനം സൈബർസ്റ്റർ ഇലക്ട്രിക് കൺവെർട്ടിബിൾ സ്‌പോർട്‌സ് കാറും എംജി പുറത്തിറക്കും. രണ്ട് പ്രീമിയം ഓഫറുകളും പുതിയ എംജി സെലക്ട് ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴി വിൽക്കും. 2025 ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ, ഗ്ലോസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ള കൂടുതൽ പ്രീമിയം പതിപ്പായ മജസ്റ്ററും ബ്രാൻഡ് പ്രദർശിപ്പിച്ചിരുന്നു.
