കൊവിഡ് 19നെതിനെ പ്രതിരോധിക്കാന്‍ അടച്ചുപൂട്ടി വീട്ടിലിരിക്കുകയാണ് രാജ്യം. എന്നാല്‍ ലോക്ക് ഡൌണ്‍ നിലനില്‍ക്കെ പേരക്കുട്ടിയുടെ ടോയ് കാറുമായി നടുറോഡില്‍ ഇറങ്ങി വിവാദത്തിലായിരിക്കുകയാണ് ഒരു എംഎല്‍എ. 

കര്‍ണാടക ഗുബ്ബയിലെ ജെഡിഎസ് എംഎല്‍എ എസ് ആര്‍ ശ്രീനിവാസാണ് ലോക്ക് ഡൌണ്‍ ചട്ടങ്ങള്‍ ലംഘിച്ച് പേരക്കുട്ടിയുമായി റോഡില്‍ കളിക്കാന്‍ ഇറങ്ങി പുലിവാലു പിടിച്ചത്. 

തുംകൂര്‍ ദേശീയപാതയില്‍ എസ്.പി ഓഫീസിന് മുന്നിലായിരുന്നു നിയമലംഘിച്ചുള്ള എംഎല്‍എയുടെ കാറോട്ടം. ആളുകള്‍ ഫോണിലും മറ്റും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയപ്പോള്‍ എം.എല്‍.എ റോഡില്‍ നിന്നും മാറുകയായിരുന്നു. 

രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1000ത്തിലേക്ക് കടക്കുകയാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച 19 പേരില്‍ മൂന്ന് പേരും കര്‍ണാടകയില്‍ നിന്നുമുള്ളവരാണ്. ഈ ഘട്ടത്തിലാണ് എംഎല്‍എയുടെ തന്നെ ഈ നിയമ ലംഘനം ഏറെ ഞെട്ടലുളവാക്കുന്നത്.  സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.