2020 ഏപ്രിലിൽ പുതിയ ബിഎസ്6 മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വന്നതിന് മുന്നോടിയായി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കവസാക്കിയുടെ എൻട്രി ലെവൽ മോഡല്‍ നിഞ്ച 300 ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിച്ചിരുന്നു. ഇപ്പോഴിതാ പുതിയ എഞ്ചിനുമായി മോഡൽ തിരിച്ചെത്തുന്നതായിട്ടാണ് റിപ്പോര്‍ട്ട്. 2020-21 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തോടെ ബ്രാൻഡിന്റെ എൻട്രി ലെവൽ ഓഫർ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്ത വർഷം ആദ്യം മാർച്ച്-ഏപ്രിൽ മാസത്തോടെ പുതിയ ബിഎസ്-6 നിഞ്ച 300 വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. 296 സിസി ലിക്വിഡ്-കൂൾഡ്, 4-സ്ട്രോക്ക് പാരലൽ-ട്വിൻ യൂണിറ്റ് തന്നെയാകും ബൈക്കിന്റെ ഹൃദയം. ബി‌എസ്-6 രൂപത്തിൽ ഇത് 11000 rpm-ൽ 39 bhp കരുത്തും 10000 rpm-ൽ 27 Nm ടോര്‍ഖും ഉത്പാദിപ്പിക്കും. സ്ലിപ്പറും അസിസ്റ്റഡ് ക്ലച്ചും സ്റ്റാൻ‌ഡേർഡായി ജോടിയാക്കിയ ആറ് സ്പീഡ് ഗിയർ‌ബോക്സാണ് ട്രാന്‍സ്‍മിഷന്‍. 

കവസാക്കിയുടെ നിഞ്ച 300 നിർമിക്കുന്നത് ഒരു ട്യൂബുലാർ സ്റ്റീൽ ഫ്രെയിമിലാണ്. നിഞ്ച സീരീസിലെ മറ്റ് മോഡലുകളെ പോലെ ഇത് ഒരു സ്പോർട്ടി പുതിയ ജിമാസ്-ഫോർ‌വേർ‌ഡ്, മിനിമലിസ്റ്റ്-ടെയിൽ‌ ഡിസൈനാണ്‌ അവതരിപ്പിക്കുന്നത്. കവസാക്കി ഡ്യുവൽ എൽഇഡി ഹെഡ്‌ലൈറ്റുകളും കൗളും വിൻഡ്‌സ്ക്രീനും തമ്മിലുള്ള വിടവുള്ള പുതിയ ഫ്ലോട്ടിംഗ്-സ്റ്റൈൽ വിൻഡ്‌സ്ക്രീനും ബൈക്കിന് ലഭിക്കുന്നു. കൂടാതെ ബൈക്കിന് ഒരു പാർട്ട്-ഡിജിറ്റൽ പാർട്ട്-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഹീറ്റ് മാനേജ്മെന്റ് സാങ്കേതികവിദ്യയും ലഭിക്കും. സസ്‌പെൻഷൻ ജോലികൾ നിർവഹിക്കുന്നത് മുന്നിൽ 37 mm ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോ ഷോക്കുമാണ്. അതേസമയം ബ്രേക്കിംഗിനായി മുന്നിൽ 290 mm സിംഗിൾ ഡിസ്ക്കും പിന്നിൽ 220 mm ഡിസ്ക്കും ആണ് സജ്ജീകരിച്ചിരിക്കുന്നത്.

നിഞ്ച 300-ന് 179 കിലോഗ്രാം ഭാരവും 785 മില്ലിമീറ്റർ സീറ്റ് ഉയരവുമാണുള്ളത്. പരിഷ്ക്കരിച്ച് എത്തുമ്പോൾ വാഹനത്തിന്റെ ഡിസൈനിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. 17 ഇഞ്ച് അലോയ് വീലുകളുള്ള ബൈക്കിന് മുൻവശത്ത് 110/70, പിന്നിൽ 140/70 സൈസുള്ള എംആർഎഫ് ടയറുകളുമാണ് ഇടംപിടിച്ചിരിക്കുന്നത്.