ഈ ബ്രാൻഡുകളിൽ നിന്നുള്ള ഒരു ദശലക്ഷം വാഹനങ്ങളിൽ ഈ സോഫ്റ്റ്‌വെയർ ചേർക്കാൻ സാധ്യതയുണ്ട്.

മേരിക്കയില്‍ സുരക്ഷാ പിഴവ് മൂലമുണ്ടായ തങ്ങളുടെ വാഹനങ്ങളുടെ മോഷണങ്ങള്‍ തടയാൻ ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ പുതിയ ആന്‍റി-തെഫ്റ്റ് സോഫ്റ്റ്‌വെയർ പുറത്തിറക്കും. യുഎസിലെ തുടര്‍ച്ചയാകുന്ന മോഷണ സംഭവങ്ങൾ തടയാനാണ് കിയയുടെ പുതിയ നീക്കം. യുഎസിലെ പല ഭാഗങ്ങളിൽ നിന്നും കിയ, ഹ്യുണ്ടായ് മോഡലുകളെ ലക്ഷ്യമിട്ട് നിരവധി മോഷണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷമാണ് യുഎസിലെ തങ്ങളുടെ കാർ മോഡലുകൾക്കായി ഒരു അപ്‌ഡേറ്റ് ചെയ്‍ത ആന്റി-തെഫ്റ്റ് സോഫ്റ്റ്വെയർ പുറത്തിറക്കാൻ കിയ ഒരുങ്ങുന്നതായി റിപ്പോർട്ട് വരുന്നത്. ഈ ബ്രാൻഡുകളിൽ നിന്നുള്ള ഒരു ദശലക്ഷം വാഹനങ്ങളിൽ ഈ സോഫ്റ്റ്‌വെയർ ചേർക്കാൻ സാധ്യതയുണ്ട്.

ലളിതമായ യുഎസ്ബി കേബിൾ ഉപയോഗിച്ച് വാഹനങ്ങളുടെ സുരക്ഷാ സംവിധാനം എങ്ങനെ മറികടക്കാമെന്ന് കാണിക്കുന്ന സോഷ്യൽ മീഡിയ ചാനലുകളിലെ വീഡിയോകള്‍ വൈറലായതിന് ശേഷം അമേരിക്കയില്‍ ഇതുവരെ നൂറുകണക്കിന് കിയ, ഹ്യുണ്ടായ് കാർ മോഡലുകൾ മോഷണത്തിന് ഇരയായി . 2015 നും 2019 നും ഇടയിൽ ഈ രണ്ട് കൊറിയൻ ബ്രാൻഡുകളും നിർമ്മിച്ച പല മോഡലുകളിലും എഞ്ചിൻ ഇമ്മൊബിലൈസറുകൾ ഇല്ലാതിരുന്നതിനാൽ മോഷണം വളരെ ലളിതമായിരുന്നു. ഇത് കവര്‍ച്ചക്കാരെ കാറിൽ അനായാസേന കയറിക്കൂടാനും ഇഗ്നിഷന്റെ സൈഡ് സ്റ്റെപ്പ് ചെയ്യാൻ സഹായിച്ചു.

വളരെക്കാലമായി വാഹനങ്ങളുടെ പൊതു സുരക്ഷാ സവിശേഷതയായ എഞ്ചിൻ ഇമ്മൊബിലൈസറുകൾ ഉപയോഗിച്ച് ഈ മോഡലുകൾ സജ്ജീകരിക്കാത്തതിന് കിയയും ഹ്യുണ്ടായും വലിയ വിമർശനങ്ങൾ അഭിമുഖീകരിക്കുക മാത്രമല്ല കേസുകള്‍ നേരിടുകയും ചെയ്യേണ്ടി വന്നു. 

റിമോട്ട് സ്റ്റാർട്ട് ഫംഗ്‌ഷനുള്ള വാഹനങ്ങളുടെ അനുയോജ്യത പ്രശ്‌നം തിരിച്ചറിഞ്ഞതായി കിയ ഡീലർമാരോട് പറഞ്ഞതായി ഓട്ടോമോട്ടീവ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പ്രശ്‌നം പരിഹരിക്കാൻ ഒരു സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് കമ്പനി എടുത്തുകാണിച്ചതായി റിപ്പോർട്ടുകള്‍ ഉണ്ട്. അലാറത്തിന്റെ ദൈർഘ്യം കൂടാതെ, വാഹനം സ്റ്റാർട്ട് ചെയ്യുന്നതിന് കീ ഇഗ്നീഷനിൽ ഉണ്ടായിരിക്കണമെന്ന നിർബന്ധവും ഈ പരിഹാരങ്ങളിൽ ഉൾപ്പെടുന്നു.

എന്നാൽ ഇതുവരെയുള്ള പരീക്ഷണം വിവിധ ഘട്ടങ്ങളിലാണ്. ഇത് ദശലക്ഷക്കണക്കിന് കാർ യൂണിറ്റുകളില്‍ എത്തിക്കുന്നത് ഒരു വലിയ വെല്ലുവിളിയാണ്. തൽഫലമായി, മോഷണ സംഭവങ്ങൾ തുടരുകയാണ് എന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തുടനീളം, മോഷ്ടാക്കൾ വാഹനങ്ങളുമായി കടക്കുന്ന സംഭവങ്ങള്‍ ഇപ്പോഴും ഭയാനകമായ നിരക്കിൽ കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ അസോസിയേറ്റഡ് പ്രസ് ശേഖരിച്ച ഏഴ് യുഎസ് നഗരങ്ങളിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത്, തകരാർ പരിഹരിക്കാനുള്ള കമ്പനികളുടെ ശ്രമങ്ങൾക്കിടയിലും ഹ്യൂണ്ടായ്, കിയ മോഷണങ്ങളുടെ എണ്ണം ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. 

മിനിയാപൊളിസ്, ക്ലീവ്‌ലാൻഡ്, സെന്റ് ലൂയിസ് മുതൽ ന്യൂയോർക്ക്, സിയാറ്റിൽ, അറ്റ്‌ലാന്റ, ഗ്രാൻഡ് റാപ്പിഡ്‌സ്, മിഷിഗൺ എന്നിവിടങ്ങളിൽ ഏപ്രിൽ മാസത്തിൽ ഹ്യുണ്ടായ്, കിയ മോഷണ റിപ്പോർട്ടുകളിൽ വർഷം തോറും ഗണ്യമായ വർദ്ധനവ് പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം എട്ടാമത്തെ നഗരമായ ഡെൻവറില്‍ കവര്‍ച്ച അല്‍പ്പം കുറഞ്ഞു. 

ഈ വർഷം ഇതുവരെ, മിനിയാപൊളിസ് പോലീസിന് 1,899 കിയ, ഹ്യുണ്ടായ് മോഷണ റിപ്പോർട്ടുകൾ ലഭിച്ചു. ഇത് 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ഇരട്ടിയാണ്. പ്രശ്നത്തിന്റെ വ്യാപ്‍തി കൂടുകയാണെന്നും മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ മോശമാണ് സ്ഥിതിയെന്നും മിനിയാപൊളിസ് അധികൃതര്‍ പറയുന്നു. മുമ്പ് ഒരു വർഷത്തിനുള്ളിൽ മോഷ്‍ടച്ച അത്രയും വാഹനങ്ങള്‍ ഇപ്പോള്‍ ഒരാഴ്‍ചയ്ക്കുള്ളിൽ മോഷ്‍ടിക്കപ്പെട്ടു എന്നാണ് കണക്കുകള്‍.