തിരുവനന്തപുരം: കടുത്ത നെ​ഞ്ചു​വേ​ദ​നയുടെ രൂപത്തില്‍ മരണം വന്നു വിളിച്ചപ്പോഴും തന്നെ വിശ്വസിച്ച നാല്‍പ്പതോളം യാ​ത്ര​ക്കാ​രെ ജീവിതത്തിലേക്കിറക്കാന്‍ അയാള്‍ മറന്നില്ല. അവരെ സുരക്ഷിതമായി ഒരിടത്ത് ഇറക്കിവിട്ട ശേഷം അയാള്‍ വണ്ടിയോടിച്ചു പോയത് മരണത്തിലേക്കായിരുന്നു. അല്‍പ്പം താമസിച്ചിരുന്നെങ്കില്‍ റോഡിലെവിടെയെങ്കിലും ഒടുങ്ങുമായിരുന്ന ആ ജീവിതങ്ങള്‍ക്ക് ജയരാജ് എന്ന ആ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ ഇനി നൊമ്പരത്തോടെ അല്ലാതെ ഓര്‍ക്കാനാവില്ല.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. മിതൃമ്മല പരപ്പിൽ നിന്നും പുലർച്ചെ  സ്റ്റേ ഡ്യൂട്ടി കഴിഞ്ഞ് ബസുമായി നെടുമങ്ങാട്ടേക്ക് വരികയായിരുന്നു മൂഴി കൊല്ലാ കുളപ്പള്ളി കിഴക്കുംകര വീട്ടിൽ കെ ജയരാജ് (55) എന്ന ഡ്രൈവര്‍. പുലർച്ചെ 5.30 ന് മൂഴി കൊല്ലായ്ക്ക് സമീപം എത്തിയപ്പോള്‍ ജയരാജിന് തളർച്ചയും നെഞ്ചുവേദനയും അനുഭവപ്പെട്ടു. പക്ഷേ മനസാന്നിധ്യം കൈവിടാതെ ജയരാജ് ബസ് ഉ​ട​ൻ തന്നെ​ റോ​ഡി​​​ൻറെ ഓ​രം ചേ​ർ​ത്തു ഒതുക്കി നിർത്തി. 

പിന്നാലെ കുഴഞ്ഞു വീണ ജയരാജിനെയും കൊണ്ട് ബസിലെ യാത്രക്കാരനും മറ്റൊരു കെഎസ്ആർടിസി ഡ്രൈവറും കൂടിയായ  ടി ജി ജയകുമാർ ജില്ലാ ആശുപത്രിയിലേക്ക് പാഞ്ഞു. പക്ഷേ അപ്പോഴേക്കും ജയരാജ് മരണത്തിനു കീഴടങ്ങിയിരുന്നു. പരേതയായ രാധാമണിയാണ് ജയരാജിന്‍റെ ഭാര്യ. രണ്ടുമക്കളുമുണ്ട്. 

തിരുവനന്തപുരത്ത് നിന്നും മൈസൂരുവിലേക്ക് സർവീസ് നടത്തുകയായിരുന്ന മറ്റൊരു കെഎസ്ആർടിസി ബസിലെ ഡ്രൈവർ യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബസ് പാടത്തേക്ക് ഓടിച്ചിറക്കി യാത്രികരെ രക്ഷിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ സംഭവമെന്നതും ശ്രദ്ധേയമാണ്.