തിരുവനന്തപുരം: നിരത്തുകളില്‍ കാണപ്പെടുന്ന നിരവധി ട്രാഫിക് മാര്‍ക്കുകള്‍ എല്ലാവര്‍ക്കും അറിയണമെന്നില്ല. ബോക്സ് മാര്‍ക്കിംഗുകളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. റോഡിലൂടെ വാഹനമോടിച്ച് പോകുമ്പോഴും അല്ലാത്തപ്പോഴുമെല്ലാം ഇത്തരം മാര്‍ക്കിംഗുകള്‍ എന്തിനാണെന്ന് ചിന്തിക്കുന്നവരാണ് പലരും. നിരത്തുകളില്‍ മഞ്ഞ ബോക്സ് മാര്‍ക്കിംഗ് എന്തിനാണെന്നതിന്‍റെ ഉത്തരവുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്.

നിരത്തുകളിലെ ബോക്സ് മാര്‍ക്കിംഗ് എന്താണ് എന്ന ചോദ്യത്തിനൊപ്പം ഉത്തരവും കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്.

കുറിപ്പ് ഇങ്ങനെ

തിരക്കേറിയ ജംഗഷനുകളിലും T ഇന്‍റര്‍സെക്ഷനുകളിലും മഞ്ഞനിറത്തില്‍ അടയാളപ്പെടുത്തുന്ന ഈ ബോക്സില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ പാടില്ല. മുന്നോട്ട് കടന്നുപോകാന്‍ ഇടം ഉണ്ടെങ്കില്‍ (എക്സിറ്റ് ക്ലിയര്‍ ആണെങ്കില്‍)മാത്രമേ ഈ ഭാഗത്തേക്ക് വാഹനങ്ങള്‍ പ്രവേശിക്കാന്‍ പാടുള്ളൂ.