കിയയുടെ ഇന്ത്യയിലെ ആദ്യ വാഹനമാണ് സെല്‍റ്റോസ് എസ്‌യുവി. ഈ വാഹനത്തിന്‍റെ ഇലക്ട്രിക് പതിപ്പ് എത്തുമെന്ന് കുറച്ചുകാലമായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അടുത്ത മാസത്തോടെ വാഹനത്തിന്‍റെ നിര്‍മ്മാണം തുടങ്ങും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സെല്‍റ്റോസ് ഇ വി ആദ്യം എത്തുക ചൈനീസ് വിപണിയിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാവും മറ്റു രാജ്യങ്ങളിലേക്ക് എത്തുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ആദ്യ വര്‍ഷം ഇലക്ട്രിക് സെല്‍റ്റോസിന്റെ 1000 യൂണിറ്റ് മാത്രം നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബ്രാൻഡിന്റെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്‌യുവി ആയിരിക്കും സെൽറ്റോസ് ഇവി. കിയയുടെ സഹോദരസ്ഥാപനമായ ഹ്യുണ്ടായിയുടെ ഇലക്ട്രിക് വാഹനം കോനയുമായി കരുത്ത് പങ്കിട്ടായിരിക്കും സെല്‍റ്റോസിന്റെ ഇലക്ട്രിക് പതിപ്പ് എത്തുകയെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.

39.2 കിലോവാട്ട് ബാറ്ററിയും 134 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കുമേകുന്ന മോട്ടോറുമാണ് കോനയുടെ ഹൃദയം. ഇതിനുപുറമെ, 64 കിലോവാട്ട് ബാറ്ററി നല്‍കിയിട്ടുള്ള കോനയും എത്തിയിട്ടുണ്ട്. 201 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഈ പതിപ്പില്‍ നല്‍കിയിട്ടുള്ളത്.  കൂടാതെ 9.7 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ ഇലക്ട്രിക് എഞ്ചിന് കഴിയും. സെൽറ്റോസ് ഇവിക്കായി കാർ നിർമ്മാതാവ് കിയ K3 ഇവി ഇലക്ട്രിക് എഞ്ചിനും ഉപയോഗിച്ചേക്കാം. സെൽറ്റോസിന്റെ ഇലക്ട്രിക് പതിപ്പ് ഒറ്റ ചാർജിൽ 400 കിലോമീറ്റർ മൈലേജ് വാഗ്‌ദാനം ചെയ്യാൻ സാധ്യതയുണ്ട്.

പുതുക്കിയ ഫ്രണ്ട് ബമ്പർ, വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത 17 ഇഞ്ച് അലോയ് വീലുകളും റേഡിയേറ്റർ ഗ്രില്ലിലെയും ഫോഗ് ലാമ്പ് അസംബ്ലിയിലെയും നീല ഹൈലൈറ്റുകളെയും അതിന്റെ സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്ന് കൂടുതൽ വേർതിരിക്കുന്നു.  ലളിതവും വൃത്തിയുള്ളതുമായ രൂപകൽപ്പനയിലായിരിക്കും വാഹനം ഒരുങ്ങുക. മികച്ച എയറോഡൈനാമിക്സിനായി ഒരു അടച്ച ഗ്രില്ലായിരിക്കും വാഹനത്തിന് നല്‍കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്.