തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കു അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരില്‍നിന്ന് യാത്രാവിവരങ്ങള്‍ എഴുതിവാങ്ങാനൊരുങ്ങി മോട്ടോര്‍വാഹനവകുപ്പ്. ഇതിനായി വാഹനങ്ങളില്‍ ഒരു ലോഗ്ബുക്ക് നിര്‍ബന്ധമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

ഈ ലോഗ് ബുക്കില്‍ യാത്രയുടെ തുടക്കം, ഒടുക്കം, യാത്രക്കാരുടെ വിശദവിവരങ്ങള്‍ തുടങ്ങിയവ എഴുതിവെയ്ക്കണം. പ്രധാനമായും ചരക്കുവാഹനങ്ങളിലെ ഡ്രൈവര്‍മാരില്‍ നിന്നാണ് യാത്രാവിവരണം എഴുതിവാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ രോഗവ്യാപനം കൂടുന്നതിന്റെ അടിസ്ഥാനത്തിലാണ് ചരക്കുവാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. 

ഡ്രൈവര്‍മാര്‍ എഴുതി വയ്‍ക്കുന്ന വിവരങ്ങള്‍ അതിര്‍ത്തിയിലെ പരിശോധനയ്ക്കിടെ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം.  ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ഉദ്യോഗസ്ഥര്‍ ഈ വിവരങ്ങള്‍ നിശ്ചിത മാതൃകയിലുള്ള പേപ്പറില്‍ എഴുതിച്ചേര്‍ക്കും. ദിവസവും 2000 ലോറികളാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി കടന്നു വരുന്നത് എന്നാണ് കണക്കുകള്‍.  

സംസ്ഥാനത്തിനകത്ത് സാധനങ്ങളുമായി യാത്ര ചെയ്യുന്ന വാഹനങ്ങളുടെ ഡ്രൈവർമാരും ഇനിമുതല്‍ ട്രാവൽ ഡയറി എഴുതണം എന്ന് നേരത്തെ നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഏതൊക്കെ സ്ഥലത്തു സാധനങ്ങളുമായി പോകുന്നുവെന്നും ഏതൊക്കെ മാർക്കറ്റിലും കടകളിലും ചരക്കുകള്‍ ഇറക്കുകയും കയറ്റുകയും ചെയ്യുന്നുവെന്നും എത്ര സമയം തങ്ങുന്നുവെന്നും മറ്റുമുള്ള വിവരം ഈ ഡയറിയിൽ വ്യക്തമായി രേഖപ്പെടുത്തണം. ഡയറിയില്‍ കച്ചവടക്കാരുടെ ഫോൺ നമ്പറും വിവരവും ഉൾപ്പെടുത്തണം. സാധനങ്ങളിറക്കുന്ന കടകളിൽ എവിടെ നിന്ന്, ആരൊക്കെയാണ് സാധനമിറക്കുന്നത് എന്നതിന്റെ വിവരങ്ങൾ കടയുടമ കുറിച്ചു വയ്ക്കണമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതിര്‍ത്തിവഴി കടക്കുന്ന വാഹനങ്ങളില്‍ എല്ലാം സാനിറ്റൈസര്‍, മാസ്‌ക്, ഗ്ലൗസ് എന്നിവയുടെ പരിശോധനയും കര്‍ശനമാക്കി. തെര്‍മല്‍ സ്‌കാനിങ്ങില്‍ ശരീരോഷ്മാവ് കൂടുതലുള്ളവരെ കണ്ടെത്തിയാല്‍ അവര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ കടത്തിവിടില്ല. ശരീര താപനില ഉയർന്ന ഡ്രൈവർമാരെ തിരിച്ചുവിടും. 

അതിര്‍ത്തികളില്‍ വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് സാനിറ്റൈസര്‍, മാസ്‌ക്, കൈയ്യുറകള്‍, ഫെയ്‌സ്ഷീല്‍ഡ് എന്നിവ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ കൊറോണ ഫണ്ട് ഉപയോഗിച്ച് വാങ്ങണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.അമരവിള, ആര്യങ്കാവ്, കുമളി, വാളയാര്‍, ഗോപാലപുരം, ഇരിട്ടി, മുത്തങ്ങ, മഞ്ചേശ്വരം തുടങ്ങിയ തിരക്കേറിയ ചെക്ക്‌പോസ്റ്റുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍നിന്നു കൂടുതല്‍ ഉദ്യോഗസ്ഥരെ മൂന്ന് ഷിഫ്റ്റുകളിലായി വിന്യസിക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കി എന്നാണ് വിവരം. 

ഒപ്പം പൊതുഗതാഗത വാഹനങ്ങളിൽ ഡ്രൈവറുടെ കാബിൻ വേർതിരിക്കണമെന്ന നിർദേശം കർശനമായി നടപ്പാക്കാനും അധികൃതര്‍ നടപടി തുടങ്ങി. ഓട്ടോറിക്ഷ, ടാക്സി, ബസുകൾ എന്നിവയിലെല്ലാം ഡ്രൈവർമാരുടെ കാബിൻ പ്രത്യേകം തിരിക്കണമെന്നായിരുന്നു നിർദേശം. ഇതുസംബന്ധിച്ച് നേരത്തെ സർക്കാർ നിർദേശമുണ്ടായിരുന്നു. എന്നാല്‍ ഇതു നടപ്പാകുന്നില്ലെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.