മെറ്റാലിക് മാറ്റ് ഗ്രാഫെൻസ്റ്റീൽ ഗ്രേയ്‌ നിറമാണ് 2022 വൾക്കൻ എസ് എന്ന് കാവസാക്കി വിളിക്കുന്ന പുത്തൻ മോഡലിന്റെ ആകർഷണം. 

മിഡിൽ വെയ്റ്റ് ക്രൂയിസർ ബൈക്ക് മോഡലായ വൾക്കൻ എസിനെ ചെറിയ പരിഷ്‍കാരത്തോടെ പുതിയ നിറത്തിൽ വിപണിയിലെത്തിച്ച് ജാപ്പനീസ് ബൈക്ക് നിർമ്മാതാക്കളായ കാവസാക്കി. 6.10 ലക്ഷം ആണ് 2022 കാവസാക്കി വൾക്കൻ എസ്സിന്റെ എക്‌സ്-ഷോറൂം വില എന്ന് സിംഗ് വീല്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മെറ്റാലിക് മാറ്റ് ഗ്രാഫെൻസ്റ്റീൽ ഗ്രേയ്‌ നിറമാണ് 2022 വൾക്കൻ എസ് എന്ന് കാവസാക്കി വിളിക്കുന്ന പുത്തൻ മോഡലിന്റെ ആകർഷണം. പുത്തൻ നിറം അവതരിപ്പിച്ചതോടെ ഇതുവരെ ലഭ്യമായിരുന്ന മെറ്റാലിക് ഫ്ലാറ്റ് റോ ഗ്രേയ്‌സ്റ്റോൺ നിറം കാവസാക്കി പിൻവലിച്ചു എന്നാണ് റിപ്പോർട്ട്. സിൽവർ, ഗ്രേ നിറങ്ങളുടെ കോമ്പിനേഷനും ഒപ്പം കാവാസാക്കിയുടെ പ്രശസ്തമായ പച്ച നിറത്തിന്റെ ലൈനിങ്ങും ചേർന്നതാണ് പുതിയ നിറം.

649 സിസി എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ലിക്വിഡ്-കൂള്‍ഡ് പാരലല്‍ ട്വിന്‍-സിലിണ്ടര്‍ എഞ്ചിന്‍ 60 bhp കരുത്തും 62.4 Nm ടോർക്കും ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ആണ് ഗിയര്‍ബോക്‌സ്. ഹൈ-ടെന്‍സൈല്‍ സ്റ്റീല്‍ ഡയമണ്ട് ഫ്രെയമില്‍ ഒരുങ്ങിയ കവസാക്കി വള്‍ക്കന്‍ S -ന്റെ ഭാരം 235 കിലോഗ്രാമാണ്. ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു പുതിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ബൈക്കിനും ലഭിക്കും. മുന്നില്‍ 300 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 250 mm ഡിസ്‌ക് ബ്രേക്കുമാണ് സുരക്ഷയ്ക്കായി നല്‍കിയിരിക്കുന്നത്. 

താഴ്ന്നിറങ്ങിയ ആകാരത്തിലാണ് കവസാക്കി വള്‍ക്കന്‍ S -ന്റെ വരവ്. ഉയരത്തിന് അനുസരിച്ച് വള്‍ക്കന്‍ S -ന്റെ ഹാന്‍ഡിലും, ഫൂട്ട്‌പെഗുകളും സീറ്റും ക്രമീകരിക്കാന്‍ റൈഡര്‍മാര്‍ക്ക് സാധിക്കും. എര്‍ഗോ ഫിറ്റെന്നാണ് ഈ ഫീച്ചറിന് കവസാക്കി നല്‍കിയിരിക്കുന്ന പേര്. റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, ഹാര്‍ലി-ഡേവിഡ്‌സണ്‍ സ്ട്രീറ്റ് തുടങ്ങിയവരാണ് മുഖ്യ എതിരാളികള്‍.

2020 ഓഗസ്റ്റിലാണ് വള്‍ക്കന്‍ എസിന്റെ ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന പുത്തൻ പതിപ്പ് കമ്പനി വിപണിയില്‍ എത്തിച്ചത്. ബിഎസ്6 വൾക്കൻ എസിന് 30,000 രൂപ കൂട്ടിയായിരുന്നു അന്ന് വാഹനത്തെ വിപണിയിൽ എത്തിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona