Asianet News MalayalamAsianet News Malayalam

കാലിത്തീറ്റ കൊണ്ടുപോകാനും ഇനി ആനവണ്ടികള്‍, പുതിയ പദ്ധതിയുമായി കെഎസ്‍ആര്‍ടിസി!

ആവശ്യക്കാര്‍ക്ക് കെഎസ്ആര്‍ടിസി (KSRTC) ബസ് വഴി കാലിത്തീറ്റ എത്തിക്കുന്നതാണ് ഈ പദ്ധതി

KFL partners with KSRTC to launch Feed on Wheels project to help farmers
Author
Trivandrum, First Published Nov 5, 2021, 11:50 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, കോവിഡ് എന്നിവ മൂലം ദുരിതത്തിലായ ക്ഷീരകര്‍ഷകര്‍ക്കായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല കാലിത്തീറ്റ നിര്‍മ്മാതാക്കളായ കേരള ഫീഡ്‍സിന്‍റെ 'ഫീഡ് ഓണ്‍ വീല്‍സ്' (Feed on Wheels) പദ്ധതിക്ക് തുടക്കമായി. ആവശ്യക്കാര്‍ക്ക് കെഎസ്ആര്‍ടിസി (KSRTC) ബസ് വഴി കാലിത്തീറ്റ എത്തിക്കുന്നതാണ് ഈ പദ്ധതിയെന്ന് കേരള ഫീഡ്‍സ് (Kerala Feeds) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
 
തിരുവനന്തപുരം വികാസ് ഭവന്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ പദ്ധതി മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്‍തു. നവംബര്‍ 5 മുതല്‍ ഫീഡ് ഓണ്‍ വീല്‍സ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പരീക്ഷണ ഓട്ടം വിജയകരമായതിനെ തുടര്‍ന്നാണ് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത്. കര്‍ഷകര്‍ക്ക് കന്നുകാലി, കോഴി, ആട് എന്നിവയ്ക്കുള്ള തീറ്റ ബസില്‍നിന്ന് നേരിട്ടു വാങ്ങാം. 40 രൂപ മുതല്‍ 300 രൂപ വരെ സബ്സിഡി നിരക്കില്‍ ഇത് ലഭിക്കും. കര്‍ഷകര്‍ക്ക് ഫോണ്‍ വഴിയോ എസ്എംഎസ് വഴിയോ കാലിത്തീറ്റ ബുക്ക് ചെയ്‍താല്‍ തീറ്റ അവരുടെ മുറ്റത്ത് എത്തുമെന്നും മന്ത്രി പറഞ്ഞു.

ഫീഡ് ഓണ്‍ വീല്‍സിന്‍റെ ഫ്ളാഗ് ഓഫ് ഗതാഗത മന്ത്രി ആന്‍റണി രാജു നിര്‍വ്വഹിച്ചു. ഈ ബസ് രണ്ടു ദിവസം തിരുവനന്തപുരം ജില്ലയില്‍ സഞ്ചരിക്കും. രണ്ടു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മില്‍ കൈകോര്‍ക്കുന്ന നൂതന പദ്ധതിയായ ഫീഡ് ഓണ്‍ വീല്‍സ് ക്ഷീര കര്‍ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയുണ്ടാക്കുമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. വരുമാന പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെഎസ്ആര്‍ടിസിയെ വരുമാനം വര്‍ധിപ്പിച്ച് സ്വന്തം കാലില്‍ നിര്‍ത്താനുള്ള പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയാത്ത കെഎസ്ആര്‍ടിസി ബസുകളെ മറ്റു രീതിയില്‍ ഉപയോഗപ്പെടുത്തി വരുമാനമുണ്ടാക്കും. ടിക്കറ്റേതര വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആര്‍ടിസി നിരവധിയായ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫീഡ് ഓണ്‍ വീല്‍സിന്‍റെ ആദ്യവില്‍പ്പന കേരള ഫീഡ്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ബി.ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. പേമാരിയില്‍ സര്‍വതും നഷ്‍ടപ്പെട്ട കര്‍ഷകര്‍ പശുക്കള്‍ക്ക് കാലിത്തീറ്റ ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടുകയാണിപ്പോള്‍. പലയിടത്തും ഏജന്‍സി വഴി കാലിത്തീറ്റ ലഭിക്കുന്നത് ദുഷ്‍കരമാണ്. ഈ പ്രതിസന്ധി മറികടക്കുന്നതിന് കേരള ഫീഡ്‍സ് ആവിഷ്‍കരിച്ചതാണ് ഫീഡ് ഓണ്‍ വീല്‍സ് പദ്ധതി. കാലിത്തീറ്റ ആവശ്യമുള്ളവര്‍ കേരള ഫീഡ്‍സില്‍ ബന്ധപ്പെട്ടാല്‍ അവരുടെ സ്ഥലത്തേക്ക് കെഎസ്ആര്‍ടിസി ലൊജിസ്റ്റിക്സ് സംവിധാനം ബസ് വഴി കുറഞ്ഞ വിലയ്ക്ക് കാലിത്തീറ്റയെത്തിക്കും.

കേരള ഫീഡ്‍സിന്‍റെ ഏജന്‍സിയില്ലാത്ത സ്ഥലങ്ങളില്‍ മിതമായ വിലയ്ക്ക് ഉത്പന്നങ്ങളുടെ വിതരണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കേരള ഫീഡ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ ബി ശ്രീകുമാര്‍ പറഞ്ഞു. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കണക്കിലെടുത്ത് കേരള ഫീഡ്സിന്‍റെ എല്ലാ ഉല്‍പ്പന്നങ്ങളും പ്രത്യേക വിലക്കിഴിവിലാണ് ലഭ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്‍റ് ബോര്‍ഡ് എം.ഡി ഡോ.ജോസ് ജെയിംസ്, കൗണ്‍സിലര്‍ മേരി പുഷ്പം, കേരള ഫീഡ്സ് ലിമിറ്റഡ് ഡെപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ ഷൈന്‍ എസ്.ബാബു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഉത്പന്നങ്ങളെ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് 9447490116 എന്ന നമ്പറില്‍ ബന്ധപ്പെടാം.  2018, 2019 വര്‍ഷങ്ങളിലെ മഹാപ്രളയത്തിലും കോവിഡ് പ്രതിസന്ധിയിലും സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി നിന്നത് കേരള ഫീഡ്‍സ് ആയിരുന്നു. പ്രളയസമയത്ത് വിവിധ ജില്ലകളില്‍ സൗജന്യനിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന 'സ്നേഹസ്‍പര്‍ശം' പദ്ധതി കേരള ഫീഡ്‍സ് നടപ്പാക്കി. രാജ്യവ്യാപക ലോക് ഡൗണിലും കാലിത്തീറ്റ നിര്‍മ്മാണ അസംസ്‍കൃത വസ്‍തുക്കള്‍ അവശ്യസേവന വിഭാഗത്തില്‍പെടുത്തി കാലിത്തീറ്റ ക്ഷാമം ഉണ്ടാകാതെ സംരക്ഷിച്ചതും കേരള ഫീഡ്‍സിന്‍റെ പരിശ്രമഫലമായാണ്.  

Follow Us:
Download App:
  • android
  • ios