Asianet News MalayalamAsianet News Malayalam

Farmer Mahindra : "വസ്‍ത്രം കണ്ട് ആളെ അളക്കരുത്.." കര്‍ഷകന്‍റെ പ്രതികാരത്തില്‍ തലകുനിച്ച് വണ്ടിക്കമ്പനി!

പത്ത് രൂപ പോലും തികച്ചെടുക്കാന്‍ ഇല്ലാത്തവനാണ് പത്ത് ലക്ഷത്തിന്റെ വണ്ടി വാങ്ങാന്‍ വന്നത് എന്നായിരുന്നു മഹീന്ദ്ര ഷോറൂമിലെ സെയില്‍സ്‍മാന്റെ പരിഹാസം

Karnataka Farmer Humiliated by Mahindra Showroom Salesman
Author
Tumkur, First Published Jan 25, 2022, 8:53 AM IST

രിച്ചിരിക്കുന്ന വസ്ത്രം കണ്ട് ഒരാളെയും വിലയിരുത്തരുത് എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന സംഭവങ്ങളായിരുന്നു കഴിഞ്ഞ ദിവസം കര്‍ണാടകയിലെ തുംകൂറില്‍ നടന്നത്. തന്‍റെ പ്രിയപ്പെട്ട വാഹനം വാങ്ങാനായി പ്രമുഖ വാഹന നിര്‍മ്മാതാക്കളുടെ ഷോറൂമില്‍ എത്തിയ ഒരു കര്‍ഷകനെ ഷോറൂമിലെ സെയില്‍സ്‍മാന്‍ അപമാനിക്കുകയും പിന്നീട് നടന്ന നാടകീയ സംഭവങ്ങളുമാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സോഷ്യല്‍ മീഡിയയിലും വൈറലാകുന്നത്. 

തുംകുരുവിലെ മഹീന്ദ്ര ഷോറൂമിലേക്ക് ബൊലേറോയുടെ പിക്ക് അപ് വാന്‍ വാങ്ങാന്‍ എത്തിയ യുവകര്‍ഷകനായ കെംപഗൗഡയ്ക്ക് ഉണ്ടായ അനുഭവമാണ് ഇന്ത്യാ ടുഡേ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  പൂക്കള്‍ കൃഷിചെയ്യുന്ന കെംപഗൗഡ കൂട്ടുകാരുടെ കൂടെയാണ് കൃഷി ആവശ്യത്തിനായി പ്രിയപ്പെട്ട പിക്കപ്പ് എസ്‌യുവി വാങ്ങാന്‍ മഹീന്ദ്രയുടെ ഷോറൂമില്‍ എത്തിയത്. എന്നാല്‍ സാധാരണക്കാരായ അവരുടെ വേഷവും പെരുമാറ്റവും കണ്ടിട്ട്, കൗതുകം തീര്‍ക്കാന്‍ എത്തിയവരാണ് എന്ന ധാരണയിലാണ് ഷോറൂമിലെ ജീവനക്കാരന്‍ പെരുമാറിയത്. 

10 ലക്ഷത്തിന്റെ വാഹനത്തെ കുറിച്ച് കെംപഗൗഡ ചോദിച്ചപ്പോഴായിരുന്നു അപമാനിക്കുന്ന വാക്കുകള്‍ ജീവനക്കാരന്‍റെ ഭാഗത്ത് നിന്നുണ്ടായത്. പത്ത് രൂപ പോലും തികച്ചെടുക്കാന്‍ ഇല്ലാത്തവനാണ് പത്ത് ലക്ഷത്തിന്റെ വണ്ടി വാങ്ങാന്‍ വന്നത് എന്നായിരുന്നു സെയില്‍സ്‍മാന്റെ പരിഹാസം. ഇതോടെ ദേഷ്യം വന്ന കെംപഗൌഡ പണം തന്നാൽ ഇന്നുതന്നെ കാർ കിട്ടുമോ എന്ന് തിരിച്ചുചോദിച്ചു. 10 ലക്ഷം രൂപ ഒരുമിച്ച് കൊണ്ടുവരൂ എന്നാൽ കാർ ഇന്ന് തന്നെ തരാമെന്ന് ജീവനക്കാരനും പറഞ്ഞു. അരമണിക്കൂറിനകം വരാമെന്ന് പറഞ്ഞ് യുവാവ് ഇറങ്ങിപ്പോയപ്പോള്‍ അയാള്‍ വെറുംവാക്ക് പറഞ്ഞതാണെന്നാണ് ഷോറൂം അധികൃതര്‍ കരുതിയത്. എന്നാല്‍ പറഞ്ഞ സമയത്തിനകം തന്നെ കെംപഗൗഡ പണവുമായി എത്തിയതോടെ അവര്‍ ഞെട്ടി. ഇപ്പോള്‍ത്തന്നെ വാഹനം ഡെലിവറി ചെയ്യണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെ ഷോറൂം അധികൃതര്‍ ശരിക്കും കുടുങ്ങി. 

ഉടന്‍ കാര്‍ കൊടുക്കാനുള്ള സാങ്കേതിക തടസങ്ങളും ശനിയും ഞായറും അവധി ദിവസങ്ങളായതിനാലുള്ള പ്രശ്‌നങ്ങളും കാരണം ഡീലര്‍ഷിപ്പുകാര്‍ ഊരാക്കുടുക്കിലായി.  ഇപ്പോള്‍ത്തന്നെ വാഹനം ഡെലിവറി ചെയ്യാന്‍ നിവര്‍ത്തയില്ലെന്നും നാല് ദിവസത്തിനകം ഡെലിവറി ചെയ്യാമെന്നും അവര്‍ അറിയിച്ചു. ഇതോടെ വാഹനം കിട്ടാതെ പോകില്ലെന്ന് ഉറപ്പിച്ച് യുവാവും സുഹൃത്തുക്കളും സമരം തുടങ്ങി. ഇതോടെ പ്രശ്‍നം സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

ഒടുവിൽ തിലക് പാർക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥര്‍ എത്തിയാണ് സമരം അവസാനിപ്പിച്ചത്. മോശം പെരുമാറ്റത്തിനും പരിഹസിച്ചതിനും കെംപെഗൗഡ തിലകനഗര പൊലീസിന് പരാതി നല്‍കി. തന്നെയും സുഹൃത്തുക്കളെയും അപമാനിച്ചതിന് രേഖാ മൂലം മാപ്പ് ചോദിക്കണമെന്നും യുവാവ് വ്യക്തമാക്കി. തുടര്‍ന്ന്  പിന്നീട് സെയില്‍സ്‍മാനും മറ്റ് ജീവനക്കാരും കെംപെഗൗഡയോട് ക്ഷമാപണം നടത്തുകയും ക്ഷമാപണം എഴുതി നല്‍കുകയും ചെയ്‍തതോടെയാണ് പ്രശ്നം ഒത്തുതീര്‍പ്പായതെന്നും ഇനി താൻ ഈ ഷോറൂമിൽ നിന്നും വാഹനം വാങ്ങില്ലെന്ന് വ്യക്തമാക്കിയാണ് കർഷകൻ മടങ്ങിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

എന്തായാലും സംഭവത്തിന്റെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയ്ക്കും പലരും വീഡിയോ ടാഗ് ചെയ്‍തിരുന്നു. വസ്ത്രം നോക്കി ആളുകളെ വിലയിരുത്തിയാൽ ഇങ്ങനിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയുടെ താക്കീത്. 

Follow Us:
Download App:
  • android
  • ios