രാജ്യത്ത് ആദ്യ കാർ പുറത്തിറക്കി ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം വിൽപ്പന എന്ന നാഴികക്കല്ല് മറികടന്ന് ദക്ഷിണ കൊറിയിന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് ഇന്ത്യ.  നിലവിൽ ഒരു ലക്ഷത്തോളം ഉപഭോക്താക്കളാണ് ബ്രാൻഡിനുള്ളത്. ഇതോടെ ഇന്ത്യയിൽ വിൽ‌പന ആരംഭിച്ച് പതിനൊന്ന് മാസം കൊണ്ട് വളരെ വേഗത്തിൽ‌ നേട്ടം കൈവരിച്ച ഏറ്റവും പുതിയ വാഹന നിർമ്മാതാക്കളായി കിയ മാറി. 

2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ആഗോളതലത്തില്‍ തന്നെ ഇന്ത്യയിലാണ് കിയ സെല്‍റ്റോസ് എസ്‌യുവി ആദ്യമായി വിറ്റു തുടങ്ങിയത്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്. വിൽപ്പനയ്ക്ക് എത്തി രണ്ട് മാസത്തിനുള്ളിൽ, ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി എന്ന പദവി സെൽറ്റോസ് നേടിയെടുത്തു.  വിപണിയിലെത്തി അഞ്ച് മാസത്തിനുള്ളില്‍ ഒരു ലക്ഷം ബുക്കിങ്ങുകള്‍ സ്വീകരിച്ച് ഈ സെഗ്മെന്റില്‍ ഏറ്റവും ഡിമാന്റുള്ള വാഹനം എന്ന അംഗീകാരം സ്വന്തം പേരിലാക്കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റയുടെയും റെനോ ഡസ്റ്ററിന്റെയും കുത്തകയാണ് അന്ന് തകര്‍ത്തത്. 

പരിഷ്‍കരിച്ച സെൽറ്റോസിനെ 2020 ജൂണിലാണ് കിയ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലും രണ്ട് ട്രിം ലെവലുകളിലുമായി 16 വേരിയന്റുകളുണ്ട് വാഹനത്തിന്. സെൽറ്റോസ് എസ്‌യുവിക്കുള്ള മോഡൽ ഇയർ പുതുക്കലിന്റെ ഭാഗമായി കിയ ശ്രേണിയിലുടനീളം 10 പുതിയ സവിശേഷതകൾ ചേർത്തിട്ടുണ്ട്.  

എല്ലാ പതിപ്പുകളിലും എമർജൻസി സ്റ്റോപ്പ് സിഗ്നൽ, ഫ്രണ്ട്, റിയർ യുഎസ്ബി ചാർജിംഗ് പോയിന്റുകൾ സ്റ്റാൻഡേർഡായി ലഭിക്കും. സ്മാർട്ട് കീ വഴിയുള്ള എഞ്ചിൻ സ്റ്റാർട്ട്‌ , UVO കണക്റ്റ് ആപ്പിനായുള്ള  എക്സറ്റൻഡഡ്‌ കമാൻഡ് ലിസ്റ്റ്, എച്ച്ടികെ + / എച്ച്ടിഎക്സ് / എച്ച്ടിഎക്സ് + / ജിടിഎക്സ് / ജിടിഎക്സ് + വേരിയന്റുകൾക്കായുള്ള ഇരട്ട മഫ്ലർ ടിപ്പുകൾ എന്നിവയാണ് സെൽറ്റോസിന്റെ ഫീച്ചർ ലിസ്റ്റിൽ പുതിയത്.

മൂന്നു പവർട്രെയിൻ ഓപ്ഷനുകളാണ് സെൽറ്റോസ് വാഗ്ദാനം ചെയ്യുന്നത്. 114bhp / 144Nm ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ+ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി.  114bhp / 250Nm നൽകുന്ന 1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ +ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക്. അവസാനമായി, സ്‌പോർടി ജിടി ട്രിം ലൈനിന് 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ നൽകിയിരിക്കുന്നു, അത് 138 ബിഎച്ച്പി / 242 എൻഎം ഉത്പാദിപ്പിക്കുന്നു. ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് ഡിസിടി എന്ന രീതിയിൽ ലഭിക്കും. 

ഇന്ത്യൻ കാർ വിപണിയിലെ ഡി-സെഗ്‌മെന്റിലെ നിസാൻ കിക്ക്സ്, റെനോ ഡസ്റ്റർ, റെനോ കാപ്ച്ചർ , ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയവരുടെ നേരിട്ടുള്ള എതിരാളിയാണ് കിയ സെൽറ്റോസ്.