Asianet News MalayalamAsianet News Malayalam

സെൽറ്റോസ് ആനിവേഴ്‍സറി എഡിഷൻ എത്തി

സെൽറ്റോസ് ആനിവേഴ്‍സറി എഡിഷൻ കിയ മോട്ടോർസ് വിപണിയില്‍ എത്തിച്ചു

Kia Seltos Anniversary Edition Launched
Author
Mumbai, First Published Oct 17, 2020, 12:43 PM IST

സെൽറ്റോസ് ആനിവേഴ്‍സറി എഡിഷൻ കിയ മോട്ടോർസ് വിപണിയില്‍ എത്തിച്ചു. വാഹനത്തിന് ഒരു വയസ് തികഞ്ഞത് ആഘോഷമാക്കാനാണ് ഫസ്റ്റ് ആനിവേഴ്സറി എഡിഷൻ കമ്പനി പുറത്തിറക്കിയത്.  മിഡ്-സ്പെക് വേരിയന്റ് ആയ HTX അടിസ്ഥാനമായാണ് സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ ഒരുക്കിയിരിക്കുന്നത്. 13.75 ലക്ഷം മുതല്‍ 14.85 ലക്ഷം വരെയാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വിലയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫോഗ് ലാമ്പ് ചുറ്റിലും ഓറഞ്ച് ആക്സന്റുകളുടെ ഹൗസിങ്, ഫോക്സ് എക്‌സ്‌ഹോസ്റ്റ് ഡീറ്റൈലിംഗ്, റീഡിസൈൻ ചെയ്തു നീളം കൂട്ടിയ മുൻപിലെയും, പുറകിലെയും സ്കിഡ് പ്ലെയ്റ്റുകൾ, 17-ഇഞ്ച് രാവെൻ ബ്ലാക്ക് അലോയ് വീലുകൾ, ഓറഞ്ച് നിറത്തിലുള്ള ഡീറ്റൈൽ സഹിതം സൈഡ് സ്കർട്ടുകൾ ഒപ്പം ടെയിൽ ഗെയ്റ്റിൽ ഫസ്റ്റ് ആനിവേഴ്സറി എഡിഷൻ ബാഡ്ജിങ്ങുമാണ് എക്‌സ്റ്റീരിയറിലെ ആകർഷണങ്ങൾ. അലോയ് വീലിന്റെ ഹബ്ക്യാപ്പിലും ഓറഞ്ച് നിറത്തിലുള്ള ഡീറ്റൈലിങ്ങുണ്ട്. പരിഷ്കരിച്ച സ്കിഡ് പ്ലെയ്റ്റുകൾ ചേർന്ന ബമ്പർ ആനിവേഴ്സറി എഡിഷൻ പതിപ്പിന്റെ നീളം 60 എംഎം വർദ്ധിപ്പിച്ചിട്ടുണ്ട്.

സ്‌പോർട്ടി തീമിനോട് യോജിക്കും വിധം കറുപ്പിൽ പൊതിഞ്ഞ ഇന്റീരിയർ ആണ് ആനിവേഴ്സറി എഡിഷൻ സെൽറ്റോസിന്. സ്റ്റാൻഡേർഡ് HTX മോഡലിൽ അപ്ഹോൾസ്റ്ററിക്ക് ഡ്യുവൽ ടോൺ ഫിനിഷ് ആണ്. ഡയമണ്ട് സ്റ്റൈലിലുള്ള കറുപ്പ് ലെതർ അപ്ഹോൾസ്റ്ററിയും ആനിവേഴ്സറി എഡിഷന്റെ പ്രത്യേകതയാണ്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, സ്റ്റിയറിങ്ങിൽ ഓഡിയോ നിയന്ത്രണങ്ങൾ, ക്രൂയിസ് കൺട്രോൾ, എയർ പ്യൂരിഫയർ തുടങ്ങിയ HTX വേരിയന്റിലെ എല്ലാ ഫീച്ചറുകളും ആനിവേഴ്സറി എഡിഷനിലുമുണ്ട്.

1.5-ലിറ്റർ പെട്രോൾ, 1.5-ലിറ്റർ ഡീസൽ എഞ്ചിനുകളിലാണ് സെൽറ്റോസ് ഫസ്റ്റ് ആനിവേഴ്സറി വില്പനക്കെത്തിയിരിക്കുന്നത്. ഇരു എഞ്ചിനുകൾക്കൊപ്പവും മാന്വൽ ട്രാൻസ്മിഷനാണ് ലഭിക്കുക. അതെ സമയം പെട്രോൾ + ഓട്ടോമാറ്റിക് കോമ്പിനേഷനിലും സെൽറ്റോസ് ഫസ്റ്റ് ആനിവേഴ്സറി എഡിഷൻ ലഭ്യമാണ്. അറോറ ബ്ലാക്ക് പേൾ എന്ന സിംഗിൾ ടോൺ നിറത്തിലും ഗ്രാവിറ്റി ഗ്രേ/അറോറ ബ്ലാക്ക് പേൾ, സ്റ്റീൽ സിൽവർ/അറോറ ബ്ലാക്ക് പേൾ, ഗ്ലേസിയർ വൈറ്റ് പേൾ/അറോറ ബ്ലാക്ക് പേൾ എന്നിങ്ങനെ 3 ഡ്യുവൽ ടോൺ നിറങ്ങളിലുമാണ് സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ സ്വന്തമാക്കാം. 

2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ  ദക്ഷിണ കൊറിയിന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ആഗോളതലത്തില്‍ തന്നെ ഇന്ത്യയിലാണ് കിയ സെല്‍റ്റോസ് എസ്‌യുവി ആദ്യമായി വിറ്റു തുടങ്ങിയത്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുകയാണ് സെല്‍റ്റോസ്. 

നിലവിൽ ഒരു ലക്ഷത്തോളം ഉപഭോക്താക്കളാണ് ബ്രാൻഡിനുള്ളത്. വിൽപ്പനയ്ക്ക് എത്തി രണ്ട് മാസത്തിനുള്ളിൽ, ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി എന്ന പദവി സെൽറ്റോസ് നേടിയെടുത്തു.  വിപണിയിലെത്തി അഞ്ച് മാസത്തിനുള്ളില്‍ ഒരു ലക്ഷം ബുക്കിങ്ങുകള്‍ സ്വീകരിച്ച് ഈ സെഗ്മെന്റില്‍ ഏറ്റവും ഡിമാന്റുള്ള വാഹനം എന്ന അംഗീകാരം സ്വന്തം പേരിലാക്കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റയുടെയും റെനോ ഡസ്റ്ററിന്റെയും കുത്തകയാണ് അന്ന് തകര്‍ത്തത്. 

പരിഷ്‍കരിച്ച സെൽറ്റോസിനെ 2020 ജൂണിലാണ് കിയ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലും രണ്ട് ട്രിം ലെവലുകളിലുമായി 16 വേരിയന്റുകളുണ്ട് വാഹനത്തിന്. സെൽറ്റോസ് എസ്‌യുവിക്കുള്ള മോഡൽ ഇയർ പുതുക്കലിന്റെ ഭാഗമായി കിയ ശ്രേണിയിലുടനീളം 10 പുതിയ സവിശേഷതകൾ ചേർത്തിട്ടുണ്ട്.  ഇന്ത്യൻ കാർ വിപണിയിലെ ഡി-സെഗ്‌മെന്റിലെ നിസാൻ കിക്ക്സ്, റെനോ ഡസ്റ്റർ, റെനോ കാപ്ച്ചർ , ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയവരുടെ നേരിട്ടുള്ള എതിരാളിയാണ് കിയ സെൽറ്റോസ്.

Follow Us:
Download App:
  • android
  • ios