സ്‍പീഡ് ഗവര്‍ണറുകളെ വാഹന വിവരങ്ങളുടെ ദേശീയ രജിസ്റ്ററായ വാഹനുമായി സംയോജിപ്പിക്കാനാണ് നീക്കം
വാഹനങ്ങളിലെ സ്‍പീഡ് ഗവര്‍ണറുകള്‍ ഊരിയിട്ടുള്ള കബളിപ്പിക്കല്‍ ഇനി നടക്കില്ല. ഈ സ്‍പീഡ് ഗവര്‍ണറുകളെ വാഹന വിവരങ്ങളുടെ ദേശീയ രജിസ്റ്ററായ വാഹനുമായി സംയോജിപ്പിക്കാനാണ് നീക്കം. ഇതിനുള്ള നടപടികള്‍ രണ്ടു മാസത്തിനകം പൂര്‍ത്തിയാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വേഗമാനകത്തിലെ കൃത്രിമം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന്‍റെ ഈ ഉറപ്പ്. സ്‍പീഡ് ഗവര്‍ണറുകല്‍ അഴിച്ചുമാറ്റുകയോ കൃത്രിമം കാണിക്കുകയോ ചെയ്യുന്നത് വ്യാപകമാണെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം.
സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന മുച്ചക്ര വാഹനമൊഴികെയുള്ള വാഹനങ്ങളിലും വേഗമാനകം വെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബസുകള്‍, വലിയ ചരക്കുവാഹനങ്ങള്‍ എന്നിവയിലാണ് വേഗമാനകം നിര്‍ബന്ധമാക്കിയിട്ടുള്ളതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അവയെ വാഹനുമായി സംയോജിപ്പിക്കാനുള്ള നടപടിയെടുത്തുവരികയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 2020 അവസാനമായപ്പോഴേക്കും 90 ശതമാനം വാഹന വിവരങ്ങളും 'വാഹന്‍' സോഫ്റ്റ്വേറിലേക്ക് മാറ്റിക്കഴിഞ്ഞെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. കോടതിയില്‍ നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിവിഷന്‍ ബെഞ്ച് പ്രത്യാശ പ്രകടിപ്പിച്ചു.
