Asianet News MalayalamAsianet News Malayalam

ആ വാഹനത്തിന്‍റെ ബുക്കിംഗ് തുടങ്ങി, ഇന്നോവയ്ക്ക് നെഞ്ചിടിപ്പും!

ഇന്ത്യന്‍ എംയുവി വിപണിയിലെ രാജാവ് ടൊയോട്ട ഇന്നോവയ്ക്ക് ഇരുട്ടടി. ഈ വാഹനത്തിനുള്ള ബുക്കിംഗ് തുടങ്ങി

Kia Carnival Bookings Commence in India
Author
Mumbai, First Published Dec 7, 2019, 9:15 AM IST

സെല്‍റ്റോസ് എന്ന കന്നിയങ്കക്കാരന്‍റെ മിന്നും വിജയത്തിനു പിന്നാലെ കൂടുതല്‍ വാഹനങ്ങളെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹ്യുണ്ടായിയുടെ സഹോദര സ്ഥാപനമായ കിയ. ഇന്ത്യൻ എംയുവി വിപണിയിലെ രാജാവ് ടൊയോട്ട ഇന്നോവയ്ക്ക് ഇരുട്ടടിയുമായിട്ടാണ് കിയ മോട്ടോഴ്‍സിന്‍റെ ഗ്രാൻഡ് കാർണിവൽ വരുന്നത്. ഈ വാഹനത്തിനുള്ള ബുക്കിംഗ് തുടങ്ങിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

2020 ജനുവരിയില്‍ വാഹനം നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. വിദേശ നിരത്തുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ഈ വാഹനം എത്തിയിരുന്നു. കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയിൽ കിയ പ്രദർശിപ്പിച്ച 16 മോ‍ഡലുകളിലൊന്നാണ് കാർണിവെൽ.

ഇന്നോവയെക്കാൾ വലിപ്പമുള്ള വാഹനത്തിന് 5115 എംഎം നീളവും 1985 എംഎം വീതിയും 1755 എംഎം പൊക്കവുമുണ്ട്. സെഡോന എന്ന പേരിലാവും വാഹനം എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 200 ബിഎച്ച്പി കരുത്തുള്ള 2.2 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം.  ഈ എഞ്ചിന്‍ 196 ബിഎച്ച്പി പവറും 441 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.  ഡ്യുവൽ സൺറൂഫ്, ത്രീ സോൺ എസി, ട്രാഫിക് അലേർട്ട്, സിസ്റ്റും തുടങ്ങി നിരവധി ഫീച്ചറുകളും വാഹനത്തെ വേറിട്ടതാക്കുന്നു. ഗ്രില്ലിന് ഇരുവശത്തും മൂര്‍ച്ചയേറിയ 'സ്‌മോക്ക്ഡ്' ഹെഡ്‌ലാമ്പുകളെ കാണാം. വശങ്ങളില്‍ അലോയ് വീല്‍ ശൈലിയും എടുത്തുപറയണം.

ഫീച്ചറുകളാല്‍ സമ്പന്നമാണ് കാര്‍ണിവലിന്റെ ഇന്റീരിയര്‍. ചിട്ടയായി നല്‍കിയിരിക്കുന്ന നിരവധി സ്വിച്ചുകളാണ് സെന്റര്‍ കണ്‍സോളിന്റെ പ്രധാന ആകര്‍ഷണം. ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം, ടു സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയും ഇതിലുണ്ട്. എട്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്‍സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, ക്യാമറ, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, ലെയിൻ ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ് എന്നിങ്ങനെ സുരക്ഷയിലും കാര്‍ണിവല്‍ മികച്ചു നില്‍ക്കുന്നു.

രാജ്യാന്തര വിപണിയിൽ കൂടുതൽ സീറ്റുകളുള്ള ലേഔട്ടുകളുണ്ടെങ്കിലും ഇന്ത്യയിൽ എത്ര സീറ്റുള്ള വാഹനമാണ് പുറത്തിറക്കുന്നതെന്ന് വ്യക്തമല്ല. ഏഴ്, എട്ട്, പതിനൊന്ന് എന്നീ സീറ്റ് ഓപ്ഷന്‍ വിദേശത്തുള്ള കാര്‍ണിവലിനുണ്ടെങ്കിലും മികച്ച യാത്രാസുഖം ഉറപ്പാക്കാന്‍ ഏഴു സീറ്റുള്ള പതിപ്പാണ് ഇന്ത്യയില്‍  കിയ പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മധ്യനിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഉള്‍വലിയുന്ന വിധത്തിലുള്ള ഫുട്‌റസ്റ്റുമൊക്കെയുള്ള പതിപ്പും ഗ്രാന്‍ഡ് കാര്‍ണിവലിനുണ്ട്. എന്തായാലും വില നിയന്ത്രിക്കാന്‍ പ്രാദേശികമായാകും വാഹനത്തിന്‍റെ നിര്‍മ്മാണം കിയ പൂര്‍ത്തിയാക്കുക.  20 ലക്ഷം രൂപ മുതലാവും വാഹനത്തിന്‍റെ വില തുടങ്ങുന്നത്.

അതേസമയം സെല്‍റ്റോസിന്‍റെ സ്വീകാര്യതയും എതിരാളികളെ അമ്പരിപ്പിക്കുന്നുണ്ട്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്. നവംബര്‍ മാസം 14005 സെല്‍റ്റോസാണ് ഇന്ത്യന്‍ നിരത്തുകളിലെത്തിയത്. ഇതോടെ ഇന്ത്യന്‍ നിരത്തുകളില്‍ സെല്‍റ്റോസിന്റെ 40,000 യൂണിറ്റ് എത്തിയെന്ന് കിയ പറയുന്നു.

2019 ആഗസ്റ്റിലാണ് വാഹനം വിപണിയിലെത്തുന്നത്. അവതരിപ്പിച്ച് ആദ്യ മാസം 6236 യൂണിറ്റാണ് പുറത്തിറങ്ങിയത്. സെപ്റ്റംബറില്‍ 7754 യൂണിറ്റിലെത്തി. ഒക്ടോബര്‍ മാസത്തോടെ വില്‍പ്പന 10000 കടന്നു. 12,800 സെല്‍റ്റോസാണ് ഒക്ടോബറില്‍ നിരത്തിലെത്തിയത്.

ഒക്ടോബറില്‍ മാത്രം 12,800 സെല്‍റ്റോസുകളാണ് ഇന്ത്യന്‍ നിരത്തിലെത്തിയത്.കോംപാക്ട് എസ്‌യുവികളുടെ ഒക്ടോബര്‍ വില്‍പ്പനയില്‍ ഒന്നാമന്‍ സെല്‍റ്റോസാണ്. സെല്‍റ്റോസിനുള്ള ആവശ്യക്കാരുടെ എണ്ണം ഉയര്‍ന്നതോടെ വാഹനത്തിന്റെ ബുക്കിങ്ങ് കാലാവധി ഉയര്‍ത്താന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios