ഒരു വിമാനത്തിലെ അതേ സുഖസൗകര്യങ്ങളോടെ വേണാട് എക്സപ്രസ് ഓടിത്തുടങ്ങി കേവലം രണ്ടാഴ്ചക്കകം സീറ്റുകള്‍ കുത്തിക്കീറിയും പുഷ്ബാക്ക് സീറ്റ് ലിവറുകള്‍ വലിച്ചൊടിച്ചും നശിപ്പിക്കപ്പെട്ടത് യാത്രികര്‍ ഞെട്ടലോടെയാണ് കേട്ടത്. ഈ സംഭവത്തിനെതിരെ  കേരള പൊലീസ് ഫേസ്ബുക്കിലെഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 

ഗൗരവമായി കാണേണ്ട, ചിന്തിക്കേണ്ട കാര്യമാണിതെന്നും അസാധാരണ മനസികാവസ്ഥയുള്ള കേവലം ചിലരുടെ ദുഷ്പ്രവർത്തി മൂലം ഒരു സമൂഹം ഒന്നടങ്കം പഴി കേൾക്കേണ്ടി വരുന്നുവെന്നും പോസ്റ്റിലൂടെ പൊലീസ് ഓര്‍മ്മിപ്പിക്കുന്നു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം

നമ്മളാരും തന്നെ സ്വന്തം വീട്ടിലെ കുഷ്യൻ കസേരകൾ കുത്തിക്കീറില്ല,.
ബാത്‌റൂമിൽ അസഭ്യം എഴുതി വയ്ക്കാറില്ല .
പ്ലഗ് പോയിന്റുകൾ നശിപ്പിക്കാറുമില്ല.

നവീകരിച്ച സൗകര്യങ്ങളുമായി വേണാട് എക്സ്പ്രസ് ഓടിത്തുടങ്ങിയിട്ട് കേവലം രണ്ടാഴ്ച മാത്രം ആയപ്പോൾ നശിപ്പിക്കപ്പെട്ടത് ഗൗരവമായി കാണേണ്ട, ചിന്തിക്കേണ്ട കാര്യമാണ്. നവീന ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുമായി യാത്ര ആരംഭിച്ച വേണാട് എക്സ്പ്രസിലെ പുതിയ സീറ്റുകള്‍ കുത്തിക്കീറിയും പുഷ്ബാക്ക് സീറ്റ് ലിവറുകള്‍ വലിച്ചൊടിച്ചുമാണ് സാമൂഹ്യവിരുദ്ധര്‍ 'മാതൃക' ആയത്. ട്രാക്കിലെ രാജരഥം എന്ന് യാത്രക്കാര്‍ വിശേഷിപ്പിച്ച, ഒരു വിമാനത്തിനകം പോലെ മനോഹരമായിരുന്നു ഈ ട്രെയിൻ.

നാം ഓർക്കേണ്ടത്, ഇതിൽ യാത്ര ചെയ്യുന്ന നാം ഓരോരുത്തർക്കും ഈ സൗകര്യങ്ങൾ പരിരക്ഷിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അസാധാരണ മനസികാവസ്ഥയുള്ള കേവലം ചിലരുടെ ദുഷ്പ്രവർത്തി മൂലം ഒരു സമൂഹം ഒന്നടങ്കം പഴി കേൾക്കേണ്ടി വരുന്നു. പൊതുനന്മയ്ക്കായി ഉപയോഗിക്കുന്ന, സാധാരണ നികുതിദായകന്റെ കൂടെ അധ്വാനത്തിന്റെ ഫലമായ വസ്തുവകകളാണ് ഇത്തരം നശീകരണ ചിന്താഗതി മൂലം നശിപ്പിക്കപ്പെടുന്നത്. സാധാരണ നികുതിദായകന്റെ പണം കൊണ്ട് ഉണ്ടാക്കിയെടുത്തതും പൊതുനന്മക്കായി ഉപയോഗിക്കാവുന്നതും ആയ ആസ്തികളാണ് ഇല്ലാതാവുന്നത്. നശിപ്പിക്കപ്പെട്ട ആസ്തികള്‍ പുനഃസൃഷ്ടിക്കാനോ പുനരുദ്ധരിക്കാനോ ചെലവിടേണ്ടിവരുമ്പോള്‍ വീണ്ടും നഷ്ടം പൊതുജനത്തിനുതന്നെയാണ്.

പൊതുഇടങ്ങൾ സ്വന്തം പോലെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് എന്ന് തിരിച്ചറിഞ്ഞ് കർമ്മോന്മുഖരാകാം.