അതിര്‍ത്തി കടന്നെത്തുന്ന ചരക്ക് ലോറികൾ കൊറോണ രോഗ വാഹകരാവുമെന്ന ഭയം വേണ്ടെന്ന് വ്യക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ശാസ്ത്രീയവും ആത്മാർത്ഥവുമായ ഇടപെടലുമായി ചെക്ക് പോസ്റ്റുകളിൽ സജീവമാണെന്നും ഓരോ വാഹനത്തിലെ ഡ്രൈവർമാരെയും ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ പരിശോധിച്ചും കൃത്യമായ നിർദ്ദേശങ്ങൾ നൽകിയുമാണ് കടത്തിവിടുന്നതെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തമിഴ് നാട്ടിൽ കൊറോണ വ്യാപനം കൂടുന്ന സമയത്ത് മോട്ടോർ വാഹന വകുപ്പിന്റെ പഴുതടച്ച പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.  ചരക്ക് വാഹനങ്ങൾ അണുവിമുക്തമാക്കാൻ ഫയർ ആൻറ് റസ്ക്യൂ വകുപ്പിന്റെ സഹായവും തേടിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണത്തിന് വകുപ്പിന് അനുവദിച്ച പത്ത് ലക്ഷത്തോളം രൂപ ഈ ആവശ്യത്തിന് ഫയർ ആന്റ് റസ്ക്യൂവിന് കൈമാറിയിട്ടുണ്ട്. സന്നദ്ധ സേവകരും സംഘടനകളും ഇതിന് മോട്ടോർ വാഹന വകുപ്പിനെ സഹായിക്കുന്നുണ്ട്. 

അന്യ സംസ്ഥാനങ്ങളിൽ നിന്നും അവശ്യ സാധനങ്ങളുമായി നമ്മുടെ സംസ്ഥാനത്തേക്ക് അതിർത്തി കടന്നു വരുന്ന മുഴുവൻ ചരക്ക് വാഹനങ്ങളും മോട്ടോർ വാഹന വകുപ്പിൻറെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ വെച്ച് കേരള ഫയർ ആന്‍ഡ് റെസ്ക്യൂ വകുപ്പിൻറെ സഹായത്തോടെ അണു വിമുക്തമാക്കിയിരിക്കുമെന്ന് ഉറപ്പ് നൽകുന്നതായും അധികൃതര്‍ വ്യക്തമാക്കുന്നു.