ദക്ഷിണ കൊറിയിന്‍ വാഹനിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സിന്‍റെ പ്ലാന്‍റ് ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2017 അവസാനമാണ് ഈ പ്ലാന്റിന്റെ നിര്‍മ്മാണം തുടങ്ങിയത്.  1.1 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപം നടത്തി നിര്‍മ്മിച്ച പ്ലാന്റ് ഇപ്പോള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാണ്.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി, ഇന്ത്യയിലെ കൊറിയന്‍ അംബാസിഡര്‍ ബോങ്കില്‍ ഷിന്‍, കിയാ മോട്ടോഴ്‌സ് കോര്‍പ്പറേഷന്‍ പ്രസിഡന്റും സിഇഒയുമായ ഹാന്‍ വൂ പാര്‍ക്ക്, കിയാ മോട്ടോഴ്‌സ് ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്റ്ററുമായ ഖൂക്യൂം ഷിം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യന്‍ വിപണിയിലെ കിയയുടെ ആദ്യ വാഹനം സെല്‍റ്റോസ് കോംപാക്റ്റ് എസ്‌യുവിയുടെ നിര്‍മ്മാണമാണ് ഈ പ്ലാന്റില്‍ പ്രധാനമായും നടക്കുന്നത്. ഭാവിയില്‍ മറ്റുമോഡലുകള്‍ക്കായും ഫാക്ടറി വിപുലീകരിക്കും.

കിയയുടെ പ്രധാന നിര്‍മ്മാണശാല അനന്തപുരില്‍ തുടങ്ങാനായതില്‍ അഭിമാനമുണ്ടെന്നും വളരുന്ന ഇന്ത്യന്‍ കാര്‍ വിപണിക്കും കയറ്റുമതി മോഡലുകള്‍ക്കും സേവനം നല്‍കാന്‍ പുതിയ പ്ലാന്റ് തയ്യാറായെന്നും കിയ മോട്ടോര്‍സ് കോര്‍പ്പറേഷന്‍ പ്രസിഡന്റും CEO-യുമായ ഹാന്‍ വൂ പാര്‍ക്ക് പറഞ്ഞു.

പ്രതിവര്‍ഷം 300,000 യൂണിറ്റ് വരെ ഉത്പാദിപ്പിക്കാന്‍ അനന്തപുര്‍ നിര്‍മ്മാണശാലയ്ക്ക് കഴിയും. പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ക്ക് പുറമേ സെല്‍റ്റോസ്, ഭാവിയിലെ ഇലക്ട്രിക്ക്, ഹൈബ്രിഡ് വാഹനങ്ങള്‍ എന്നിവയുടെ ഉത്പാദനവും പ്രാദേശികവത്ക്കരിക്കാന്‍ പുതിയ പ്ലാന്റ് കിയ മോട്ടോര്‍സിനെ പ്രാപ്‍തമാക്കുന്നു. അതേസമയം സെല്‍റ്റോസ് നിരത്തിലെയും വിപണിയിലെയും കുതിപ്പ് തുടരുകയാണ്.

2019 ഓഗസ്റ്റ് 22നാണ് വാഹനത്തെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്. നവംബര്‍ മാസം 14005 സെല്‍റ്റോസാണ് ഇന്ത്യന്‍ നിരത്തുകളിലെത്തിയത്. ഇതോടെ ഇന്ത്യന്‍ നിരത്തുകളില്‍ സെല്‍റ്റോസിന്റെ 40,000 യൂണിറ്റ് എത്തിയെന്ന് കിയ പറയുന്നു.

അവതരിപ്പിച്ച് ആദ്യ മാസം 6236 യൂണിറ്റാണ് പുറത്തിറങ്ങിയത്. സെപ്റ്റംബറില്‍ 7754 യൂണിറ്റിലെത്തി. ഒക്ടോബര്‍ മാസത്തോടെ വില്‍പ്പന 10000 കടന്നു. 12,800 സെല്‍റ്റോസാണ് ഒക്ടോബറില്‍ നിരത്തിലെത്തിയത്.

ഒക്ടോബറില്‍ മാത്രം 12,800 സെല്‍റ്റോസാണ് ഇന്ത്യന്‍ നിരത്തിലെത്തിയത്.കോംപാക്ട് എസ്‌യുവികളുടെ ഒക്ടോബര്‍ വില്‍പ്പനയില്‍ ഒന്നാമന്‍ സെല്‍റ്റോസാണ്. സെല്‍റ്റോസിനുള്ള ആവശ്യക്കാരുടെ എണ്ണം ഉയര്‍ന്നതോടെ വാഹനത്തിന്റെ ബുക്കിങ്ങ് കാലാവധി ഉയര്‍ത്താന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. നോയിഡ, ജയ്പുര്‍, കോല്‍ക്കത്ത തുടങ്ങിയ ഏതാനും നഗരങ്ങളില്‍ സെല്‍റ്റോസിനുള്ള കാത്തിരിപ്പ് കാലാവധി നാല് മാസമായി ഉയര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സെല്‍റ്റോസിന്റെ ഉയര്‍ന്ന വകഭേദമായ GTX പതിപ്പിനാണ് കൂടുതല്‍ ഡിമാന്റ്. ഇതിന്റെ 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും തുല്യഡിമാന്റാണുള്ളത്. ഈ വേരിയന്റിന്റെ പെട്രോള്‍ പതിപ്പില്‍ മാനുവല്‍ ട്രാന്‍സ്മിഷനും ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമുള്ളതാണ് ഡിമാന്റ് ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.