Asianet News MalayalamAsianet News Malayalam

വമ്പൻ കുതിപ്പ് ലക്ഷ്യമിട്ട് കിയ ഇന്ത്യ; പുതിയ എസ്‌യുവികൾ, എംപിവികൾ, ഇവികൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു

പുതിയ കിയ മൈക്രോ എസ്‌യുവിയെക്കുറിച്ച് പറയുകയാണെങ്കിൽ, മോഡലിൻ്റെ പ്രൊഡക്ഷൻ പതിപ്പിന് സിയാറോ എന്നോ ക്ലാവിസ് എന്നോ പേരിടാൻ സാധ്യതയുണ്ട്. ഇത് ടാറ്റ പഞ്ച്, ഹ്യുണ്ടായ് എക്‌സ്‌റ്റർ എന്നിവയ്‌ക്കെതിരെ മത്സരിക്കും

kia india New SUVs, MPVs and EVs are all set to be introduced
Author
First Published May 27, 2024, 1:14 PM IST

പുതിയ എസ്‌യുവികൾ, എംപിവികൾ, ഇവികൾ എന്നിവ അവതരിപ്പിച്ച് സമീപഭാവിയിൽ വമ്പൻ കുതിപ്പ് ലക്ഷ്യമിട്ട് കിയ ഇന്ത്യ. കിയ സിയാറോ അഥവാ ക്ലാവിസ് മൈക്രോ എസ്‌യുവി, പുതുക്കിയ കാരെൻസ്, പുതിയ തലമുറ കാർണിവൽ, EV9 ഇലക്ട്രിക് എസ്‌യുവി എന്നിവ ഉൾപ്പെടെ അഞ്ച് മോഡലുകളുടെ രൂപരേഖയാണ് കമ്പനിയുടെ പ്ലാനിലുള്ളത്. കിയ EV3 യുടെ ഇന്ത്യയിലെ വരവിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ലെങ്കിലും, മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം 2025 ൻ്റെ തുടക്കത്തിൽ ഇത് ഇവിടെയും ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്.

പുതിയ കിയ മൈക്രോ എസ്‌യുവിയെക്കുറിച്ച് പറയുകയാണെങ്കിൽ, മോഡലിൻ്റെ പ്രൊഡക്ഷൻ പതിപ്പിന് സിയാറോ എന്നോ ക്ലാവിസ് എന്നോ പേരിടാൻ സാധ്യതയുണ്ട്. ഇത് ടാറ്റ പഞ്ച്, ഹ്യുണ്ടായ് എക്‌സ്‌റ്റർ എന്നിവയ്‌ക്കെതിരെ മത്സരിക്കും. ഇതിൻ്റെ പരീക്ഷണം ആരംഭിച്ചുകഴിഞ്ഞു. അതിൻ്റെ ചില ഡിസൈൻ വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന പ്രോട്ടോടൈപ്പുകൾ പരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകൾ.

കിയയുടെ സിഗ്നേച്ചർ ഗ്രിൽ, ലംബമായി സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽലാമ്പുകളും, റൂഫ് റെയിലുകൾ, കട്ടിയുള്ള ബോഡി ക്ലാഡിംഗ് എന്നിവയ്‌ക്കൊപ്പം ബോക്‌സി സ്റ്റാൻസും സിയാരോയിലുണ്ടാകും. ബോസ് ഓഡിയോ സിസ്റ്റം, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, 360-ഡിഗ്രി ക്യാമറ, വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ് എന്നിങ്ങനെയുള്ള ചില നൂതന ഫീച്ചറുകൾ ഇതിൽ നൽകപ്പെടാൻ സാധ്യതയുണ്ട്. പക്ഷേ ഈ സവിശേഷതകൾ മുൻനിര ട്രിമ്മുകൾക്കായി മാത്രം നീക്കിവച്ചേക്കാം. തുടക്കത്തിൽ, ഇത് പെട്രോൾ എഞ്ചിനിൽ മാത്രമേ നൽകൂ.

2024 കിയ കാരൻസ് ഫെയ്‌സ്‌ലിഫ്റ്റ് ഈ വർഷം അവസാനത്തോടെ നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള എഞ്ചിൻ സജ്ജീകരണം നിലനിർത്തിക്കൊണ്ടുതന്നെ കോംപാക്റ്റ് എംപിവിക്ക് അകത്തും പുറത്തും കുറഞ്ഞ അപ്‌ഡേറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്. 2023 അവസാനത്തോടെ ആഗോള വിപണിയിൽ അരങ്ങേറ്റം കുറിച്ച പുതിയ തലമുറ കിയ കാർണിവൽ എംപിവി 2025-ൻ്റെ തുടക്കത്തിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. ശ്രദ്ധേയമായ സൗന്ദര്യവർദ്ധക മാറ്റങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളും ഈ വാഹനത്തിൽ ഉണ്ടാകും. എങ്കിലും, മോഡൽ നിലവിലുള്ള 2.2 എൽ, 4-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിക്കുന്നത് തുടരും.

ഈ സാമ്പത്തിക വർഷത്തിൽ ബ്രാൻഡിൻ്റെ 2.0 പരിവർത്തന തന്ത്രത്തിൻ്റെ ഭാഗമായി കിയ EV9 ഇലക്ട്രിക് എസ്‌യുവി വരും. എന്നിരുന്നാലും, അതിൻ്റെ ഔദ്യോഗിക ലോഞ്ച് ടൈംലൈൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആഗോളതലത്തിൽ EV9ൽ RWD ഉള്ള 76.1kWh ബാറ്ററി, RWD ലോംഗ് റേഞ്ചുള്ള 99.8kWh ബാറ്ററി, AWD ഉള്ള 99.8kWh ബാറ്ററി, രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഉൾപ്പെടെ മൂന്ന് പവർട്രെയിനുകൾ ലഭ്യമാണ്.

ഹെഡ് ലൈറ്റിൽ എല്‍ഇഡി അല്ലെങ്കില്‍ എച്ച്ഐഡി ബൾബ് ഉപയോഗം; അമിത പ്രകാശം ആപത്ത്, മുന്നറിയിപ്പുമായി എംവിഡി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios