അടിയന്തിര സാഹചര്യങ്ങള്‍ വന്നാല്‍ ഉപയോഗിക്കാന്‍ താഴ്ന്ന പ്രദേശങ്ങളിലേക്ക് വള്ളങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എത്തിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. സേഫ് കേരള അനുസരിച്ചാണ് ഈ നീക്കം എന്ന് മോട്ടോര്‍ വാഹന വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ ലൈനിനോട് പറഞ്ഞു. 

രുംദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് (Heavy Rain) സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ സമയം കൊണ്ട് കുത്തിയൊലിച്ച് പെയ്യുന്ന അതിശക്തമായ മഴ (Heavy Rain) തുടർച്ചയായി അപകടം വിതയ്ക്കുന്ന സാഹചര്യമുണ്ട്. ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ട് തന്നെ വലിയ അപകടങ്ങൾക്ക് സാധ്യതയേറെയാണ്. നിലവിലെ സാഹചര്യം സാധാരാണ ഗതിയിലേക്ക് എത്തുന്നത് വരെ മലയോര മേഖലയിലും നദിക്കരകളിലും അതീവ ജാഗ്രത പുലർത്താൻ ദുരന്ത നിവാരണ അതോറിറ്റി കർശന നിർദേശം പുറപ്പെടുവിച്ചുകഴിഞ്ഞു. 

ഈ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൈകോര്‍ക്കുകയാണ് സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പും (MVD Kerala). അടിയന്തിര സാഹചര്യങ്ങള്‍ വന്നാല്‍ ഉപയോഗിക്കാന്‍ താഴ്ന്ന പ്രദേശങ്ങളിലേക്ക് വള്ളങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എത്തിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. സേഫ് കേരള അനുസരിച്ചാണ് ഈ നീക്കം എന്ന് മോട്ടോര്‍ വാഹന വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ ലൈനിനോട് പറഞ്ഞു. ഇതിനായി ആലുവ, പറവൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് വള്ളങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. 

ഇടുക്കി ഡാം ഉള്‍പ്പെടെ തുറന്ന പശ്ചാത്തലത്തില്‍ 2018-ലേതിനു സമാനമായ പ്രളയ സാഹചര്യമുണ്ടായാല്‍ അടിയന്തിര സംവിധാനം ഒരുക്കാനാണ് വകുപ്പിന്‍റെ ശ്രമം. കൂറ്റന്‍ ലോറികളില്‍ ചെല്ലാനം, കാളമുക്ക് എന്നീ ഫിഷിംഗ് ഹാർബറുകളില്‍ നിന്നാണ് ആലുവ, പറവൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് വള്ളങ്ങള്‍ കൊണ്ടുവരുന്നത്. ആറ് ലോറികളിലായി എട്ടോളം വള്ളങ്ങളാണ് മോട്ടോര്‍ വാഹനവകുപ്പ് എത്തിച്ചിരിക്കുന്നത്. നാലോളം വള്ളങ്ങള്‍ ഇത്തരത്തില്‍ കാലടി പ്രദേശത്തേക്ക് എത്തിക്കഴിഞ്ഞെന്നും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ ലൈനിനോട് പറഞ്ഞു. ആവശ്യമെങ്കില്‍ കൂടുതല്‍ വള്ളങ്ങള്‍ എത്തിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

അതേസമയം സർക്കാർ സംവിധാനങ്ങൾക്കൊപ്പം രക്ഷാദൌത്യത്തില്‍ പങ്കാളികളാകാന്‍ ആലുവ പ്രദേശത്ത് മത്സ്യത്തൊഴിലാളികളും അണിനിരന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞപ്രളയകാലത്ത് സമാനതകളില്ലാത്ത സേവനം കാഴ്‍ചവച്ച് രാജ്യത്തിന്‍റെ തന്നെ പ്രശംസ പിടിച്ചു പറ്റിയ കേരളത്തിന്റെ സ്വന്തം സൈന്യമായ കടലിന്‍റെ മക്കളുടെ 13 വള്ളങ്ങളാണ് നിലവില്‍ ആലുവ പ്രദേശത്തു തമ്പടിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചി വൈപ്പിൻ, ചെല്ലാനം തീരമേഖലയിൽ നിന്നുള്ള ഓരോ ബോട്ടിലും നാലിൽ അധികം തൊഴിലാളികളും ഉണ്ടെന്നാണ് വിവരം.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം എൻഡിആർഎഫും എത്തിയിട്ടുണ്ട്. നിലവിൽ അടിയന്തര സാഹചര്യമില്ലെങ്കിലും അപ്രതീക്ഷിതമായി ഒരു സാഹചര്യം രൂപപ്പെട്ടാൽ അതിനെ നേരിടാൻ കലക്ടറേറ്റിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് കടലിന്‍റെ മക്കളും എത്തിയിരിക്കുന്നത്. ആലുവാപ്പുഴ കവിഞ്ഞു വെള്ളമെത്തിയാൽ ആളുകളെ ഒഴിപ്പിക്കേണ്ട സ്ഥലങ്ങളെല്ലാം മുന്നിൽ കണക്കാക്കിയാണ് സംഘം നിലയുറപ്പിച്ചിരിക്കുന്നത്. വിവിധ മേഖലകളിൽ ദേശീയ ദുരന്ത നിവാരണ സേനയെയും സജ്ജമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.