തിരുവനന്തപുരം: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ടിയുവി300 എസ്‍യുവികള്‍ സ്വന്തമാക്കി സംസ്ഥാനത്തെ എക്സൈസ് വകുപ്പ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ എക്സൈസ് - തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പുതിയ വാഹനങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്‍തു.

നാലു മീറ്ററില്‍ താഴെ നീളമുള്ള ഈ വാഹനം ഏഴ് സീറ്റര്‍ എസ്.യു.വി.യാണ്. മഹീന്ദ്രയുടെ എംഹോക് എന്‍ജിനാണ് ടിയുവി 300ന്‍റെ ഹൃദയം. 1493 സിസി ഓയില്‍ ബര്‍ണര്‍ എന്‍ജിന്‍ 100 എച്ച്പി പവറും 240 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കുന്ന ഈ വാഹനം ഓഫ് റോഡുകളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കും.  5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലെത്താന്‍ വാഹനത്തിന് 19 സെക്കന്‍ഡ് മതി. 

ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ് എന്നിവ സുരക്ഷയ്ക്കായും വാഹനത്തിലുണ്ട്. ബൊലേറോയെക്കാള്‍ ഇന്ധനക്ഷമതയും ടിയുവിക്കുണ്ട്. സിറ്റിയില്‍ 14 കിലോമീറ്ററും ഹൈവേകളില്‍ 16 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് ടിയുവിയില്‍ ലഭിക്കുക. 

എക്സൈസ് വകുപ്പിനെ നവീകരിക്കുന്നതിന്റെയും ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് സര്‍ക്കാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങിയത്. വകുപ്പിന്റെ പരോളിനും മറ്റുമായി ഈ വാഹനങ്ങളെ ഉപയോഗിച്ചേക്കും. മഹീന്ദ്ര ബൊലേറോയുടെ പിന്നാലെ കേരളാ പൊലീസും അടുത്തിടെ ടിയുവി 300 വാങ്ങിയിരുന്നു. മികച്ച പ്രകടനവും ഇന്‍റീരിയറിലെ സ്ഥലസൗകര്യങ്ങളുമാണ് പൊലീസ് സേനകള്‍ക്ക് ഈ വാഹനത്തെ പ്രിയപ്പെട്ടതാക്കുന്നത്.