പിറന്നാൾ ദിനത്തിൽ അമ്മയ്ക്ക് മിനികൂപ്പർ സമ്മാനിച്ച് ബോളിവുഡ് താരം കാർത്തിക് ആര്യൻ. തന്റെ പുതിയ സിനിമയുടെ റീലിസിനു മുമ്പായി വന്ന അമ്മ മാല തിവാരിയുടെ ജന്മദിനത്തിൽ മിനി കൂപ്പർ കൺവെർട്ടബിളാണ് താരത്തിന്‍റെ സമ്മാനം. 39 ലക്ഷം രൂപ വിലമതിക്കുന്ന പച്ച നിറത്തിലുള്ള മിനി കൂപ്പറാണ് കാർത്തിക് ആര്യൻ അമ്മയ്ക്ക് സമ്മാനമായി നൽകിയത്. 

മിനി കാറുകളോടുള്ള തന്റെ ഇഷ്ടം കാർത്തിക് ആര്യൻ സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ മാല തിവാരി പറഞ്ഞിരുന്നത്രെ. എന്നെങ്കിലും അമ്മയ്ക്ക് ഈ കാർ വാങ്ങി നൽകും എന്ന് കാർത്തിക് വാഗ്ദാനവും നല്‍കിയിരുന്നു.  ഈ ഇഷ്ടം ഓർത്താണ് പച്ച നിറമുള്ള പുത്തൻ മിനി കൂപ്പർ കൺവെർട്ടിബിൾ സമ്മാനമായി നൽകിയത്. ഈ മിനി കൂപ്പറിൽ അമ്മയുമായി ഡ്രൈവിന് പോകുന്ന കാർത്തിക് ആര്യന്റെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

‘ലവ് ആജ് കൽ’ ആണ് കാര്‍ത്തിക് ആര്യന്റെ പുതിയ ചിത്രം. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാറാ അലി ഖാനാണ് നായിക. ഫെബ്രുവരി 14 ന് ചിത്രം തിയറ്ററുകളിലെത്തും.

ഐക്കണിക്ക് ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ മിനിയുടെ കുഞ്ഞൻ കാറാണ് കൂപ്പർ കൺവെർട്ടബിൾ. 2018-ലാണ് പരിഷ്ക്കരിച്ച മിനി കൂപ്പർ കൺവെർട്ടിബിൾ ഇന്ത്യയിലെത്തുന്നത്. മാട്രിക്‌സ് എൽഇഡി ഹൈ ബീം ഓപ്ഷണലായി തിരഞ്ഞെടുക്കാവുന്ന വൃത്താകൃതിയിലുള്ള എൽഇഡി ലൈറ്റുകൾ കാറിന്റെ മുൻപിലും പുറകിലും ഇടം പിടിച്ചിട്ടുണ്ട്. യൂണിയൻ ജാക്ക് (ബ്രിട്ടീഷ് പതാക) തീമിലുള്ള എൽഇഡി ടെയിൽലൈറ്റ് ബ്രാൻഡിന്റെ ബ്രിട്ടീഷ് പാരമ്പര്യം വിളിച്ചോതുന്നു. പിയാനോ-ബ്ലാക്ക് ഫിനിഷുള്ള സെന്റർ കൺസോൾ, പന്ത്രണ്ടോളം കളർ ചോയ്‌സുള്ള ആംബിയന്റ് ലൈറ്റിംഗ്, ഓപ്ഷണലായി 8.8-ഇഞ്ച് ടച്ച്സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, 12 സ്പീക്കർ ഉള്ള 360 വാട്ട് ഹർമൻ കാർഡൻ ഓഡിയോ സിസ്റ്റം എന്നിവ വാഹനത്തിന്‍റെ അകത്തളെത്തെ മനോഹരമാക്കുന്നു. 

2.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് മിനി കൂപ്പർ കൺവെർട്ടബിളിന്റെ ഹൃദയം. 189 ബിഎച്ച്പി പവറും 280 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എൻജിൻ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ മിനി കൂപ്പർ കൺവെർട്ടിബിളിന് 6.7 സെക്കന്റ് മതി. 235 കിലോമീറ്റർ ആണ് ടോപ് സ്പീഡ്. 38.9 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്‌സ്-ഷോറൂം വില.