Asianet News MalayalamAsianet News Malayalam

കാര്‍ണിവല്‍ അവതരിച്ചു, നിരത്തില്‍ ഇന്നോവയെ വെട്ടാന്‍!

ദില്ലി ഓട്ടോ എക്സ്പോയില്‍ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ, തങ്ങളുടെ ഏറ്റവും പുതിയ കാർണിവൽ എംപിവിയെ അവതരിപ്പിച്ചു

Kia Carnival launched in India at Auto Expo 2020
Author
Greater Noida, First Published Feb 5, 2020, 3:30 PM IST

ഇന്ത്യൻ എംയുവി വിപണിയിലെ രാജാവ് ടൊയോട്ട ഇന്നോവയ്ക്ക് ഇരുട്ടടിയുമായി കിയയുടെ കാര്‍ണിവല്‍ എത്തി. ഫെബ്രുവരി അഞ്ചിന് ആരംഭിച്ച ദില്ലി ഓട്ടോ എക്സ്പോയിലാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ, തങ്ങളുടെ ഏറ്റവും പുതിയ കാർണിവൽ എംപിവിയെ അവതരിപ്പിച്ചത്.  24.95 ലക്ഷം മുതൽ 33.95 ലക്ഷം വരെയാണ് കാർണിവലിന്റെ വില. സെൽറ്റോസ് എന്ന ആദ്യ വാഹനത്തിലൂടെ തന്നെ ഇന്ത്യൻ വിപണിയിൽ ശ്രദ്ധേയരായ കമ്പനിയാണ് കിയ. കിയയുടെ ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായ കാര്‍ണിവലിന്‍റെ വിശേഷങ്ങള്‍ അറിയാം. 

ഇന്നോവയ്ക്കും മീതെ
ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് മുകളിലായിരിക്കും വിപണിയിൽ കാർണിവലിന്റെ സ്ഥാനം. ഇന്നോവയെക്കാൾ വലിപ്പമുള്ള വാഹനത്തിന് 5115 എംഎം നീളവും 1985 എംഎം വീതിയും 1755 എംഎം പൊക്കവുമുണ്ട്. വിദേശ നിരത്തുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ഈ വാഹനം എത്തിയിരുന്നു. 2018 ദില്ലി ഓട്ടോ എക്സ്പോയിൽ കിയ പ്രദർശിപ്പിച്ച 16 മോ‍ഡലുകളിലൊന്നായിരുന്നു കാർണിവൽ.

വേരിയന്റുകൾ
പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭിക്കുന്ന കാർണിവലിന് 7, 8, 9 എന്നിങ്ങനെ മൂന്ന് സീറ്റിംഗ് ഓപ്‌ഷനുകളാണ് കിയ നൽകിയിരിക്കുന്നത്. ബേസ് പ്രീമിയം പതിപ്പിൽ 7 അല്ലെങ്കിൽ 8 ആയിരിക്കും. 7 അല്ലെങ്കിൽ 9 സീറ്റ് ഫോർമാറ്റിൽ ആണ് പ്രസ്റ്റീജ് എത്തുന്നത്. അതേസമയം ഏറ്റവും ഉയർന്ന പതിപ്പായ ലിമോസിൻ 7-സീറ്റർ ആയിരിക്കും.

അടിസ്ഥാന വകഭേദമായ പ്രീമിയത്തിൽ (ഏഴ്, എട്ട് സീറ്റുകളിൽ ലഭിക്കും) ടച്ച് സ്‍ക്രീ ഇൻഫോടൈൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലെ, ക്രൂസ് കൺട്രോൾ, പുഷ് ബട്ടൻ സ്റ്റാർട്ട്, 18 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.

രണ്ടാമത്തെ വകഭേദമായ പ്രസ്റ്റീജിൽ എൽഇഡി പ്രൊജക്റ്റർ ഹെഡ്‌ലാംപ്, ഐസ് ക്യൂബ് എൽഇഡി ഫോഗ് ലാംപ്, എൽഇഡി ടെയിൽ ലാംപ്, ഡ്യുവൽ പാനൽ ഇലക്ട്രിക് സൺറൂഫ്, കോർണർ ബ്രേക്ക് കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഏഴ്, ഒമ്പത് സീറ്റ് വകഭേദങ്ങളിൽ പ്രസ്റ്റീജ് ലഭിക്കും. 

എം‌പിവിയുടെ ഏറ്റവും ഉയർന്ന മോഡലായിരിക്കും ലിമോസിൻ പതിപ്പ്. സ്റ്റാൻഡേർഡായി ആഡംബര VIP സീറ്റുകളുള്ള ഏഴ് സീറ്റർ വാഹനമാണിത്. വാഹനത്തിലെ എല്ലാ അപ്ഹോൾസ്റ്ററികളും നാപ്പ ലെതറിനാൽ നിർമ്മിച്ചതാണ്. സ്റ്റിയറിംഗ് വീലിന് പോലും ലെതർ റാപ്പിംഗ് ലഭിക്കും. 

ഏഴു സീറ്റ് വകഭേദത്തിൽ മാത്രമായിരിക്കും ഉയർന്ന വകഭേദമായ ലിമോസിൻ ലഭിക്കുക. മൂന്നു സോൺ ക്ലൈമറ്റ് കൺട്രോൾ,  പിൻ സീറ്റ് യാത്രികർക്കായി രണ്ട് 10.1 ഇഞ്ച് സ്ക്രീൻ സഹിതമാണ് ലിമോസിൻ എത്തുക. സെൽറ്റോസിന് സമാനമായ UVO കണക്റ്റഡ് ഇൻ‌ഫോടെയ്ൻ‌മെന്റ് സിസ്റ്റം ഉൾപ്പെടെയുള്ള സവിശേഷതകളും ഈ പതിപ്പിലുണ്ട്.

​ഫീച്ചറുകൾ
ഇന്ത്യൻ നിരത്തുകൾക്കായി ഒരുപിടി പുത്തൻ ഫീച്ചറുകളാണ് കിയ നൽകിയിരിക്കുന്നത്. ഫ്രണ്ട്, റിയർ പാർക്കിങ് സെൻസറുകൾ മികച്ച സുരക്ഷയ്ക്കായി നൽകിയിട്ടുണ്ട്. ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ആറ് എയർബാഗുകളും, ഇബിഡിയുമുള്ള എബിഎസ് എന്നിവയാണ് കാർണിവലിന്റെ മറ്റ് പ്രധാന ആകർഷണങ്ങൾ.

മൂന്ന്-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റത്തിനൊപ്പം ഇലക്ട്രിക്കലി തുറക്കാനും അടയ്ക്കാനും കഴിയുന്ന പിൻ ഡോറുകൾ, ഹർമാൻ കാർഡൺ എട്ട്-സ്പീക്കർ സിസ്റ്റം, എയർ പ്യൂരിഫയർ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, വെന്റിലേഷനോടുകൂടിയ 10 തരത്തിൽ ഇലക്ട്രികലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് എന്നിവയും ടോപ്പ്-ഓഫ്-ലൈൻ എന്നിവയും വാഹനത്തിലുണ്ട്.

ഡ്യൂവൽ പാനൽ ഇലക്ട്രിക്ക് സൺറൂഫ്, സ്മാർട്ഫോൺ കണക്ടിവിറ്റിയുള്ള 8-ഇഞ്ചുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, കിയയുടെ UVO കണക്ട് ചെയ്ത കാർ ടെക്, മധ്യ നിരയ്ക്ക് വേണ്ടിയുള്ള രണ്ട് 10.1-ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലേ, ഇലക്ട്രിക്ക് ടെയിൽഗേറ്റ്, പവർ സ്ലൈഡിങ് റിയർ ഡോറുകൾ എന്നിവയും കാർണിവലിലുണ്ട്. LED ഹെഡ്‍ലാംപുകൾ, അലോയ് വീലുകൾ എന്നിങ്ങനെ ഫീച്ചർ സമൃദ്ധമാണ് കാർണിവൽ. ഇത് കൂടാതെ ധാരാളം യുഎസ്ബി ചാർജിംഗ് പോയിന്റുകൾ, ഫ്രണ്ട് & കർട്ടൻ എയർബാഗുകൾ, റിയർ ക്രോസ്-ട്രാഫിക് അലേർട്ട് തുടങ്ങിയ സംവിധാനങ്ങളും കാർണിവലിലുണ്ട്.

എഞ്ചിൻ
ബിഎസ് 6 നിലവാരത്തിലുള്ള 2.2 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. 3,800 rpm -ൽ പരമാവധി  200 എച്ച്പി കരുത്തും 1,500 മുതൽ 2,750 rpm -ൽ  440 എൻഎം  ടോർക്കും ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍. 

നിറങ്ങള്‍
വൈറ്റ്, സിൽവർ, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് കാർണിവൽ ലഭ്യമാവുക. ഡ്യൂവൽ ടോൺ ബ്ലാക്ക്, ബെയ്ജ് കളർ സ്കീമാണ് ഇന്റീരിയറിന് നൽകിയിരിക്കുന്നത്.

​വില
കാര്‍ണിവലിന്‍റെ വിവിധ മോഡലുകളുടെ വിലകള്‍ താഴെക്കൊടുന്നു

1. പ്രീമിയം 7 സീറ്റർ – 24.95 ലക്ഷം

2. പ്രീമിയം 8  സീറ്റർ – 25.15 ലക്ഷം

3. പ്രെസ്റ്റീജ് 7 സീറ്റർ – 28.95 ലക്ഷം

4. പ്രെസ്റ്റീജ് 9 സീറ്റർ – 29.95 ലക്ഷം

5. ലിമോസിൻ 7 സീറ്റർ – 33.95 ലക്ഷം

ഞെട്ടിച്ച ബുക്കിംഗ്
ലോഞ്ചിന് മുൻപേ വാർത്തകളിൽ ഇടംപിടിച്ച കാർണിവൽ ബുക്കിംഗ് ആരംഭിച്ച ആദ്യ ദിവസം തന്നെ 1,410 ഓർഡറുകളാണ് വാരിക്കൂട്ടിയത്. നിലവിൽ ആകെ 3,500 ബുക്കിങ് ആണ് കാർണിവലിന് ലഭിച്ചിരിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios