Asianet News MalayalamAsianet News Malayalam

കന്നിയങ്കത്തില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് കിയ, സെല്‍റ്റോസിന്‍റെ കുതിപ്പില്‍ അമ്പരന്ന് വണ്ടിക്കമ്പനികള്‍!

മികച്ച ബുക്കിംഗ് നേടി കിയ സെല്‍റ്റോസ് നിരത്തില്‍ കുതിക്കുന്നു

Kia Seltos Booking Follow Up
Author
Mumbai, First Published Nov 6, 2019, 12:11 PM IST

മുംബൈ: രാജ്യത്തെ കാർ നിർമ്മാതാക്കളിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച് കിയ മോട്ടോഴ്സ് ഇന്ത്യ. കമ്പനിയുടെ ഇന്ത്യയിലെ ആദ്യവാഹനം സെല്‍റ്റോസ് പുറത്തിറങ്ങി രണ്ട് മാസത്തിനകം 26840 എണ്ണം വിറ്റുപോയെന്ന് കിയ മോട്ടോഴ്സ് ഇന്ത്യ അറിയിച്ചു.

Kia Seltos Booking Follow Up

ഫോർഡ്, വോക്സ്‍വാഗൻ, നിസാൻ, റെനോൾട്ട് അടക്കമുള്ള എതിരാളികളെ പിന്തള്ളിയാണ് കിയ മോട്ടോഴ്‍സ് കുതിക്കുന്നത്. പുറത്തിറങ്ങി രണ്ട് മാസത്തിനുള്ളിൽ 26840 യൂണിറ്റ് സെൽട്ടോസ് വിറ്റുപോയി. കഴിഞ്ഞ ഉത്സവ സീസണിൽ 12859 യൂണിറ്റുകളാണ് കിയ മോട്ടോഴ്സ് ഇന്ത്യയിൽ വിറ്റത്. കിയയുടെ ആന്ധ്രപ്രദേശിലെ നിർമ്മാണയൂണിറ്റിന് പ്രതിവർഷം 3 ലക്ഷം യൂണിറ്റുകൾ നിർമ്മിക്കാനുള്ള ശേഷിയാണുള്ളത്. വർധിച്ച ആവശ്യം പരിഗണിച്ച് ഒരു പുതിയ പ്ലാന്റ് കൂടി തുടങ്ങാനുള്ള പദ്ധതിയിലാണ് കിയ മോട്ടോഴ്‍സ്.

സെൽറ്റോസിന് മാത്രം ഇതുവരെ 60000 ബുക്കിംഗുകൾ വന്നിട്ടുണ്ടെന്ന് കിയ മോട്ടോഴ്സ് അവകാശപ്പെടുന്നു.എന്നാൽ ബുക്കിംഗുകൾ നിർത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ആവശ്യക്കാർക്കെല്ലാം വാഹനം നൽകുമെന്നും കിയ മോട്ടോഴ്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു.160 നഗരങ്ങളിലായി 265 ഓളം ഡീലർഷിപ്പുകളും സർവ്വീസ് സെന്ററുകളുമാണ് നിലവിൽ കിയ മോട്ടോഴ്സിന് ഇന്ത്യയിലുള്ളത്. ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് വേണ്ടി ഒരു ബ്രാൻഡ് എന്നതാണ് ലക്ഷ്യമെന്ന് കിയ പറയുന്നു.

Kia Seltos Booking Follow Up

ലോകത്തെ എട്ടാമത്തെ വലിയ കാർനിർമ്മാതാക്കളായ കിയ മൂന്ന് വർഷത്തിനുള്ളിൽ പ്രതിവർഷം 3 ലക്ഷം കാറുകൾ ഇന്ത്യയിൽ വിറ്റഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ ആറുമാസവും ഓരോ പുതിയ മോഡൽ ഇന്ത്യൻ നിരത്തുകളിൽ പുറത്തിറക്കാനാണ് കിയ ഉദ്ദേശിക്കുന്നത്.

ഓഗസ്റ്റ് 22നാണ് ഇടത്തരം പ്രീമിയം എസ് യു വി ശ്രേണിയിലേക്ക് സെല്‍റ്റോസിനെ കിയ വിപണിയിലെത്തിച്ചത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലായി ആകെ 16 വേരിയന്റുകള്‍ സെല്‍റ്റോസിനുണ്ട്. ശക്തമായ സുരക്ഷക്കും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ക്കുമൊപ്പം മികച്ച സ്റ്റൈലിലും   പ്രധാന്യം നല്‍കിയാണ് കിയ ഇന്ത്യന്‍ നിരത്തിലേക്കുള്ള ആദ്യ വാഹനം എത്തിച്ചിരിക്കുന്നത്. 

Kia Seltos Booking Follow Up

ആദ്യ മോഡല്‍ തന്നെ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലാണെന്നതും പ്രത്യേകതയാണ്. ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളാണ് വാഹനത്തിനുള്ളത്. 1.4 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളുമുണ്ട്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്‍പീഡ് മാനുവല്‍ എന്നിങ്ങനെയാണ് ട്രാന്‍സ്‍മിഷനുകള്‍. 

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്‍സി, എച്ച്എസി, വിഎസ്എം തുടങ്ങിയവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്. ഇതിനൊപ്പം റെയിന്‍ സെന്‍സിങ് വൈപ്പറുകളും ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പും നിരവധി സെന്‍സറുകളുമുണ്ട്. യുവിഒ കണക്ട് സാങ്കേതികവിദ്യയിലൂടെ 37 ഓളം സ്‍മാര്‍ട്ട് ഫീച്ചറുകളുണ്ട് വാഹനത്തില്‍. നാവിഗേഷന്‍, സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി, വെഹിക്കിള്‍ മാനേജ്‌മെന്റ്, റിമോട്ട് കണ്‍ട്രോള്‍, കണ്‍വീനിയന്‍സ് എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് 37 ഫീച്ചറുകള്‍. 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്. 

Kia Seltos Booking Follow Up

ടൈഗര്‍ നോസ് ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പ്, ഡിആര്‍എല്‍, ബമ്പറിന്റെ താഴെ ഭാഗത്ത് നല്‍കുന്ന എല്‍ഇഡി ഫോഗ്ലാമ്പ്, സില്‍വര്‍ ഫിനീഷ് സ്‌കിഡ് പ്ലേറ്റ് തുടങ്ങിയവ വാഹനത്തിന്‍റെ മുന്‍വശത്തെ ആകര്‍ഷകമാക്കുന്നു. 18 ഇഞ്ച് മള്‍ട്ടി സ്‌പോക്ക് അലോയി വീലും ഡ്യുവല്‍ ടോണ്‍ നിറവും സെല്‍റ്റോസിനെ വ്യത്യസ്‍തമാക്കും. സ്പോട്ടി ഭാവമാണ് പിന്‍ഭാഗത്തിന്. ക്രോമിയം സ്ട്രിപ്പില്‍ ബന്ധിപ്പിച്ചിട്ടുള്ള എല്‍ഇഡി ടെയ്ല്‍ലാമ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, ബാക്ക് സ്പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് തുടങ്ങിയവ പിന്‍ഭാഗത്തെയും ആകര്‍ഷകമാക്കുന്നു. ജീപ്പ് കോംപസ്, ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയര്‍, എംജി ഹെക്റ്റര്‍ തുടങ്ങിയവരാണ് സെല്‍റ്റോസിന്‍റെ മുഖ്യ എതിരാളികള്‍.  9.69 ലക്ഷം മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് സെൽറ്റോസിന്‍റെ  ദില്ലി എക്സ്ഷോറൂം വില.  

Kia Seltos Booking Follow Up

Follow Us:
Download App:
  • android
  • ios