ജാപ്പനീസ് ബൈക്ക് നിർമ്മാതാക്കളായ കാവസാക്കി സിംപിൾ റെട്രോ-സ്റ്റൈൽ മോട്ടോർസൈക്കിളായ W175-യെ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് മോട്ടോ ഒക്ടേന്‍ റിപ്പോർട്ട് ചെയ്യുന്നു. 

177 സിസി, രണ്ട്-വാൽവ്, എയർ-കൂൾഡ് എസ്‌ഒ‌എച്ച്‌സി എഞ്ചിൻ എൻജിനാണ് W175ന്റെ ഹൃദയം. 13 എച്ച്‍പി പവറും, 13.2 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. ഈ എൻജിൻ കാർബ്യൂറേറ്റർ യൂണിറ്റാണ്. ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാത്ത എൻജിനാണ് ഇത്. എന്നാൽ, ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ ബി‌എസ്6-ലേക്ക് എൻജിൻ പരിഷ്കരിച്ചേക്കും. വൈബ്രേഷനുകൾ കുറയ്ക്കാൻ ഒരു ബാലൻസർ ഷാഫ്റ്റും കാവസാക്കി W175-യിൽ നൽകിയിട്ടുണ്ട്.

ലളിതമായ ബോക്സ്-സെക്ഷൻ സ്വിംഗാർമും സെമി-ഡബിൾ ക്രാഡിൽ ഫ്രെയിമും ആണ് കാവസാക്കി W175-ന്. സസ്‌പെൻഷൻ കൈകാര്യം ചെയ്യുനായി റബ്ബർ ഗെയ്‌റ്ററുകളുള്ള ടെലിസ്‌കോപ്പിക് മുൻ ഫോർക്കുകൾ, പിൻവശത്ത് ഇരട്ട ഷോക്ക് സജ്ജീകരിച്ചിട്ടുണ്ട്. 220 എംഎം ഡിസ്ക് അപ്പ് മുന്നിലും പിന്നിൽ 110 എംഎം ഡ്രമ്മും ബ്രെയ്ക്കുമാണ് ഉള്ളത്. എബിഎസും വാഹനത്തിലുണ്ടാകും.

വെറും 126 കിലോഗ്രാം ആണ് നിലവിൽ ദക്ഷിണേഷ്യൻ വിപണികളിൽ വില്പനയിലുള്ള കാവസാക്കി W175-യുടെ ഭാരം. സിംഗിൾ പീസ് സീറ്റ്, നീളം കൂടിയ ഹാൻഡിൽ ബാർ, വൃത്താകൃതിയിലുള്ള ഹെഡ്‍ലാംപ്, മഴത്തുള്ളിയെ അനുസ്മരിപ്പിച്ചുക്കുന്ന പെട്രോൾ ടാങ്ക്, വൃത്താകൃതിയിലുള്ള റിയർവ്യൂ മിറർ, നീളം കുറഞ്ഞ മുൻ മഡ്ഗാർഡ്, സ്പോക് വീലുകൾ എന്നിവയാണ് കാവസാക്കി W175-യുടെ സവിശേഷതകൾ. അനലോഗ് ആയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ആണ്.

ഏഷ്യൻ വിപണികളായ ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ W175 നേരത്തെ അവതരിപ്പിച്ചിരുന്നു. W ശ്രേണിയിലെ W800 ഇന്ത്യയിൽ ഇന്ത്യയിൽ ഇപ്പോൾ തന്നെ ലഭ്യമാണ്. എന്നാൽ, 773 സിസി വെർട്ടിക്കൽ ട്വിൻ-സിലിണ്ടർ എഞ്ചിനുള്ള W800-ന് 6.99 ലക്ഷം ആണ് വില. W175 ഇതിലും വില കുറവായിരിക്കുമെന്നാണ് റിപ്പോർട്ട്.