ലോക്ക് ഡൌണ്‍ കാലയളവില്‍ വഴിയില്‍ ബ്രേക്ക് ഡൌണാകുന്ന വാഹനങ്ങളെയും യാത്രികരെയും സഹായിക്കാന്‍ കണ്ണൂരിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്ത്

കണ്ണൂര്‍: ലോക്ക് ഡൌണ്‍ കാലയളവില്‍ വഴിയില്‍ ബ്രേക്ക് ഡൌണാകുന്ന വാഹനങ്ങളെയും യാത്രികരെയും സഹായിക്കാന്‍ കണ്ണൂരിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്ത്. മോട്ടോർ വാഹന വകുപ്പ് കണ്ണൂർ ജില്ലാ ടീമും അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരളയുടെ കണ്ണൂർ ജില്ലാ മെമ്പർമാരുമാണ് ഈ പദ്ധതിക്കായി കൈകോര്‍ക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കണ്ണൂർ ജില്ലയിൽ എവിടെവച്ചും ബ്രേക്ക് ഡൗൺ ആകുന്ന വാഹനങ്ങള്‍ക്കും സഹായം തേടാം. വാഹനം ബ്രേക്ക് ഡൗൺ ആയ സ്ഥലവും ആവശ്യമായ സർവീസും 
91889 63113, 94476 85934 എന്നീ നമ്പറുകളിൽ അറിയിച്ച് സഹായം തേടാം. വാഹനം കണ്ണൂർ ജില്ലയിലേത് തന്നെയാണെങ്കിൽ ഏറ്റവും അടുത്ത് ലഭ്യമായ വർക്ക് ഷോപ് ഓൺലൈനിൽ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിക്കുന്നു. ഇതിനായി www.mvdhelps.in എന്ന Team MVD Kannur ന്‍റെ വെബ് അപ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണെന്നും ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ലഭ്യമാകുന്ന സേവനങ്ങൾ തെരഞ്ഞെടുക്കാവുന്നതാണെന്നും അധികൃതര്‍ അറിയിക്കുന്നു.

ടൂവില, ത്രീ വീലർ, ഫോർ വിലർ, മീഡിയം, ഹെവി വാഹനങ്ങളുടെ മെക്കാനിക്കൽ ഇലക്ടികൽ ഡെന്റിംഗ് , പെയിന്റിംഗ് , ടയർ സർവീസുകൾക്ക് ഈ നമ്പറുകൾ വഴിയും www.mvdhelps.in വഴിയും സഹായം തേടാവുന്നതാണ്. സർവ്വീസുകൾക്ക് വർക് ഷോപ്പുകൾക്ക് നിലവിലെ നിരക്കിൽ ഉള്ള തുക നൽകേണ്ടതാണെന്നും ലോക്ക് ഡൗണിൽ യാത്രകൾ പരിമിതപ്പെടുത്തണമെന്നും യാത്രയിൽ ബ്രേക്ക് ഡൗൺ ആയാൽ സഹായത്തിന് തങ്ങളുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് ഓര്‍മ്മിപ്പിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona