ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വികസിപ്പിക്കാനൊരുങ്ങി ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കവസാക്കി. എന്‍ഡവര്‍ എന്നു പേര് നല്‍കിയ വൈദ്യുത വാഹനത്തിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തുവന്നു. കവസാക്കിയുടെ സാമൂഹ്യ മാധ്യമ പേജുകളില്‍ അഞ്ച് ഹ്രസ്വ വീഡിയോകളാണ് പങ്കുവെച്ചിരിക്കുന്നത്. കമ്പനിയുടെ ആദ്യ ഇലക്ട്രിക്ക് മോഡലാണിത്. 

ടീസറുകളില്‍ കാണുന്നതനുസരിച്ച് ഫുള്ളി ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളാണ് കവസാക്കി എന്‍ഡവര്‍. വളരെ ഉല്‍സാഹിയെന്ന് തോന്നിപ്പിക്കുന്ന അഗ്രസീവ് ഡിസൈന്‍ ലഭിച്ചു. ഇരട്ട എല്‍ഇഡി ഹെഡ്‌ലാംപ് സംവിധാനം, മസ്‌ക്യുലര്‍ ഇന്ധന ടാങ്ക്, സവിശേഷ റൈഡിംഗ് സ്റ്റാന്‍സ് എന്നിവ കാണാം. നിരവധി ഫീച്ചറുകളും ഇലക്ട്രോണിക്‌സ് പാക്കേജും തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു. ഇവയില്‍ പലതും കവസാക്കി സ്വന്തമായി പാറ്റന്റ് നേടിയവയാണ്. തംബ് ബ്രേക്ക് ആക്റ്റിവേറ്റഡ് എനര്‍ജി റിക്കവറി സിസ്റ്റമായിരിക്കും ഇതിലൊന്ന്.

കവസാക്കി തന്നെയാണ് ബാറ്ററി പാക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കവസാക്കി എന്‍ഡവര്‍ ആവേശകരമായ പ്രകടനമികവ് പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം. റൈഡിംഗ് റേഞ്ച് സംബന്ധിച്ച കണക്ക് ഇപ്പോള്‍ ലഭ്യമല്ല. ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ ഗിയര്‍ബോക്‌സ് ഉണ്ടായിരിക്കുമെന്നതാണ് ശ്രദ്ധേയമായ സംഗതി. മിക്ക വാഹന നിര്‍മാതാക്കളും തങ്ങളുടെ ഇലക്ട്രിക് ബൈക്കുകളില്‍ സിംഗിള്‍ സ്പീഡ് ട്രാന്‍സ്മിഷന്‍ സിസ്റ്റം നല്‍കുമ്പോള്‍ മാന്വല്‍ ട്രാന്‍സ്മിഷന്‍ നല്‍കാനാണ് ജാപ്പനീസ് ബൈക്ക് നിര്‍മാതാക്കളുടെ തീരുമാനം. ഒരുപക്ഷേ ക്വിക്ക് ഷിഫ്റ്റര്‍ കൂടി നല്‍കിയേക്കും.

കവസാക്കി എന്‍ഡവര്‍ എപ്പോള്‍ ഔദ്യോഗികമായി പ്രത്യക്ഷപ്പെടുമെന്ന് ഇപ്പോള്‍ വിവരമില്ല. പ്രോട്ടോടൈപ്പ് ഈ വര്‍ഷം അവസാനത്തോടെ പ്രതീക്ഷിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.