ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കവസാക്കി തങ്ങളുടെ റെട്രോ-സ്റ്റൈൽ മോട്ടോർസൈക്കിളായ മെഗുറോ K3 അവതരിപ്പിച്ചു. ജപ്പാനിലെ ആഭ്യന്തര വിപണിയിലാണ് വാഹനത്തിന്‍റെ അവതരണമെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ ഏറ്റവും പഴയ മോട്ടോർസൈക്കിൾ ബ്രാൻഡുകളിലൊന്നിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് കവസാക്കി മെഗുറോ K3 പുറത്തിറക്കിയത്. മെഗുറോ ജപ്പാനിൽ 1937-ലാണ് സ്ഥാപിതമായത്. തുടർന്ന് കുറച്ച് വർഷങ്ങൾക്ക് ശേഷം കവസാക്കി ഹെവി ഇൻഡസ്ട്രീസുമായി ഇവർ സഹകരിക്കുകയായിരുന്നു.

കവസാക്കി W800 മോഡലിൽ ലഭ്യമായ അതേ 773 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ് മോട്ടോർസൈക്കിളിനും ഹൃദയം. പവർ, ടോർഖ് ഔട്ട്‌പുട്ട് കണക്കുകളും W800-ന് സമാനമാണ്. അതായത് മെഗുറോ K3-യുടെ എയർ കൂൾഡ് യൂണിറ്റിന് 50.2 bhp കരുത്തിൽ 62.9 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ബ്രാൻഡിന്റെ W800 അടിസ്ഥാനമാക്കിയുള്ള സ്റ്റൈലിംഗാണ് പുതിയ മോഡലിലും. മനോഹരമായി രൂപകൽപ്പന ചെയ്ത മെഗുറോ ബാഡ്ജും സൂക്ഷ്മമായ വിഷ്വൽ ട്വീക്കുകളുമൊക്കെയാണ് മെഗുറോ K3-യുടെ പ്രധാന ആകർഷണങ്ങൾ. കവസാക്കി W800 ആണ് ഇതിന്‍റെ അടിസ്ഥാനരൂപം. കൂടുതൽ മികച്ചതാക്കാൻ ബൈക്കിന്റെ ടാങ്കിൽ വെളുത്ത പിൻ‌സ്‌ട്രൈപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 
ഹെഡ്‌ലൈറ്റിനും ടേൺ ഇൻഡിക്കേറ്ററുകൾക്കുമായി ഒരു വൃത്താകൃതി, ഇന്ധന ടാങ്കിനായി ഒരു ടിയർ ഡ്രോപ്പ് ഡിസൈൻ, വയർ-സ്‌പോക്ക് വീലുകൾ, എല്ലായിടത്തും ക്രോം ലോഡുകൾ എന്നിവ ഉപയോഗിച്ച് റെട്രോ-ലുക്കിന് അടിവരയിടുന്നു. 

മോട്ടോർസൈക്കിളിന്റെ സസ്പെൻഷൻ സജ്ജീകരണത്തിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ട്വിൻ-സൈഡഡ് സ്പ്രിംഗുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രേക്കിംഗിനായി രണ്ട് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ നൽകിയിട്ടുണ്ട്. നിലവില്‍ ജപ്പാനിൽ മാത്രമായി മെഗുറോ വിൽക്കാനാണ് കമ്പനിയുടെ പദ്ധതി എന്നാണ് റിപ്പോര്‍ട്ടുകള്‍.