ജാപ്പനീസ് ഇരുചക്രവാഹന ബ്രാന്‍ഡായ കാവാസാക്കിയുടെ നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ ബൈക്ക് Z H2 ഇപ്പോൾ ഇന്ത്യൻ വിപണിയിലും എത്തി. Z H2, Z H2 SE എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വില്പനക്കെത്തിയിരിക്കുന്ന പുത്തൻ കാവസാക്കി ബൈക്കുകൾക്ക് യഥാക്രമം 21.9 ലക്ഷം, 25.9 ലക്ഷം എന്നിങ്ങനെയാണ് വിലയെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

കാവസാക്കി Z H2-യിൽ റോഡ്, റെയിൻ, സ്പോർട്ട്, റൈഡർ എന്നിങ്ങനെ നാല് റൈഡർ മോഡുകൾ ഉണ്ട്. മാത്രമല്ല, പവർ മോഡുകൾ (ഫുൾ/മിഡിൽ/ലോ), ട്രാക്ഷൻ കണ്ട്രോൾ, കോർണേറിങ് എബിഎസ്, ലോഞ്ച് കണ്ട്രോൾ, ക്രൂയിസ് കണ്ട്രോൾ തുടങ്ങിയ റൈഡർ എയ്ഡുകളും കാവസാക്കി Z H2 ബൈക്കുകളിൽ നൽകിയിരിക്കുന്നു. ബ്ലൂടൂത്ത് കണക്‌ഷനുള്ള ഫുൾ-ടിഎഫ്ടി ഡിസ്പ്ലേ ആണ് മറ്റൊരു പ്രധാന ഫീച്ചർ. ഈ ഇന്റസ്ട്രുമെൻറ്റ് ക്ലസ്റ്ററും റൈഡറുടെ സ്മാർട്ട്‌ഫോണും കവാസാക്കി റൈഡിയോളജി ആപ്പ് വഴി കണക്റ്റ് ചെയ്യാനാകും.

സൂപ്പർച്ചാർജ് ചെയ്ത 998 സിസി, ഇൻ-ലൈൻ 4-സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, 16-വാൽവ് എൻജിനാണ് പ്രധാന സവിശേഷത. ഈ എൻജിൻ 197.2 ബിഎച്പി പവർ ആണ് ഉത്പാദിപ്പിക്കുന്നത്. അതായത് ഒരു ജീപ്പ് കോമ്പസ്സിന്റെ എൻജിൻ ഉത്പാദിപ്പിക്കുന്നതിനേക്കാൾ കൂടുതൽ പവർ ആണ് ഈ എൻജിന്. 137 എൻഎം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കുന്നു. എൻജിൻ സ്ലിപ്പർ ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

കാവസാക്കി Z H2 ബൈക്കുകൾ മെറ്റാലിക് ഡയാബ്ലോ ബ്ലാക്ക്, ഗോൾഡൻ ബ്ലേസ്ഡ് ഗ്രീൻ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലഭ്യമാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആയിരുന്നു ആ ബൈക്കിന്‍റെ ആഗോള വിപണിപ്രവേശനം.