കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ബസിനെ പനി പരിശോധിക്കാനുള്ള ക്ലിനിക്കാക്കി മാറ്റി കര്‍ണാടക ആര്‍ടിസി. മൈസൂരുവിലാണ് കെഎസ്ആര്‍ടിസി ബസ് സഞ്ചരിക്കുന്ന പനിക്ലിനിക്കായി മാറിയത്. 

ഗ്രാമീണമേഖലയിലുള്ളവര്‍ക്ക് രോഗപരിശോധനാ സംവിധാനം എളുപ്പത്തില്‍ പ്രാപ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന ക്ലിനിക്കിന് രൂപം നല്‍കിയത്.  ഡോക്ടറും നഴ്‌സും പരിശോധനാ ഉപകരണങ്ങളും ഉള്‍പ്പെടെ സജ്ജീകരിച്ചിരിക്കുന്ന ഈ സഞ്ചരിക്കുന്ന പനി ക്ലിനിക്ക് ഗ്രാമങ്ങളിലൂടെ ഓടിത്തുടങ്ങി. നേരത്തെ ഇവിടെ ആരോഗ്യപ്രവര്‍ത്തകരെ അണുവിമുക്തമാക്കാന്‍ മറ്റൊരു കെഎസ്ആര്‍ടിസി ബസ് സഞ്ചരിക്കുന്ന സാനിറ്റൈസറാക്കി മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പദ്ധതിയും. 

നഗരസഭ ഗ്രാമീണ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലായി പത്ത് പനിക്ലിനിക്കുകള്‍ നേരത്തെ തുടങ്ങിയിട്ടുണ്ട്. പക്ഷേ ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് ഇവിടേക്ക് എത്താന്‍ പ്രയാസമാണ്. അതുകൊണ്ട് ക്ലിനിക്കുമായി ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കാനാണഅ നീക്കം. മൈസൂരുവിലെ ഒരു പഴയ കെ.എസ്.ആര്‍.ടി.സി.ബസാണ് ക്ലിനിക്കാക്കി മാറ്റിയത്. 

കൊവിഡ് രോഗബാധയുണ്ടായതിന്റെ സമീപ പ്രദേശങ്ങളില്‍ രോഗലക്ഷണമുള്ളവരെ പരിശോധിക്കുകയാണ് ലക്ഷ്യം. പനി, ജലദോഷം, ചുമ തുടങ്ങിയവയുള്ളവരെയാണ് പരിശോധിക്കുക. കോവിഡ് ലക്ഷണങ്ങള്‍ സംശയിക്കുന്നവരെ ആശുപത്രിയിലെത്തിച്ച് തുടര്‍പരിശോധനക്ക് വിധേയമാക്കും. ക്ലിനിക്കിന്റെ സഞ്ചാരം മൈസൂരു ഡെപ്യൂട്ടി കമ്മീഷണര്‍ അഭിരാം ജി.ശങ്കര്‍ ഫ്‌ളാഗോഫ് ചെയ്തു.