Asianet News MalayalamAsianet News Malayalam

സോണറ്റിന്‍റെ ബുക്കിംഗ് കുതിക്കുന്നു, ഈ വര്‍ഷം ഇനി വേറെ മോഡല്‍ അവതരിപ്പിക്കില്ലെന്ന് കിയ

കിയ ഇന്ത്യയിലെത്തുന്നത് ഓരോ ആറ് മാസത്തിലും പുതിയ മോഡല്‍ നിരത്തുകളില്‍ എത്തിക്കുകയെന്ന ലക്ഷ്യവുമായാണ്. കിയയുടെ സെല്‍റ്റോസ് മുതല്‍ വരാൻ പോകുന്ന സോണറ്റ് വരെ ഇത് സാധ്യമാക്കിയിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ 2020-ല്‍ പുതിയ മോഡല്‍ എത്തിക്കുന്നില്ലെന്നാണ് കിയ മോട്ടോഴ്‌സ് വ്യക്തമാക്കിയിരിക്കുന്നത്.

Kia Motors About Sonet Booking And New Model
Author
Mumbai, First Published Aug 28, 2020, 10:54 AM IST

കിയ മോട്ടോഴ്‍സിന്‍റെ ഇന്ത്യയിലെ മൂന്നാമത്തെ വാഹനമായ സോണറ്റിനെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് എത്തുന്ന സോണറ്റിന്‍റെ ബുക്കിംഗ് മൂന്നുദിവസം കൊണ്ട്  9000 കടന്നെന്നു കിയ മോട്ടോഴ്സ്. അടുത്ത മാസം വിപണിയിലെത്തുന്ന സോണറ്റ് കമ്പനിയുടെ ബെസ്റ്റ്–സെല്ലർ ആകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

എന്നാല്‍, സോണറ്റിന് ശേഷം ഈ വര്‍ഷം പുതിയ മോഡല്‍ ഇല്ലെന്നാണ് സൂചന. കിയ ഇന്ത്യയിലെത്തുന്നത് ഓരോ ആറ് മാസത്തിലും പുതിയ മോഡല്‍ നിരത്തുകളില്‍ എത്തിക്കുകയെന്ന ലക്ഷ്യവുമായാണ്. കിയയുടെ സെല്‍റ്റോസ് മുതല്‍ വരാൻ പോകുന്ന സോണറ്റ് വരെ ഇത് സാധ്യമാക്കിയിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ 2020-ല്‍ പുതിയ മോഡല്‍ എത്തിക്കുന്നില്ലെന്നാണ് കിയ മോട്ടോഴ്‌സ് വ്യക്തമാക്കിയിരിക്കുന്നത്.

കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ ഏറ്റവും കൂടുതൽ ഫീച്ചറുകളുമായെത്തുന്ന വാഹനമാണു സോണറ്റെന്നും അധികൃതര്‍ പറയുന്നു. കമ്പനിക്ക് ആന്ധ്രാപ്രദേശിലെ അനന്തപുരിലുള്ള ഫാക്ടറിയിൽ 3 ഷിഫ്റ്റ് പ്രവർത്തിപ്പിച്ച് വർഷം 3 ലക്ഷം വാഹനങ്ങൾ നിർമിക്കാനാകും. നിലവിൽ 2 ഷിഫ്റ്റാണുള്ളത്. സോണറ്റിന്റെ ബുക്കിങ്ങിനനുസരിച്ച് ഉൽപാദനത്തോത് ഉയർത്താനാകും. 6 മാസത്തിൽ ഓരോ പുതിയ മോഡൽ വിപണിയിലെത്തിക്കാനുള്ള തീരുമാനം കോവിഡ് സാഹചര്യത്തിലാണു മാറ്റിയതെന്നും കമ്പനി വ്യക്തമാക്കുന്നു.

അരങ്ങേറ്റം കുറിച്ച് ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയില്‍ മെച്ചപ്പെട്ട വിപണിവിഹിതം ഉണ്ടാക്കാന്‍ കിയ മോട്ടോഴ്‌സിന് സാധിച്ചിട്ടുണ്ട്. അതേസമയം, കോവിഡ് മഹാമാരി കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ കുതിപ്പിന്റെ വേഗം കുറച്ചിട്ടുണ്ടെന്ന് കിയ മോട്ടോഴ്‌സ് പറയുന്നു. ബുക്കിംഗ് തുടങ്ങി ആദ്യ ദിവസം തന്നെ ഏകദേശം 6523 ബുക്കിംഗുകളാണ് സോണറ്റിനെ തേടി എത്തിയത്.  25000 രൂപ നൽകി ഓൺലൈനിലൂടെയും കിയ ഷോറൂമിലൂടെയും വാഹനം ബുക്ക് ചെയ്യാം. സെപ്റ്റംബറിൽ വാഹനത്തിന്റെ വില പ്രഖ്യാപിക്കാനിരിക്കുകയാണ് കമ്പനി.

ജിടി ലൈന്‍, ടെക് ലൈന്‍ എന്നീ രണ്ട് വേരിയന്റുകളുമായാണ് വിപണിയിലെത്തുന്നത്. കണ്‍സെപ്റ്റ് മോഡലില്‍ നല്‍കിയിരുന്നതിന് സമാനമായി ടൈഗര്‍ നോസ് ഗ്രില്ലാണ് ഇതിലുള്ളത്. ഹെഡ്‌ലൈറ്റ്, ഡിആര്‍എല്‍, ഫോഗ്‌ലാമ്പ് എന്നിവ എല്‍ഇഡിയിലാണ് തീര്‍ത്തിരിക്കുന്നത്. ബംമ്പറിന്റെ താഴേക്ക് വരുമ്പോള്‍ ഹണികോംമ്പ് ഡിസൈനിലുള്ള എയര്‍ഡാം ഇതിനുതാഴെയായി റെഡ് ലൈനും നല്‍കിയിട്ടുണ്ട്.

വളരെ സ്പോർട്ടിയും അഗ്രസീവുമായ രൂപകൽപ്പനയാണ് കിയ സോണറ്റിനുള്ളത്. നിർമ്മാതാക്കളുടെ സിഗ്നേച്ചർ ടൈഗർ നോസ് ഗ്രില്ല്, ഇരു വശത്തുമായി ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളും എൽഇഡി ഡിആർഎല്ലുകളുമുള്ള ക്രൗൺ-ജുവൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി പ്രൊജക്ടർ ഫോഗ് ലാമ്പുകൾ എന്നിവ വാഹനത്തിന്റെ മുൻവശത്തെ ആകർഷകമാക്കുന്നു.

ഡ്യുവൽ-ടോൺ അലോയി വീലുകൾ, റൂഫ് റെയിലുകൾ, ചങ്കി ബോഡി ക്ലാഡിംഗ് എന്നിവയും വാഹനത്തിൽ ഒരുക്കിയിരിക്കുന്നു. അഗ്രസ്സീവായി കാണപ്പെടുന്ന ഫ്രണ്ട് ഫാസിയയുമായി കിയ കോംപാക്ട്-എസ്‌യുവിക്ക് ഗംഭീരമായ ക്യാരക്ടർ നൽകി. പിന്നിൽ ഇന്റഗ്രേറ്റഡ് സ്പോയിലറും ഹാർട്ട്ബീറ്റ് എൽഇഡി ടെയിൽ ലാമ്പുകളും, ഇരു ടെയിൽ ലാമ്പുകളെ ബന്ധിപ്പിക്കുന്ന എൽഇഡി ലൈറ്റ് ബാറുമായിട്ടാണ് എസ്‌യുവി വരുന്നത്.

ഹ്യുണ്ടായ് വെന്യുവിലെ 1.5-ലിറ്റർ ടർബോ-ഡീസൽ, 1.2 പെട്രോൾ, 1.0-ലിറ്റർ GDI ടർബോ-പെട്രോൾ എന്നിങ്ങനെ 3 എൻജിൻ ഓപ്ഷനുകളാണ് കിയ സോണറ്റിലും. 5-സ്പീഡ് മാന്വൽ, 6 സ്പീഡ് മാന്വൽ, 7 സ്പീഡ് ഡിസിടി എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. ഇത് കൂടാതെ ഇന്റലിജന്റ് മാന്വൽ ട്രാൻസ്മിഷൻ (ഐഎംടി)-ലും കിയ സോണറ്റ് വിപണിയില്‍ എത്തും.

വാഹനത്തിന്‍റെ ആഭ്യന്തര വിപണിയിലെ അവതരണവും വില പ്രഖ്യാപനവും സെപ്റ്റംബറില്‍ നടക്കുമെന്നാണ് കിയ അറിയിച്ചിരിക്കുന്നത്. ഏഴ് മുതല്‍ 12 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്‍റെ വില എന്നാണ് സൂചന

Follow Us:
Download App:
  • android
  • ios