വാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്യുമ്പോഴും വാഹനത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി നമ്മുടെ നാട്ടിലെ പല ഡ്രൈവര്‍മാര്‍ക്കും യാതൊരുവിധ ധാരണയും ഉണ്ടാകില്ല. ഇതുമൂലം സംഭവിക്കുന്ന അപകടങ്ങളും കുറവല്ല. പലപ്പോഴും ഇരുചക്രവാഹന യാത്രികരാകും ഈ അശ്രദ്ധയ്ക്ക് ഇരയാകേണ്ടിവരിക. ഈ സാഹചര്യത്തില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതും ഇറങ്ങേണ്ടത് എങ്ങനെ എന്നും വ്യക്തമാക്കുകയാണ് മോട്ടോര്‍വാഹനവകുപ്പ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അധികൃതരുടെ ഈ മുന്നറിയിപ്പ്.

പോസ്റ്റിന്റെ പൂര്‍ണരൂപം

വാഹനം പാർക്ക് ചെയ്ത് ഇറങ്ങേണ്ടുന്നത് ഒരിക്കലും ക്യാരിയേജ് വേ യിലേക്ക് ആകരുത് എന്ന സാമാന്യ തത്വം നമ്മളിൽ പലരുടേയും ചിന്തകളിൽ പോലും വരുന്നില്ല എന്നത് കഷ്ടമാണ്.

തിരക്കേറിയതുംവാഹന സാന്ദ്രത കൂടിയതുമായ കേരളത്തിലെ ശ്വാസം മുട്ടിക്കുന്ന റോഡുകളിൽ സേഫ് ഡിസ്റ്റൻസ് പാലിക്കാതെ നുഴഞ്ഞ് കയറുന്ന ഇരുചക്ര വാഹനങ്ങൾ ഒരടി പോലും അകലം പാലിക്കാതെ ഇരച്ചു പായുമ്പോൾ പ്രത്യേകിച്ചും.

വാഹനം റോഡരികിൽ നിർത്തുമ്പോൾ shoulder ലൈനിന്റെ പുറത്ത് വാഹനം പാർക് ചെയ്തതിനു ശേഷം ഞങൾ സേഫ് ആയിട്ടാണ് വാഹനം പാർക് ചെയ്തിട്ടുള്ളത് എന്ന് പറയുന്ന നല്ലൊരു വിഭാഗം നമ്മുടെ നാട്ടിൽ ഉണ്ട്. 

അത്തരക്കാർ അറിയേണ്ടത്... ഇവിടെ പോസ്റ്ററിൽ ❌ മാർക്ക് ചെയ്തിട്ടുള്ള വാഹനം കാഴ്ചയിൽ റോഡിന് പുറത്താണ് പക്ഷെ അതിൽ നിന്നും ഡ്രൈവർ പുറത്തിറങ്ങുന്നത് (പലപ്പോഴും പുറകിലെ സീറ്റിലെ കുട്ടികളും) റോഡിലേക്ക് (Carriage way) ഡോർ തുറന്നാണ് എന്നത് നമ്മൾ ബോധപൂർവം മറക്കുന്നു...

തീർച്ചയായും ലെഫ്റ്റ് ചേർന്ന് പോകുന്ന ഒരു ബൈക്ക് യാത്രികന്റെ മുൻപിലേക്ക് അയാൾ പ്രതീക്ഷിക്കാതെ വരുന്ന തടസ്സം അപകടത്തിന് ഹേതുവാകും... പെട്ടെന്ന് ഇങ്ങനെ വരുന്ന തടസ്സം മോട്ടോർ സൈക്കിൾ യാത്രികന്റെ റിയാക്ഷൻ സമയത്തിനേക്കാൾ കുറവായിരിക്കും.... അതുകൊണ്ടാണ് കേരളത്തിലെങ്കിലും റോഡിലേക്ക് തുറക്കുന്ന വാതിലുകളിൽ ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ കൂടുന്നത്...

ഞാൻ ഒരു അപകടത്തിന് കാരണമാകില്ലെന്ന സൂക്ഷ്മതയോടെ സുരക്ഷിതമായി പാർക്ക് ചെയ്യുകയും, വാതിൽ തുറക്കുവാൻ ഡച്ച് റീച്ച് രീതി അവലംബിക്കുകയും ചൈൽഡ് ലോക്ക് ഓണാക്കുകയും ചെയ്താൽ നിരപരാധികളുടെ ചോര നിരത്തിൽ വീഴുന്നത് നമുക്ക് ഒഴിവാക്കാൻ കഴിയും.