കൊച്ചി: സുരേഷ് കല്ലട ബസില്‍ യാത്രികരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ ഗൂഢനീക്കമെന്ന് റിപ്പോര്‍ട്ട്. പ്രതികളുടെ തിരിച്ചറിയില്‍ പരേഡ് മുടക്കി കേസ് ദുര്‍ബലമാക്കാനാണ് നീക്കമെന്നാണ് സൂചന. തിരിച്ചറിയല്‍ പരേഡ് നടക്കുന്നതിന് തൊട്ടു മുമ്പ് പ്രതികള്‍ ജാമ്യത്തിലിറങ്ങിയിരുന്നു. ഇതാണ് അട്ടിമറി നീക്കത്തിലേക്ക് വിരല്‍ചൂണ്ടുന്നത്. തിരിച്ചറിയിൽ പരേഡ് നടക്കാനുള്ള വിവരം പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചില്ലെന്നാണ് ആരോപണം. 

ഏപ്രിൽ 21-ന്‌ സുരേഷ് കല്ലട ഗ്രൂപ്പിന്റെ തിരുവനന്തപുരം - ബംഗളൂരു ബസിലാണ് യാത്രക്കാരെ ജീവനക്കാരും ഗുണ്ടകളും ക്രൂരമായി ആക്രമിച്ചത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നതോടെയാണ് ഞെട്ടിക്കുന്ന ക്രൂരത പുറംലോകം അറിയുന്നത്. തുടര്‍ന്ന് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ഈ പ്രതികള്‍ക്ക് വെള്ളിയാഴ്ച സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. തിങ്കളാഴ്ച തെളിവെടുപ്പ്  നടക്കാനിരിക്കെയായിരുന്നു ജാമ്യം. തുടര്‍ന്ന്  പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടക്കാനുണ്ടെന്നു മനസിലാക്കിയ മജിസ്‌ട്രേറ്റ്‌ അതിനുശേഷം മാത്രം ജാമ്യം അനുവദിച്ചാൽ മതിയെന്നു രേഖാമൂലം നിർദേശിച്ചു. പക്ഷേ അപ്പോഴേക്കും കേസിലെ മൂന്നാംപ്രതി തൃശ്ശൂർ സ്വദേശി എം ജെ ജിതിൻ ജാമ്യത്തുക കെട്ടിവച്ച് ജയിലിനു പുറത്തെത്തിയിരുന്നു. 

തിരിച്ചറിയല്‍ പരേഡ് നടക്കാനുണ്ടെന്ന വിവരം പ്രോസിക്യൂഷന്‍ കോടതിയില്‍ മറച്ചുവെച്ചതാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ കാരണമെന്നാണ് ആരോപണം. കോടതിയെ കാര്യങ്ങള്‍ അറിയിക്കാതിരിക്കാൻ ചിലർ ബോധപൂർവം ശ്രമിച്ചതായാണ് സൂചന. 

എന്നാല്‍ പ്രോസിക്യൂട്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ടിരുന്നതായാണ് പോലീസ് പറയുന്നത്. ജാമ്യം നേടിയ പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പോലീസ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.