കൊച്ചി: സംസ്ഥാനത്തെ വിദ്യാര്‍ത്ഥി യാത്രികര്‍ക്കൊരു സന്തോഷ വാര്‍ത്ത. സ്വകാര്യ ബസുകളിൽ വിദ്യാർഥികളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി.  കൺസെഷനിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളെ ജീവനക്കാർ ബസിൽ കയറാനും ഒഴിവുള്ള സീറ്റുകളിൽ ഇരിക്കാനും അനുവദിക്കുന്നുണ്ടെന്ന് ആർ.ടി.ഒ ഉദ്യോഗസ്ഥരും പൊലീസും ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. 

ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷനും മറ്റു ചിലരും സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ശ്രദ്ധേയമായ പരാമർശം. വിദ്യാർഥികൾക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവ‌് അനുവദിക്കാൻ സ്വകാര്യബസ് ഉടമകൾക്ക‌് ബാധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവരുടെ ഹര്‍ജി. 

സീറ്റുകൾ ഒഴിഞ്ഞുകിടന്നാലും വിദ്യാർഥികളെ ബസ് ജീവനക്കാർ ഇരിക്കാൻ സമ്മതിക്കുന്നില്ലെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ട കോടതി ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് കഴിഞ്ഞയാഴ്ച ഇടക്കാല ഉത്തരവിട്ടിരുന്നു.

റീജണൽ ട്രാൻസ്‌പോർട്ട് അതോറിറ്റികൾക്ക് കീഴിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടോയെന്നത് സംബന്ധിച്ച് റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്.  കൺസെഷന്റെ പേരിൽ വിദ്യാർത്ഥികളോടു വിവേചനമില്ലെന്ന് ഉറപ്പിക്കാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർക്കു കീഴിലെ എൻഫോഴ്സ്‌മെന്റ് ഓഫീസർമാരും പൊലീസും രഹസ്യ പരിശോധന നടത്തണം. 

സ്‍കൂൾ സമയങ്ങളിലും പരിശോധന നടത്തണം. സ്റ്റാൻഡുകളിലും സ്റ്റോപ്പുകളിലും കുട്ടികളെ ബസിൽ കയറ്റാത്ത സാഹചര്യമുണ്ടോയെന്ന് കണ്ടെത്താനാണിത്. ഇത്തരം സംഭവമുണ്ടായാൽ ജീവനക്കാർക്കെതിരെ നിയമ നടപടിയെടുക്കണം. ഒപ്പം യാത്രക്കാർക്ക് സുരക്ഷിതയാത്രയും മോട്ടോർ വാഹനങ്ങൾക്കുള്ള ഡ്രൈവിംഗ് റെഗുലേഷനുകൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതല്‍ സമയം വേണമെന്ന് സർക്കാർ വാദം അംഗീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് മാറ്റി.