Asianet News MalayalamAsianet News Malayalam

കാര്‍ണിവലിന്‍റെ 'പണി' കിയ തുടങ്ങി, തീരുമോ ഇന്നോവയുടെ 'പണി'?

കാര്‍ണിവലിന്‍റെ നിര്‍മ്മാണം ആന്ധ്രയിലെ കിയയുടെ പുതിയ  പ്ലാന്റില്‍. 

Kia Carnival will manufacture at Kias Anantapuram plant
Author
Anantapuram, First Published Dec 13, 2019, 9:50 AM IST

ഇന്ത്യൻ എംയുവി വിപണിയിലെ രാജാവ് ടൊയോട്ട ഇന്നോവയ്ക്ക് ഇരുട്ടടിയുമായിട്ടാണ് കിയ മോട്ടോഴ്‍സിന്‍റെ ഗ്രാൻഡ് കാർണിവൽ വരുന്നത്. 2020 തുടക്കത്തില്‍ ഈ വാഹനം ഇന്ത്യയില്‍ നിര്‍മിച്ചുതുടങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആന്ധ്ര പ്രദേശിലെ അനന്തപുരിലെ കിയയുടെ പുതിയ  പ്ലാന്റിലായിരിക്കും കാര്‍ണിവലിന്‍റെ നിര്‍മ്മാണം. 2020 ഓട്ടോ എക്‌സ്‌പോയില്‍ ഈ പ്രീമിയം എംപിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഈ വാഹനത്തിനുള്ള ബുക്കിംഗ് കമ്പനി നേരത്ത തുടങ്ങിയിരുന്നു.

വിദേശ നിരത്തുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ഈ വാഹനം എത്തിയിരുന്നു. കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയിൽ കിയ പ്രദർശിപ്പിച്ച 16 മോ‍ഡലുകളിലൊന്നായിരുന്നു കാർണിവെൽ. ഇന്നോവയെക്കാൾ വലിപ്പമുള്ള വാഹനത്തിന് 5115 എംഎം നീളവും 1985 എംഎം വീതിയും 1755 എംഎം പൊക്കവുമുണ്ട്. സെഡോന എന്ന പേരിലാവും വാഹനം എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 200 ബിഎച്ച്പി കരുത്തുള്ള 2.2 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം.  ഈ എഞ്ചിന്‍ 196 ബിഎച്ച്പി പവറും 441 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.  ഡ്യുവൽ സൺറൂഫ്, ത്രീ സോൺ എസി, ട്രാഫിക് അലേർട്ട്, സിസ്റ്റും തുടങ്ങി നിരവധി ഫീച്ചറുകളും വാഹനത്തെ വേറിട്ടതാക്കുന്നു. ഗ്രില്ലിന് ഇരുവശത്തും മൂര്‍ച്ചയേറിയ 'സ്‌മോക്ക്ഡ്' ഹെഡ്‌ലാമ്പുകളെ കാണാം. വശങ്ങളില്‍ അലോയ് വീലുകളാണ്. 

ഫീച്ചറുകളാല്‍ സമ്പന്നമാണ് ഇന്റീരിയര്‍. ചിട്ടയായി നല്‍കിയിരിക്കുന്ന നിരവധി സ്വിച്ചുകളാണ് സെന്റര്‍ കണ്‍സോളിന്റെ പ്രധാന ആകര്‍ഷണം. ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം, ടു സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയും ഇതിലുണ്ട്. എട്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്‍സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, ക്യാമറ, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, ലെയിൻ ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ് എന്നിങ്ങനെ സുരക്ഷയിലും കാര്‍ണിവല്‍ മികച്ചു നില്‍ക്കുന്നു.

രാജ്യാന്തര വിപണിയിൽ കൂടുതൽ സീറ്റുകളുള്ള ലേഔട്ടുകളുണ്ടെങ്കിലും ഇന്ത്യയിൽ എത്ര സീറ്റുള്ള വാഹനമാണ് പുറത്തിറക്കുന്നതെന്ന് വ്യക്തമല്ല. ഏഴ്, എട്ട്, പതിനൊന്ന് എന്നീ സീറ്റ് ഓപ്ഷന്‍ വിദേശത്തുള്ള കാര്‍ണിവലിനുണ്ടെങ്കിലും മികച്ച യാത്രാസുഖം ഉറപ്പാക്കാന്‍ ഏഴു സീറ്റുള്ള പതിപ്പാണ് ഇന്ത്യയില്‍  കിയ പരിഗണിക്കുന്നതെന്നാണ് സൂചന. മധ്യനിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഉള്‍വലിയുന്ന വിധത്തിലുള്ള ഫുട്‌റസ്റ്റുമൊക്കെയുള്ള പതിപ്പും ഗ്രാന്‍ഡ് കാര്‍ണിവലിനുണ്ട്. എന്തായാലും വില നിയന്ത്രിക്കാന്‍ പ്രാദേശികമായാകും വാഹനത്തിന്‍റെ നിര്‍മ്മാണം കിയ പൂര്‍ത്തിയാക്കുക.  20 ലക്ഷം രൂപ മുതലാവും വാഹനത്തിന്‍റെ വില തുടങ്ങുന്നത്.

അതേസമയം സെല്‍റ്റോസിന്‍റെ സ്വീകാര്യതയും എതിരാളികളെ അമ്പരിപ്പിക്കുന്നുണ്ട്. 2019 ആഗസ്റ്റിലാണ് വാഹനം വിപണിയിലെത്തുന്നത്.  നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്. നവംബര്‍ മാസം 14005 സെല്‍റ്റോസാണ് ഇന്ത്യന്‍ നിരത്തുകളിലെത്തിയത്. ഇതോടെ ഇന്ത്യന്‍ നിരത്തുകളില്‍ സെല്‍റ്റോസിന്റെ 40,000 യൂണിറ്റ് എത്തിയെന്ന് കിയ പറയുന്നു.

കിയയുടെ അനന്തപൂര്‍ പ്ലാന്‍റ് അടുത്തിടെയാണ് പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിച്ചത്. 2017 അവസാനമാണ് ഈ പ്ലാന്റിന്റെ നിര്‍മ്മാണം തുടങ്ങിയത്.  1.1 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപം നടത്തി നിര്‍മ്മിച്ച പ്ലാന്റ് ഇപ്പോള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാണ്.

പ്രതിവര്‍ഷം 300,000 യൂണിറ്റ് വരെ ഉത്പാദിപ്പിക്കാന്‍ അനന്തപുര്‍ നിര്‍മ്മാണശാലയ്ക്ക് കഴിയും. പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ക്ക് പുറമേ സെല്‍റ്റോസ്, ഭാവിയിലെ ഇലക്ട്രിക്ക്, ഹൈബ്രിഡ് വാഹനങ്ങള്‍ എന്നിവയുടെ ഉത്പാദനവും പ്രാദേശികവത്ക്കരിക്കാന്‍ പുതിയ പ്ലാന്റ് കിയ മോട്ടോര്‍സിനെ പ്രാപ്‍തമാക്കുന്നു.

സെല്‍റ്റോസ്, കാര്‍ണിവല്‍ എന്നിവ കൂടാതെ ക്യുവൈഐ എന്ന് കോഡ് നാമം നല്‍കിയ പുതിയൊരു സബ്‌കോംപാക്റ്റ് എസ്‌യുവിയും അനന്തപുര്‍ പ്ലാന്റില്‍ നിര്‍മിക്കും. 2020 അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്തുന്ന കിയ ക്യുവൈഐ എസ്‌യുവിയുടെ പ്രധാന എതിരാളികള്‍ ഹ്യുണ്ടായ് വെന്യൂ, മാരുതി സുസുകി വിറ്റാര ബ്രെസ, ഫോഡ് എക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര എക്‌സ്‌യുവി 300 എന്നിവയായിരിക്കും.

Follow Us:
Download App:
  • android
  • ios