Asianet News MalayalamAsianet News Malayalam

എംവിഡിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി, ഇ- ബുൾ ജെറ്റിന് തിരിച്ചടി

വാഹനം വിട്ടുകിട്ടണമെന്ന ആവശ്യവും സിംഗിൾ ബഞ്ച് നിരാകരിച്ചു. നിയമാനുസൃതമായ നടപടി സ്വീകരിക്കാൻ മോർട്ടോർവാഹന വകുപ്പിന് അധികാരമുണ്ടെന്നും ഹൈക്കോടതി

Kerala High Court dismissed petition of E Bull Jet brothers
Author
Kochi, First Published Oct 20, 2021, 7:42 PM IST

വിവാദ വ്ളോഗര്‍മാരായ ഇ-ബുൾ ജെറ്റ് (E Bull Jet) സഹോദരങ്ങള്‍ക്ക് ഹൈക്കോടതിയില്‍ (Kerala High Court) നിന്ന് തിരിച്ചടി. ഇ- ബുള്‍ ജെറ്റ് (E Bull Jet) വാഹനത്തിന്‍റെ  രജിസ്ട്രേഷൻ റദ്ദാക്കിയ മോട്ടോർവാഹന വകുപ്പ് (MVD Kerala) നടപടിയെ ചോദ്യം ചെയ്‍ത് സഹോദരങ്ങള്‍ നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. എബിൻ വർഗീസ് നൽകിയ ഹര്‍ജിയാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളിയത്. 
 
വാഹനം വിട്ടുകിട്ടണമെന്ന ആവശ്യവും സിംഗിൾ ബഞ്ച് നിരാകരിച്ചു. നിയമാനുസൃതമായ നടപടി സ്വീകരിക്കാൻ മോർട്ടോർവാഹന വകുപ്പിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. 

നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് മോർട്ടോർവാഹന വകുപ്പ് നേരത്തെ റദ്ദാക്കിയത്. വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്‌ളോഗര്‍ സഹോദരന്മാരായ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തിൽ, ഇവര്‍ നല്‍കിയ വിശദീകരണം തൃപ്‍തികരമല്ലാത്തതിനാലായിരുന്നു രജിസ്ട്രേഷൻ റദ്ദാക്കിക്കൊണ്ടുള്ള എംവിഡിയുടെ നടപടി.  ആറ് മാസത്തേക്കായിരുന്നു രജിസ്ട്രേഷൻ റദ്ദാക്കിയത്.

ഓഗസ്റ്റ് ഒമ്പതിന് കണ്ണൂർ ആർടിഓഫീസിൽ എത്തി ബഹളം വയ്ക്കുകയും , പൊതുമുതൽ നശിപ്പിക്കുകയും, ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിൽക്കുകയും ചെയ്‍ത കേസിലാണ് ഈ ബുൾ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിലായത്. റിമാൻഡിലായതിന്‍റെ പിറ്റേ ദിവസം മജിസ്ട്രേറ്റ് കോടതി ഇവർ‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. 

നിരത്തുകളിലെ മറ്റ് വാഹനങ്ങള്‍ക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളതെന്നാണ് മോട്ടോര്‍വാഹന വകുപ്പ് വ്യക്തമാക്കിയത്.  നേരത്തെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ ഇവർ ഏഴായിരം രൂപ കെട്ടിവച്ചിരുന്നു. പത്ത് വകുപ്പുകളാണ് കണ്ണൂർ ടൗണ്‍ പൊലീസ് ഇവ‍ർക്കെതിരെ ചുമത്തിയിട്ടുള്ളത്. 
 

Follow Us:
Download App:
  • android
  • ios