2020 നവംബര്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ മിന്നുംപ്രകടനവുമായി കിയ സോണറ്റ്. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വില്‍പ്പന നേടുന്ന സബ്-കോംപാക്ട് എസ്‍യു‍വി എന്ന അംഗീകാരം വാഹനം സ്വന്തമാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സോണറ്റിന്റെ 11,417 യൂണിറ്റാണ് നവംബറില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

സോണറ്റിന്റെ വില്‍പ്പനയിലുണ്ടായ കുതിപ്പിന്റെ അടിസ്ഥാനത്തില്‍ കിയ മോട്ടോഴ്‌സിന്റെ മൊത്ത വില്‍പ്പനയില്‍ 50 ശതമാനം വര്‍ദ്ധനവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. 21,022 വാഹനങ്ങളാണ് കിയ മോട്ടോഴ്‌സ് നവംബര്‍ മാസം വിറ്റത്. ഇതില്‍ 9205 യൂണിറ്റ് സെല്‍റ്റോസാണ്. 

കിയയുടെ ഇന്ത്യയിലെ മൂന്നാമത്തെ വാഹനമായ സോണറ്റിന്‍റെ കണ്‍സെപ്റ്റ് പതിപ്പിനെ 2020 ഓട്ടോ എക്‌സ്‌പോയിലാണ് കമ്പനി ആദ്യമായി അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 18-നാണ് സോണറ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.   ഇതിനോടകം 50,000 ബുക്കിംഗുകളാണ് വാഹനം നേടിയിട്ടുള്ളത്. ബുക്കിംഗ് തുടങ്ങി ആദ്യ ദിവസം തന്നെ സോണറ്റ് കിയയുടെയും വാഹനലോകത്തിന്റെയും കണ്ണുതള്ളിച്ചിരുന്നു. അമ്പരപ്പിക്കുന്ന വേഗതയിലായിരുന്നു ബുക്കിംഗ്. ഏകദേശം 6523 ബുക്കിംഗുകളാണ് സോണറ്റിനെ ആദ്യദിവസം തേടിയെത്തിയത്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്നീ മോഡലുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ടെക് ലൈന്‍, ജി.ടി ലൈന്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി HTE, HTK, HTK+, HTX, HTX+, GTX+ എന്നീ വേരിയന്റുകളിലാണ് സോണറ്റ് എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് 6.71 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെയും ഡീസല്‍ എന്‍ജിന്‍ പതിപ്പിന് 8.05 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെയുമാണ് എക്‌സ്-ഷോറും വില. 

1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് സോണറ്റുമെത്തുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്, ഇന്റലിജെന്റ് മാനുവല്‍ എന്നിവയാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

വളരെ സ്പോർട്ടിയും അഗ്രസീവുമായ രൂപകൽപ്പനയാണ് കിയ സോണറ്റിനുള്ളത്. നിർമ്മാതാക്കളുടെ സിഗ്നേച്ചർ ടൈഗർ നോസ് ഗ്രില്ല്, ഇരു വശത്തുമായി ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളും എൽഇഡി ഡിആർഎല്ലുകളുമുള്ള ക്രൗൺ-ജുവൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി പ്രൊജക്ടർ ഫോഗ് ലാമ്പുകൾ എന്നിവ വാഹനത്തിന്റെ മുൻവശത്തെ ആകർഷകമാക്കുന്നു.

ഡ്യുവൽ-ടോൺ അലോയി വീലുകൾ, റൂഫ് റെയിലുകൾ, ചങ്കി ബോഡി ക്ലാഡിംഗ് എന്നിവയും വാഹനത്തിൽ ഒരുക്കിയിരിക്കുന്നു. അഗ്രസ്സീവായി കാണപ്പെടുന്ന ഫ്രണ്ട് ഫാസിയയുമായി കിയ കോംപാക്ട്-എസ്‌യുവിക്ക് ഗംഭീരമായ ക്യാരക്ടർ നൽകി. പിന്നിൽ ഇന്റഗ്രേറ്റഡ് സ്പോയിലറും ഹാർട്ട്ബീറ്റ് എൽഇഡി ടെയിൽ ലാമ്പുകളും, ഇരു ടെയിൽ ലാമ്പുകളെ ബന്ധിപ്പിക്കുന്ന എൽഇഡി ലൈറ്റ് ബാറുമായിട്ടാണ് വാഹനം എത്തുന്നത്.