Asianet News MalayalamAsianet News Malayalam

വാഹനത്തിനല്ല മുൻഗണന സർവ്വീസിന്, എമർജൻസി വാഹനങ്ങളെക്കുറിച്ച് എംവിഡി പറയുന്നത് ഇങ്ങനെ!

ആംബുലൻസുകൾ മാത്രമാകും ഒരുപക്ഷേ പലർക്കും അടയന്തിര വാഹനം. എന്നാൽ ഏതൊക്കെ വാഹനങ്ങളാണ് അടിയന്തിര വാഹനങ്ങൾ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേരള മോട്ടോർവാഹന വകുപ്പ്. 

Kerala MVD face book post about emergency vehicles in roads
Author
First Published Feb 2, 2024, 12:00 PM IST

റോഡിൽ ഏതൊക്കെ വാഹനങ്ങൾക്കാണ് മുൻഗണന എന്നത് പല ഡ്രൈവർമാർക്കും ഇപ്പോഴും അവ്യക്തമായ കാര്യമാണ്. ആംബുലൻസുകൾ മാത്രമാകും ഒരുപക്ഷേ പലർക്കും അടയന്തിര വാഹനം. എന്നാൽ ഏതൊക്കെ വാഹനങ്ങളാണ് അടിയന്തിര വാഹനങ്ങൾ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേരള മോട്ടോർവാഹന വകുപ്പ്. 

ഭാരതത്തിൽ 1989-ൽ മുതൽ നിലവിലുണ്ടായിരുന്ന റോഡ് ചട്ടങ്ങൾ (റൂൾസ് ഓഫ് റോഡ് റെഗുലേഷൻ) പ്രകാരം ഫയർ എൻജിനും ആംബുലൻസും അടങ്ങുന്ന വാഹനങ്ങൾക്ക് റോഡിൽ മുൻഗണന ഉണ്ടെന്നും അങ്ങനെയുള്ള വാഹനങ്ങൾ കാണുന്ന മാത്രയിൽ സ്വന്തം വാഹനം വശത്തേക്ക് ഒതുക്കി ആ വാഹനങ്ങളെ കടത്തി വിടണം എന്നും നിഷ്‍കർഷിച്ചിരുന്നുവെന്നും എംവിഡി വ്യക്തമാക്കുന്നു. എന്നാൽ  പരിഷ്കരിച്ച  മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് റെഗുലേഷൻ - 2017 നിലവിൽ വന്നപ്പോൾ ഇത്തരം വാഹനങ്ങൾക്ക് ഏതെല്ലാം കാര്യങ്ങൾക്കാണ് മുൻഗണന എന്നും ഇത്തരത്തിലുള്ള വാഹനങ്ങളിൽ തന്നെ മുൻഗണന ക്രമവും റെഗുലേഷൻ 27-ൽ കൃത്യമായി നിർവചിക്കപ്പെട്ടിട്ടുണ്ടെന്നും എംവിഡി പറയുന്നു. 

അതനുസരിച്ച് മനുഷ്യജീവൻ രക്ഷിക്കുന്നതിനൊ ആരോഗ്യത്തിന് ഗുരുതരമായ ഹാനി സംഭവിക്കുന്നത് തടയുന്നതിനൊ തീ കെടുത്തുന്നതിനോ അവശ്യ സേവനത്തിന് തടസ്സം വരാതിരിക്കുന്നതിനുള്ള പ്രവർത്തനങ്ങളോ പോലുള്ള അടിയന്തരഘട്ടങ്ങളിലെ പ്രവർത്തനങ്ങൾക്ക് വേണ്ടി ചില വാഹനങ്ങൾക്ക് മുൻഗണന അനുവദിച്ചിട്ടുണ്ട്. ഓർക്കുക വാഹനത്തിനല്ല ഇത്തരം അടിയന്തര ഘട്ടങ്ങൾ നിർവ്വഹിക്കുന്നതിനായിട്ടാണ് മുൻഗണന നൽകുന്നതെന്നും എംവിഡി പറയുന്നു. അതുകൊണ്ട് തന്നെ സൈറണും ഫ്ലാഷർ ലൈറ്റും ഉപയോഗിക്കുമ്പോൾ മാത്രമാണ് മുൻഗണനക്ക് അർഹത ഉണ്ടാകുന്നത്.

അത്തരം സന്ദർഭങ്ങളിൽ അങ്ങേയറ്റം സൂക്ഷ്മതയോടെയും ഉത്തരവാദിത്വത്തോടെയും മുൻകരുതലോടെയും ചുവന്ന ലൈറ്റ് മറികടക്കുന്നതിനും വേഗപരിധി ലംഘിക്കുന്നതിനും, റോഡരികിലെ ഷോൾഡറിലൂടെയും വൺവേക്ക് എതിർ ദിശയിലൂടെ വാഹനം ഓടിക്കുന്നതിനും അനുവദിച്ചിട്ടുണ്ട്. പ്രസ്‍തുത വാഹനങ്ങളിൽ തന്നെ മുൻഗണനാക്രമം താഴെപ്പറയുന്ന പ്രകാരമാണ്

1. ഫയർ എൻജിൻ
2. ആംബുലൻസ്
3. പോലീസ് വാഹനം
4. വൈദ്യുതി ശുദ്ധജലവിതരണം പൊതു ഗതാഗതം എന്നിവയുടെ തടസ്സം നീക്കുന്നതിനൊ അറ്റകുറ്റപ്പണികൾക്കോ ആയി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള വാഹനങ്ങൾ

അടിയന്തിര വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർ എത്രയും പെട്ടെന്ന് സ്വന്തം വാഹനം വശത്തേക്ക് ഒതുക്കി നിർത്തുകയും മേൽവാഹനങ്ങളെ കടന്നു പോകാൻ അനുവദിക്കുകയും ചെയ്യണം. മാത്രവുമല്ല പ്രസ്‍തുത വാഹനങ്ങളുടെ പുറകിൽ  50 മീറ്റർ അകലം പാലിച്ചു മാത്രമേ മറ്റു വാഹനങ്ങൾ  ഓടിക്കുവാൻ അനുവദിച്ചിട്ടുള്ളൂ എന്നും അറിയേണ്ടതുണ്ട്.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios