മോട്ടോർ സൈക്കിളുകളുടെ വാറന്‍റി കാലാവധി നീട്ടി നല്‍കി ജാപ്പനീസ് നിർമാതാക്കളായ കാവസാക്കി ഇന്ത്യ. രാജ്യവ്യാപക ലോക്ക് ഡൗൺ മുൻനിർത്തിയാണ് തീരുമാനം. കഴിഞ്ഞ മാർച്ച് ഒന്നിനും ഏപ്രിൽ 30നുമിടയ്ക്കു കാലാവധിയെത്തുന്ന വാറന്റിയുടെ സമയപരിധി ഈ ജൂൺ 30 വരെയാണു കാവസാക്കി ഇന്ത്യ നീട്ടി നൽകിയത്. ഡീലർഷിപ്പുകളും സർവീസ് സെന്ററുകളും പ്രവർത്തിക്കാത്തതു പരിഗണിച്ചാണ് ഈ തീരുമാനമെന്നും കമ്പനി വിശദീകരിച്ചു. 

കഴിഞ്ഞ മാർച്ച് 25 മുതലാണു രാജ്യത്ത് 21 ദിവസത്തെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഈ ലോക്ക് ഡൗൺ വീണ്ടും 19 ദിവസത്തേക്കു കൂടി ദീർഘിപ്പിച്ചു. ഇതോടെ ഇന്ത്യയിലെ വാഹന വ്യാപാര ശാലകളും സർവീസ് സെന്ററുകളുമൊന്നും മേയ് മൂന്നു വരെ പ്രവർത്തിക്കില്ല. 

റോയല്‍ എന്‍ഫീല്‍ഡ്, ഹീറോ മോട്ടോ കോർപ്, ബജാജ് ഓട്ടോ ലിമിറ്റഡ്, ടി വി എസ് മോട്ടോർ കമ്പനി, ഹോണ്ട, യമഹ, കെ ടി എം തുടങ്ങി രാജ്യത്തെ പ്രമുഖ ഇരുചക്രവാഹ നിർമാതാക്കളെല്ലാം വാറന്റി/സൗജന്യ സർവീസ് കാലാവധി നേരത്തെ ദീർഘിപ്പിച്ചിരുന്നു. മാരുതി സുസുക്കി ഉള്‍പ്പെടെ ഒട്ടുമിക്ക കാര്‍ നിര്‍മ്മാതാക്കളും വാറന്‍റിയും സര്‍വ്വീസ് കാലാവധികള്‍ നീട്ടി നല്‍കിയിട്ടുണ്ട്.