തിരുവനന്തപുരം: കോയമ്പത്തൂരിനു സമീപം ബസപകടത്തില്‍ 19 ജീവനുകള്‍ പൊലിഞ്ഞതിന്‍റെ ഞെട്ടലിലാണ് നമ്മള്‍. ദിവസവും നിരവധി ജീവനുകളാണ് പലയിടങ്ങളായി ഇങ്ങനെ റോഡപകടങ്ങളില്‍ പൊലിയുന്നത്. അമിത വേഗതയും അശ്രദ്ധയും അക്ഷമയുമൊക്കെയാണ് ഈ അപകടങ്ങളുടെയൊക്കെ പ്രധാന കാരണം. ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാകുകയാണ് 'രക്ഷകർത്താക്കളുടെ ശ്രദ്ധക്ക്' എന്ന തലക്കെട്ടോടെ കേരള പൊലീസ് ഫേസ് ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്ന ഒരു വീഡിയോ.

റോഡിന്‍റെ വലതു വശത്തു കൂടെ സൈക്കിളോടിച്ചു പോകുന്ന കുട്ടികള്‍ എതിരെ വരുന്ന സ്‍കൂട്ടറുമായി കൂട്ടിയിടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. നിലത്തേക്ക് വീഴുന്ന കുട്ടികളുടെ മേല്‍ സ്‍കൂട്ടര്‍ വീഴാതിരിക്കാന്‍ യാത്രികന്‍ കിണഞ്ഞ് ശ്രമിക്കുന്നതും വാഹനം എതിര്‍വശത്തേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം. തലനാരിഴക്കാണ് കുട്ടികള്‍ രക്ഷപ്പെട്ടതെന്ന് വീഡിയോ വ്യക്തമാക്കുന്നു. സ്‍കൂട്ടറിന്‍റെ സ്ഥാനത്ത് വലിയ വാഹനങ്ങള്‍ ഏതെങ്കിലുമായിരുന്നെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നുവെന്നും ഈ വീഡിയോ തെളിയിക്കുന്നു.

നല്ല ഡ്രൈവിംഗ് ശീലങ്ങള്‍ ബാല്യത്തിലേ തന്നെ പകരണമെന്നാണ് ഈ വീഡിയോയിലൂടെ പൊലീസ് നല്‍കുന്ന സന്ദേശം. കുട്ടികള്‍ക്ക് സൈക്കിള്‍ വാങ്ങിക്കൊടുക്കുമ്പോള്‍ തന്നെ റോഡില്‍ അവ എങ്ങനെ ഉപയോഗിക്കണമെന്നു കൂടി രക്ഷിതാക്കള്‍ പറഞ്ഞു കൊടുക്കണമെന്ന് പൊലീസ് ആവശ്യപ്പെടുന്നു. ഈ വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്‍തിട്ടുണ്ട്. വീഡിയോ കാണാം.