ഏകദേശം നൂറോളം വാഹനാപകടങ്ങൾ ഒരുദിവസം കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. അപകടങ്ങളിൽപ്പെടുന്നതിലേറെയും ഇരുചക്ര വാഹനയാത്രക്കാരാണ്. ശരാശരി 11 പേർ നിത്യേന നിരത്തുകളിൽ കൊല്ലപ്പെടുന്നു. ഇതിൽ 50 ശതമാനത്തോളവും ഇരുചക്ര വാഹന അപകടങ്ങളിലാണ് സംഭവിക്കുന്നത്. കൂടാതെ ഏകദേശം നൂറ്റമ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്യുന്നുണ്ട്. അമിത വേഗതയും അശ്രദ്ധയുമൊക്കെയാണ് ഈ അപകടങ്ങളുടെയൊക്കെ പ്രധാന കാരണം.

എന്നാല്‍ ഇതൊന്നും പല ഡ്രൈവര്‍മാരുടെയും ഉള്ളുലയ്ക്കുന്നില്ല എന്നതാണ് ഞെട്ടിപ്പിക്കുന്നത്. അമിതവേഗതക്കും അശ്രദ്ധക്കും പുറമേ പൊതുനിരത്തില്‍ വാഹനങ്ങള്‍ കൊണ്ട് അഭ്യാസം നടത്തുക ചിലര്‍ക്കെങ്കിലും ഒരു ഹരമാണ്. എന്നാല്‍ ഇതിന് ഇരയാകേണ്ടി വരിക പലപ്പോഴും നിരപരാധികളായ വഴിയാത്രകരോ മറ്റുമാവും. 

ഈ പ്രവണതയ്ക്കെതിരെ ഫേസ് ബുക്കിലൂടെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് കേരള പൊലീസ്. റോഡില്‍ അഭ്യാസം കാണിക്കുന്ന ഓട്ടോറിക്ഷ ഒരു വഴിയാത്രക്കാരനു നേര്‍ക്ക് പാഞ്ഞടുക്കുന്നത് ഉള്‍പ്പെടെയുള്ള രംഗങ്ങളാണ് 'പ്രാണന്‍ മറന്ന ഓട്ടം' എന്ന തലക്കെട്ടുള്ള ഈ വീഡിയോയില്‍. ഭാഗ്യം കൊണ്ടു മാത്രമാണ് വഴിപോക്കന്‍ രക്ഷപ്പെടുന്നതെന്ന് വീഡിയോ വ്യക്തമാക്കുന്നു. റോഡില്‍ ഇത്തരം അഭ്യാസങ്ങള്‍ അരുതെന്നും ഇതില്‍ ബലിയാടാകുക നിരപരാധികളായിരിക്കുമെന്നും ഓര്‍മ്മിപ്പിക്കുകയാണ് ഈ വീഡിയിയിലൂടെ പൊലീസ്.