ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഒലയുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത നടപടി മണിക്കൂറുകള്‍ക്കം പിന്‍വലിക്കാന്‍ തീരുമാനിച്ച് കർണാടക സർക്കാർ

ബംഗളൂരു: ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഒലയുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത നടപടി മണിക്കൂറുകള്‍ക്കം പിന്‍വലിക്കാന്‍ തീരുമാനിച്ച് കർണാടക സർക്കാർ. നിയമം ലംഘിച്ച് ബൈക്ക് ടാക്സി സര്‍വീസ് നടത്തിയതിന് കഴിഞ്ഞ ദിവസമാണ് സര്‍വീസ് നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗതവകുപ്പ് ഒലയ്ക്ക് നോട്ടീസ് നല്‍കിയത്. 

ബൈക്ക് ടാക്സി സര്‍വീസ് തുടങ്ങിയതിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ ആയിരക്കണക്കിനു പരാതികള്‍ വന്നതോടെ നടപടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഒലെ സാധാരണപോലെ സര്‍വീസ് നടത്തുമെന്നു സാമൂഹികക്ഷേമ വകുപ്പ് മന്ത്രി പ്രിയങ്ക് ഖാര്‍ഖെ ട്വിറ്ററില്‍ കുറിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തുന്ന ചര്‍ച്ചയ്ക്കുശേഷം ഇതുസംബന്ധിച്ച ഉത്തരവ് പറുപ്പെടുവിക്കുമെന്ന് ഗതാഗത മന്ത്രി ഡി സി തമ്മണ്ണയും വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ സംഭാവന ലക്ഷ്യമിട്ടാണ് സഖ്യസര്‍ക്കാര്‍ ഒലയെ സസ്പെന്‍ഡ് ചെയ്യുന്നതെന്ന് ബി.ജെ.പി. നേതാവ് സദാനന്ദഗൗഡയും ആരോപിച്ചിരുന്നു. ഇതും പുതിയ തീരുമാനത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍.