കിയ ഡിജി-കണക്ട് എന്ന ആപ്പാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ വാഹനം വാങ്ങാന്‍ അതിനൂതനമായ പുതിയ ഒരു സംവിധാനം കൂടി അവതരിപ്പിച്ചു. കിയ ഡിജി-കണക്ട് എന്ന ആപ്പാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ ആദ്യത്തെ വീഡിയോ ബെയ്‌സ്‍ഡ് ലൈവ് സെയില്‍സ് കണ്‍സള്‍ട്ടേഷന്‍ പ്രോഗ്രാമാണ് കിയ ഡിജി-കണക്ട് ആപ്പ് എന്നാണ് കിയ പറയുന്നത്. 

പുതിയ ആപ്പിന്റെ സഹായത്തോടെ ഉപയോക്താവിന്റെ സമീപത്തുള്ള ഡീലര്‍ഷിപ്പുമായി കണക്ട് ചെയ്യാം. തുടർന്ന് വീഡിയോ കോണ്‍ഫറന്‍സ് പ്ലാറ്റ്‌ഫോമിലൂടെ വാഹനവുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും ഉറപ്പാക്കുകയും ചെയ്യാമെന്നാണ് റിപ്പോർട്ട്. ഈ ലൈവ് വീഡിയോ ഇന്ററാക്ഷനില്‍ മുഖാമുഖമുള്ള ഇടപാടുകളില്‍ കമ്പനിയുടെ പ്രതിനിധികള്‍ പാലിക്കുന്ന എല്ലാ മര്യാദകളും ഉറപ്പാക്കുമെന്നാണ് കിയ മോട്ടോഴ്‌സ് വ്യക്തമാക്കുന്നത്. വീഡിയ കോണ്‍ഫറന്‍സിങ്ങിലൂടെ വാഹനം പൂര്‍ണമായും കണ്ട് അറിയാനും മറ്റുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കോവിഡ് 19 രണ്ടാം ഘട്ടമുണ്ടാക്കുന്ന വലിയ പ്രതിസന്ധി കണക്കിലെടുത്ത് കോണ്ടാക്ട് ലെസ് ഇടപാടുകള്‍ ഉറപ്പാക്കുന്നതിനാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്. കൂടാതെ മികച്ചതും പുരോഗമനപരവുമായി സേവനം ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് കിയ മോട്ടോഴ്‌സ് ഇന്ത്യയിലെ തന്നെ ആദ്യത്തെ കിയ ഡിജിറ്റല്‍ കണക്ട് സംവിധാനം കൊണ്ടുവന്നതെന്ന് കിയ ഇന്ത്യയുടെ മേധാവി അറിയിച്ചു.

അടുത്തിടെയാണ് കിയ ഇന്ത്യ തങ്ങളുടെ ബ്രാന്‍ഡ് പുനര്‍ നാമകരണം പ്രഖ്യാപിച്ചത്. 'കിയ മോട്ടോര്‍സ് ഇന്ത്യ' ആണ് 'കിയ ഇന്ത്യ'യായി മാറിയത്. ദക്ഷിണ കൊറിയക്ക് ശേഷം ബ്രാന്‍ഡ് പുനര്‍ നാമകരണം നടപ്പാക്കുന്ന ആദ്യ രാജ്യം ഇന്ത്യയാണ്. ബ്രാന്‍ഡ് പുനര്‍ നാമകരണത്തിനൊപ്പം ലോഗോ നവീകരണവും 'മൂവ്‌മെന്റ് ദാറ്റ് ഇന്‍സ്പയേഴ്‌സ്' എന്ന പുതിയ ആപ്‍തവാക്യവും കൂടി സ്വീകരിച്ചിട്ടുണ്ട് കിയ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona