ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സും. രണ്ടുകോടിയുടെ സഹായമാണ് കമ്പനിയുടെ പ്രഖ്യാപനം.

കമ്പനിയുടെ പ്ലാന്‍റ് സ്ഥിതി ചെയ്യുന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് കിയ മോട്ടോഴ്‌സ് രണ്ട് കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ആന്ധ്രയിലെ അനന്ത്പൂരിലാണ് കിയയുടെ നിര്‍മാണ പ്ലാന്റുള്ളത്.

ധനസഹായം കൂടാതെ സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പരിപാടികള്‍ക്ക് ശക്തമായ പിന്തുണ നല്‍കുമെന്നും കിയ മോട്ടോഴ്‌സ് അറിയിച്ചു. ആരോഗ്യ രംഗത്തും, പൊതുജനങ്ങളെ സഹായിക്കാനും കിയ പ്രതിജ്ഞാബദ്ധമാണെന്നും ഇതുനുള്ള നീക്കങ്ങള്‍ നടത്തി വരികയാണെന്നും കിയ മോട്ടോഴ്‌സ് ഇന്ത്യയുടെ മേധാവി പറഞ്ഞു. 

ലോക്ക്ഡൗണിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ കിയ ഉപയോക്താക്കള്‍ക്കും എല്ലാ പിന്തുണയും ഉറപ്പാക്കും. ലോക്ക് ഡൗണ്‍ കാലത്ത് വാറണ്ടിയും സൗജന്യ സര്‍വീസും അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് ഇത് പുതുക്കുവാനും സര്‍വീസ് പൂര്‍ത്തിയാക്കുവാനും ജൂലായ് മാസം വരെ അവസരമൊരുക്കുമെന്നും കിയ മോട്ടോഴ്‌സ് വ്യക്തമാക്കി.