കൊടുവള്ളി നഗരസഭയിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിത്വം നിഷേധിച്ചതോടെ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച കാരാട്ട് ഫൈസൽ മിനി കൂപ്പര്‍ കാറിലേറി ഘോഷയാത്ര നടത്തിയത് ചര്‍ച്ചയാകുന്നു. കോടിയേരി ബാലകൃഷ്‍ണൻ ഉൾപ്പെട്ട മിനി കൂപ്പർ യാത്രാവിവാദം ഈ തിരഞ്ഞെടുപ്പ് കാലത്തും സജീവചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് പുത്തന്‍ മിനി കൂപ്പറില്‍ ഫൈസലിന്‍റെ റോഡ് ഷോ എന്നതാണ് ശ്രദ്ധേയം. വാഹനത്തില്‍ റോഡ് ഷോ നടത്തുന്ന ഫൈസലിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

കൊടുവള്ളിയിലെ  ചുണ്ടപ്പുറം വാർഡിൽ നിന്നാണ് കാരാട്ട് ഫൈസൽ സ്വതന്ത്രനായി മത്സരിച്ചത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആദ്യം എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഫൈസലിന്‍റെ സ്ഥാനാർത്ഥിത്വം പിന്നീട് സംസ്ഥാനനേതൃത്വം ഇടപെട്ട് പിൻവലിപ്പിച്ചതാണ്. 

ഫൈസലിന് പകരം ഐഎൻഎൽ നേതാവും കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡണ്ടുമായ ഒപി റഷീദാണ് പതിനഞ്ചാം ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ചത്. എന്നാല്‍ റഷീദിന് ഒരുവോട്ടുപോലും ലഭിച്ചില്ല എന്നതാണ് കൌതുകം. എൽഡിഎഫിന് സ്ഥാനാർത്ഥിയുണ്ടെങ്കിലും സ്ഥലത്തെ എൽഡിഎഫ് പ്രവർത്തകരുടെ പിന്തുണ കാരാട്ട് ഫൈസലിന് തന്നെയാണെന്നും, ഇടത് സ്ഥാനാർത്ഥി ഡമ്മി മാത്രമാണെന്നുമുള്ള ആരോപണം യുഡിഎഫ് അടക്കം ഉയർത്തിയിരുന്നു. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഒരുവോട്ട് പോലും കിട്ടാതെ പോയ സംഭവം പരിശോധിക്കുമെന്ന് സിപിഎം  വ്യക്തമാക്കിയിരുന്നു. 

മുന്‍പും വിവാദ നായകനായിരുന്നു കാരാട്ട് ഫൈസല്‍. നികുതി വെട്ടിച്ച് മിനി കൂപ്പർ കാർ കേരളത്തിൽ ഓടിക്കുന്നുവെന്ന പരാതി ഇതിന് മുന്‍പ് ഫൈസലിനെതിരെ  ഉയര്‍ന്നിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ ഒരു ജാഥയില്‍ ഈ കാര്‍ ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. 

മിനി കൂപ്പര്‍ പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത് വഴി കാരാട്ട് ഫൈസല്‍ പത്ത് ലക്ഷത്തോളം രൂപ നികുതി വെട്ടിപ്പ് നടത്തിയതായി ആരോപണം ഉണ്ടായിരുന്നു. അന്യസംസ്ഥാനത്ത് നിന്നുള്ള വാഹനം ഇവിടെ ഓടിക്കണമെങ്കില്‍  ഒരുവര്‍ഷത്തിനുള്ളില്‍ രജിസ്ട്രേഷന്‍ മാറ്റണമെന്നും നികുതി അടയ്ക്കണമന്നും നിയമുണ്ടായിരിക്കെ കാരാട്ട് ഫൈസലിന്‍റെ മിനികൂപ്പര്‍ ഇത് പാലിച്ചിരുന്നില്ല. പിഴ അടയ്ക്കാന്‍ ഫൈസല്‍ തയ്യാറാവാത്തതിനാല്‍ മോട്ടോര്‍വാഹന വകുപ്പ് റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചിരുന്നു.

2017 ഒക്ടോബര്‍ അവസാനവാരമായിരുന്നു സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ കാര്‍ യാത്ര വിവാദമാകുന്നത്.  എല്‍ഡിഎഫ് ജനജാഗ്രതായാത്രക്കിടയിലായിരുന്നു പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള ഒരു മിനി കൂപ്പര്‍ ആഡംബര കാറില്‍ കോടിയേരിയുടെ വിവാദ യാത്ര. ഫൈസലിന്‍റേതായിരുന്നു ഈ വാഹനം എന്നും ആരോപണം ഉയര്‍ന്നു. എന്തായലും  ഇതോടെ പോണ്ടിച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്‍ത് കേരളത്തിലോടിച്ച് നികുതി വെട്ടിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവ ചര്‍ച്ചയുമായി. അമലാ പോളും ഫഹദ് ഫാസിലും സുരേഷ് ഗോപിയും ഉള്‍പ്പെടെയുള്ള താരങ്ങളുടെയും മറ്റ് പല സമ്പന്നരുടെയുമൊക്കെ പോണ്ടിച്ചേരി വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തും വന്നു. 

20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ആഡംബര കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിയമപ്രകാരം 20 ശതമാനത്തോളം നികുതി അടക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഏത് കാറിനും 55,000 രൂപയാണ് പോണ്ടിച്ചേരിയില്‍ ഫ്ളാറ്റ് ടാക്സ്. മിക്ക ആംഢംബര കാറുകളും രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 14-15 ലക്ഷം രൂപ വരെ നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍  പുതുച്ചേരിയില്‍ ഏകദേശം ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതിയാകും. 

പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യാനായി കേരളത്തില്‍ താല്‍ക്കാലികമായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു ആദ്യ നടപടി. വാഹനത്തിന് താത്കാലിക പെര്‍മിറ്റ് എടുക്കുമ്പോള്‍ത്തന്നെ സ്ഥിരം രജിസ്ട്രേഷനുള്ള വിലാസം നല്‍കണം. കേരളത്തില്‍നിന്ന് താത്കാലിക രജിസ്ട്രേഷന്‍ എടുക്കുമ്പോള്‍ പോണ്ടിച്ചേരിയിലെ വ്യാജവിലാസം നല്‍കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് വണ്ടി പോണ്ടിച്ചേരിയിലെത്തിച്ച് രജിസ്റ്റര്‍ ചെയ്‍തായിരുന്നു തട്ടിപ്പ്. എന്തായാലും ഈ വിവാദങ്ങളോടെ ഇത്തരം നികുതി വെട്ടിപ്പിന് ഒരുപരിധിവരെ അറുതിവന്നിരുന്നു.