കിയയുടെ ഇന്ത്യയിലെ ആദ്യ വാഹനമാണ് സെല്‍റ്റോസ് എസ്‌യുവി. ഈ വാഹനത്തിന്‍റെ ഇലക്ട്രിക് പതിപ്പ് എത്തുമെന്ന് കുറച്ചുകാലമായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. സെല്‍റ്റോസ് ഇ വി ആദ്യം എത്തുക ചൈനീസ് വിപണിയിലായിരിക്കുമെന്നും വാഹനത്തിന്‍റെ നിര്‍മ്മാണം കമ്പനി ആരംഭിച്ചതായും മുമ്പ് റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. 

ഇപ്പോഴിതാ 2021 ഏപ്രില്‍ മാസത്തോടെ ഈ വാഹനം അവതരിപ്പിക്കുമെന്നാണ് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കിയ മോട്ടോഴ്‌സില്‍നിന്ന് വിപണിയിലെത്തുന്ന ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് എസ്.യു.വിയായിരിക്കും സെല്‍റ്റോസ് എന്ന് ഇലക്ട്രിക്ക് വെഹിക്കിള്‍ വെബ് ഡോട്ട് ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

2020 ഓഗസ്റ്റിൽ ജിയാങ്‌സു പ്രവിശ്യയിലെ ഡോങ്‌ഫെങ് യുഡാ കിയ പ്ലാന്റിൽ വാഹനത്തിന്റെ ഉൽ‌പാദന ആരംഭിച്ചത്. കൊവിഡ് 19 മൂലമുണ്ടായ തടസ്സം കാരണം വാഹനത്തിന്റെ നിർമ്മാണവും അരങ്ങേറ്റ പദ്ധതിയും വൈകി. ചൈനയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാന്റ് ഉയര്‍ന്ന് വരുന്നത് പരിഗണിച്ചാണ് ആദ്യമായി അവിടെ ഇറക്കാന്‍ കിയ തീരുമാനിച്ചിരിക്കുന്നത്.

64 കിലോവാട്ട് ബാറ്ററി പാക്കിലാണ് സെല്‍റ്റോസ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ ബാറ്ററി പാക്കാണ് കിയയുടെ K3 ഇലക്ട്രിക്ക്, ഹ്യുണ്ടായി കോന എന്നീ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളത്. ഇത് 183 പി.എസ് പവറും 310 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. NEDC (ന്യൂ യൂറോപ്യൻ ഡ്രൈവിംഗ് സൈക്കിൾ) ടെസ്റ്റ് സൈക്കിളിൽ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 405 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. ഇതിന് പിന്നാലെയാവും വാഹനം മറ്റു രാജ്യങ്ങളിലേക്ക് എത്തുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ആദ്യ വര്‍ഷം ഇലക്ട്രിക് സെല്‍റ്റോസിന്റെ 1000 യൂണിറ്റ് മാത്രം നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബ്രാൻഡിന്റെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്‌യുവി ആയിരിക്കും സെൽറ്റോസ് ഇവി. കിയയുടെ സഹോദരസ്ഥാപനമായ ഹ്യുണ്ടായിയുടെ ഇലക്ട്രിക് വാഹനം കോനയുമായി കരുത്ത് പങ്കിട്ടായിരിക്കും സെല്‍റ്റോസിന്റെ ഇലക്ട്രിക് പതിപ്പ് എത്തുകയെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.

പുതുക്കിയ ഫ്രണ്ട് ബമ്പർ, വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത 17 ഇഞ്ച് അലോയ് വീലുകളും റേഡിയേറ്റർ ഗ്രില്ലിലെയും ഫോഗ് ലാമ്പ് അസംബ്ലിയിലെയും നീല ഹൈലൈറ്റുകളെയും അതിന്റെ സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്ന് കൂടുതൽ വേർതിരിക്കുന്നു.  ലളിതവും വൃത്തിയുള്ളതുമായ രൂപകൽപ്പനയിലായിരിക്കും വാഹനം ഒരുങ്ങുക. മികച്ച എയറോഡൈനാമിക്സിനായി ഒരു അടച്ച ഗ്രില്ലായിരിക്കും വാഹനത്തിന് നല്‍കുക എന്നും ഇലക്ട്രിക്ക് വെഹിക്കിള്‍ ഡോട്ട് ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്. 

Photo Courtesy: Electric Vehicle Web Dot In