ഇന്ത്യൻ ഓട്ടോ വ്യവസായത്തിനായി ഒരു പ്രതിഭാ കൂട്ടായ്മ വികസിപ്പിക്കുന്നതിനായി ഓട്ടോമോട്ടീവ് സ്‍കിൽ ഡെവലപ്‌മെന്റ് കൗൺസിലുമായി (ASDC) കിയ ഇന്ത്യ കൈകോർക്കുന്നു.
ഇന്ത്യൻ ഓട്ടോ വ്യവസായത്തിനായി ഒരു പ്രൊഫഷണലുകളെ വികസിപ്പിക്കുന്നതിനായി ഓട്ടോമോട്ടീവ് സ്‍കിൽ ഡെവലപ്‌മെന്റ് കൗൺസിലുമായി (ASDC) കൈകോർത്ത് ദക്ഷിണ കൊറിയൻ ബ്രാൻഡായ കിയ ഇന്ത്യ. ഈ പങ്കാളിത്തത്തിന് കീഴിൽ, ഓട്ടോ വ്യവസായവും അക്കാദമിയയും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ഈ മേഖലയ്ക്കായി ഒരു പ്രതിഭാ കൂട്ടായ്‍മ വികസിപ്പിക്കുന്നതിനും കമ്പനി ലക്ഷ്യമിടുന്നതായി കിയ ഇന്ത്യ പറഞ്ഞു.
സാങ്കേതിക വൈദഗ്ധ്യവും ഉപഭോക്തൃ പ്രതീക്ഷകളെക്കുറിച്ചുള്ള ധാരണയുമുള്ള ഓട്ടോമോട്ടീവ് പ്രൊഫഷണലുകളെ വികസിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഇതിനായി കിയ ഇന്ത്യയും എഎസ്‍ഡിസിയും ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിന് സുസ്ഥിരമായ ഒരു നൈപുണ്യ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും മെച്ചപ്പെട്ട പ്ലേസ്‌മെന്റ് പിന്തുണയ്ക്കും ഈ കൂട്ടായ്‍മ സഹായകമാകും. ഇന്ത്യയുടെ മൊബിലിറ്റി പരിവർത്തനത്തിൽ ഇലക്ട്രിക് വാഹന സ്വീകാര്യതയും ഉപഭോക്തൃ അനുഭവവും നിർണായക പങ്ക് വഹിക്കുന്നതിനാൽ, കിയയുടെയും എഎസ്‍ഡിസിയുടെയും ഈ സംയുക്ത ശ്രമം ഈ മേഖലകളിലെ തൊഴിൽ ശക്തി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വാഹന നിർമ്മാതാക്കൾ പറഞ്ഞു.
ഓട്ടോമോട്ടീവ് സ്‍കിൽ ഡെവലപ്‌മെന്റ് കൗൺസിൽ സർട്ടിഫൈഡ് കേന്ദ്രങ്ങളിലെ 15 ദിവസത്തെ അടിസ്ഥാന ക്ലാസ് റൂം ഇൻസ്ട്രക്ഷനും അംഗീകൃത കിയ ഡീലർഷിപ്പുകളിലെ 15 ദിവസത്തെ പ്രായോഗിക പരിചയവും സംയോജിപ്പിച്ച് 30 ദിവസത്തെ പരിശീലന മൊഡ്യൂൾ ഈ പങ്കാളിത്തത്തിന് കീഴിൽ നടപ്പിലാക്കും. ബ്രാൻഡ് മാനദണ്ഡങ്ങൾ, സിസ്റ്റങ്ങൾ, ഉൽപ്പന്ന പരിജ്ഞാനം എന്നിവയുൾപ്പെടെയുള്ള പ്രധാന ഓട്ടോമോട്ടീവ് ആശയങ്ങൾ, ഡീലർഷിപ്പ് പ്രവർത്തനങ്ങൾ തുടങ്ങിയവ ഈ പരിപാടിയിൽ ഉൾപ്പെടുന്നു.
വിജയികളായ ഉദ്യോഗാർത്ഥികൾക്ക് കിയ ഇന്ത്യ, എഎസ്‍ഡിസി എന്നിവയിൽ നിന്ന് സംയുക്ത സർട്ടിഫിക്കേഷൻ ലഭിക്കും. കൂടാതെ കിയ ഡീലർഷിപ്പുകളിലെ സെയിൽസ്, സർവീസ് റോളുകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അർഹത നേടുകയും ചെയ്യും. ഇലക്ട്രിക് വാഹന വിൽപ്പന, ഉപഭോക്തൃ അനുഭവ മേഖലകളിലെ തൊഴിൽ സേനയുടെ സന്നദ്ധത എന്നിവയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
"എഎസ്‌ഡിസിയുമായുള്ള ഈ സഹകരണം, നൈപുണ്യമുള്ള മനുഷ്യ മൂലധനത്തിലും ഉയർന്ന ഉപഭോക്തൃ അനുഭവത്തിലും അടിസ്ഥാനമാക്കിയ ഭാവിയിലേക്കുള്ള അന്തരീക്ഷത്തെ രൂപപ്പെടുത്തുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണെന്ന് കിയ ഇന്ത്യയുടെ ചീഫ് സെയിൽസ് ഓഫീസർ ജൂൻസു ചോ പറഞ്ഞു. ഘടനാപരമായ പരിശീലനത്തിലൂടെയും സർട്ടിഫിക്കേഷനിലൂടെയും ശക്തമായ ഒരു പ്രതിഭാ കൂട്ടായ്മ സൃഷടിക്കുന്നതിലൂടെ, കമ്പനി ഇന്ത്യയിലെ യുവാക്കളെ തൊഴിലവസരങ്ങൾ നൽകി ശാക്തീകരിക്കുക മാത്രമല്ല, ഡീലർ ശൃംഖലയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യൻ വാഹന വ്യവസായം ഒരു പ്രധാന പരിവർത്തന ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്താണ് കിയയും എഎസ്‍ഡിസിയും തമ്മിലുള്ള പങ്കാളിത്തം നിലവിൽ വരുന്നത്. പരമ്പരാഗത ഫോസിൽ ഇന്ധന വാഹനങ്ങൾ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും ഇലക്ട്രിക് വാഹനങ്ങൾ, സിഎൻജി തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾക്ക് ഡിമാൻഡ് കൂടുകയാണ്. ഈ മാറ്റങ്ങൾക്കൊപ്പം, ഉപഭോക്തൃ പ്രതീക്ഷകളും അനുഭവങ്ങളും മാറിക്കൊണ്ടിരിക്കുന്നു. വിൽപ്പനാനന്തര സേവന വിഭാഗത്തിൽ മികച്ച ഉപഭോക്തൃ അനുഭവം നൽകുന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ ഓരോ ഓട്ടോമൊബൈൽ ബ്രാൻഡിനും അത്യാവശ്യമായി മാറി. കിയ ഇന്ത്യയും എഎസ്‍ഡിസിയും അവരുടെ പങ്കാളിത്തത്തിലൂടെ ഈ മേഖലയിലെ തൊഴിലാളികളുടെ കഴിവുകൾ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവിൽ ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ കിയ ഇന്ത്യയുടെ ഒരു നിർമ്മാണ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഇവിടുത്തെ വാർഷിക ഉൽപ്പാദന ശേഷി 300,000 യൂണിറ്റുകളാണ്. 2019 ഓഗസ്റ്റിൽ ഉത്പാദനം ആരംഭിച്ചതിനുശേഷം കമ്പനി ഈ പ്ലാന്റിൽ നിന്ന് 1.5 ദശലക്ഷം വാഹനങ്ങൾ നിർമ്മിച്ചുവിറ്റിട്ടുണ്ട്. ഇതിൽ 1.2 ദശലക്ഷം ആഭ്യന്തര വിൽപ്പനയും 367,000 കയറ്റുമതിയും ഉൾപ്പെടുന്നു. ഇന്ത്യയിലെ 329 നഗരങ്ങളിലായി 744 ടച്ച്‌പോയിന്റുകൾ കിയ നിലനിർത്തുന്നു.
