ഏകദേശം നൂറോളം വാഹനാപകടങ്ങൾ ഒരുദിവസം കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. അപകടങ്ങളിൽപ്പെടുന്നതിലേറെയും ഇരുചക്ര വാഹനയാത്രക്കാരാണ്. ശരാശരി 11 പേർ നിത്യേന നിരത്തുകളിൽ കൊല്ലപ്പെടുന്നു. ഇതിൽ 50 ശതമാനത്തോളവും ഇരുചക്ര വാഹന അപകടങ്ങളിലാണ് സംഭവിക്കുന്നത്.

പക്ഷേ ഇതൊന്നും നമ്മുടെ ശ്രദ്ധയില്‍ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത്. കുട്ടികളെ ഇരുചക്രവാഹനങ്ങളില്‍ വച്ചുകൊണ്ട് നടത്തുന്ന യാത്രകള്‍ അത്തരത്തില്‍ ചിലതാണ്. അപകടം ക്ഷണിച്ചുവരുത്തുകയാണിതെന്ന ബോധം പലര്‍ക്കുമില്ല എന്നതാണ് സത്യം. യാത്രക്കിടയില്‍ നമ്മുടെയോ മറ്റ് ഡ്രൈവര്‍മാരുടെയോ ചെറിയൊരു പിഴവു മതി കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാവാന്‍.

ഇത്തരത്തിലൊരു യാത്രയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് കേരള പൊലീസ്. സ്‍കൂട്ടറില്‍ അമ്മയുടെ കാലുകള്‍ക്കിടയില്‍ നിന്നു യാത്ര ചെയ്യുന്ന നാലുവയസുകാരിയുടെ ചിത്രമാണ് ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ പൊലീസ് പങ്കുവച്ചത്. നാലു വയസുകാരിയെയും കൊണ്ടുള്ള സ്‍കൂട്ടർ യാത്രയാണെന്നും ഞങ്ങളൊന്നും പറയുന്നില്ലെന്നും ശരിയോ തെറ്റോ എന്നത് നിങ്ങൾ വിലയിരുത്തൂ എന്നും പറഞ്ഞാണ് പൊലീസിന്‍റെ പോസ്റ്റ്.

ഈ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരെത്തുന്നുണ്ട്. അമ്മയുടെ കാലിനടയില്‍ കുഞ്ഞ് സുരക്ഷിതയായിരിക്കുമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന അപകടത്തെപ്പറ്റി ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്.